നിയമസഭയില്‍ വെള്ളിയാഴ്ച നടന്ന സംഭവങ്ങളുടെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രണ്ട് പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് വിപ്പും നടത്തിയ പ്രചാരണങ്ങള്‍ പൊളിഞ്ഞു. ജയിംസ് മാത്യുവും ടി വി രാജേഷും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിച്ചെന്നും അക്രമത്തിനിടയില്‍ അവരുടെ തൊപ്പി താഴെ വീണെന്നുമാണ് യുഡിഎഫ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ,അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന ഉന്തും തള്ളും എന്നതില്‍ കവിഞ്ഞ് ഒന്നും നടന്നതായി ദൃശ്യങ്ങളിലില്ല. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആരും ആക്രമിക്കുന്ന രംഗങ്ങളുമില്ല. അക്രമത്തിനിരയായി തൊപ്പി തെറിച്ചെന്നു പറയുന്ന രജനീകുമാരിയുടെ തലയില്‍ ആദ്യംമുതലേ തൊപ്പിയുണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളില്‍നിന്ന് വ്യക്തം. ഇവര്‍ പുരുഷ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പിന്നിലാണ് നില്‍ക്കുന്നത്. സ്പീക്കറോടു സംസാരിക്കാന്‍ ശ്രമിക്കുന്ന അംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് ബലപ്രയോഗത്തിലൂടെ ചെറുക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇതിനിടയിലാണ് രാജേഷിനും ലതികയ്ക്കും പരിക്കേറ്റത്. ലതിക ആ സമയം സംഭവസ്ഥലത്തേ ഉണ്ടായിരുന്നില്ല എന്നാണ് യുഡിഎഫ് പ്രചരിപ്പിച്ചത്. വീഡിയോദൃശ്യങ്ങള്‍ കണ്ട ശേഷവും അവര്‍ ഇതാവര്‍ത്തിച്ചു. എന്നാല്‍ , മുന്നില്‍ത്തന്നെ ലതിക ഉണ്ടെന്ന് വീഡിയോദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ഇതോടെ, ഭരണപക്ഷം അംഗങ്ങള്‍ക്കെതിരെ അപവാദപ്രചാരണം നടത്തിയെന്നു മാത്രമല്ല അംഗങ്ങള്‍ക്കു മര്‍ദനമേറ്റ സംഭവം ശരിയല്ലെന്ന് വരുത്താനും വ്യാജ കഥകള്‍ മെനഞ്ഞെന്ന് വ്യക്തമായി.
കൈയേറ്റം: ആരോപണത്തില്‍നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒഴിഞ്ഞുമാറി
നിയമസഭയില്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ എല്‍ഡിഎഫ് എംഎല്‍എമാര്‍ കൈയേറ്റം ചെയ്തെന്ന ആരോപണത്തിന് മറുപടി പറയാതെ മുഖ്യമന്ത്രിയും മന്ത്രിമാരും ഒഴിഞ്ഞുമാറി. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ജെയിംസ് മാത്യുവും ടി വി രാജേഷും വനിതാജീവനക്കാരിയെ കൈയേറ്റം ചെയ്തെന്ന ആക്ഷേപമുന്നയിച്ചത്. കൈയേറ്റം സഭയിലെ വീഡിയോ ദൃശ്യങ്ങളിലുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടു. എന്നാല്‍ , തിങ്കളാഴ്ച വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വരംമാറ്റി. തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ മുഖ്യമന്ത്രിയും മാണിയും കുഞ്ഞാലിക്കുട്ടിയും തയ്യാറായില്ല. അത് വേറെ വിഷയമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വീഡിയോ ജനങ്ങള്‍ കാണട്ടെയെന്നുപറഞ്ഞ് ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റം ചെയ്യുന്നതായി വീഡിയോദൃശ്യങ്ങളില്‍ ഇല്ലെന്ന ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്റെ വെളിപ്പെടുത്തലിനെക്കുറിച്ചും മൗനം പാലിച്ചു. വീഡിയോയില്‍ മുഖ്യമന്ത്രി കൈയേറ്റദൃശ്യം കണ്ടോ എന്ന ചോദ്യത്തിനും പ്രതികരണമുണ്ടായില്ല. ജെയിംസ് മാത്യുവിനെയും ടി വി രാജേഷിനെയും സസ്പെന്‍ഡ് ചെയ്തത് തിങ്കളാഴ്ചത്തെ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. വെള്ളിയാഴ്ചയുണ്ടായ സംഭവങ്ങളുടെപേരില്‍ കടുത്ത നടപടി വേണമെന്നായിരുന്നു യുഡിഎഫ് നിലപാട്. എന്നാല്‍ , തങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്നും ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ റൂളിങ് നല്‍കുമ്പോള്‍ അച്ചടക്കലംഘനം കാണിച്ചതിനാണ് സസ്പെന്‍ഷനെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കര്‍ സംസാരിച്ച ഉടന്‍ സസ്പെന്‍ഷന്‍ സംബന്ധിച്ച് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അത് താന്‍ സീറ്റിലിരുന്ന് എഴുതിയതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. സഭയില്‍ സത്യപ്രഹം നടത്തുന്നതുമായി ബന്ധപ്പെട്ട നടപടി കാത്തിരുന്നുകാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംഎല്‍എമാരെ പുറത്താക്കണം: സ്പീക്കറുടെ ഫാക്സില്‍നിന്ന് മഹിളാ കോണ്‍ . പ്രസ്താവന
പ്രതിപക്ഷ എംഎല്‍എമാരെ നിയമസഭയില്‍നിന്ന് പുറത്താക്കണമെന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഫാക്സില്‍നിന്ന്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ പ്രസ്താവനയാണ് തിങ്കളാഴ്ച സ്പീക്കറുടെ ഔദ്യോഗിക ഫാക്സുവഴി തലസ്ഥാനത്തെ മാധ്യമങ്ങളിലെത്തിയത്. എംഎല്‍എമാരായ ടി വി രാജേഷിനെയും ജയിംസ് മാത്യുവിനെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ ബിന്ദു കൃഷ്ണ നടത്തിയ പ്രസംഗമാണ് ഫാക്സ് ചെയ്തത്. പ്രസ്താവനയിലുടനീളം എംഎല്‍എമാര്‍ക്കെതിരെ മോശമായ പരാമര്‍ശങ്ങളാണുള്ളത്. എംഎല്‍എമാര്‍ സമൂഹത്തിന് അപമാനമാണെന്നുവരെ സ്പീക്കറുടെ ഓഫീസില്‍നിന്ന് അയച്ച ഫാക്സില്‍ പറയുന്നു. മഹിളാ കോണ്‍ഗ്രസിന്റെ ലെറ്റര്‍പാഡിലുള്ള പ്രസ്താവന സ്പീക്കറുടെ ഓഫീസിലെ 0471 2512131 എന്ന നമ്പരില്‍നിന്നാണ് ഫാക്സ് ചെയ്തത്. എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസ് പോഷകസംഘടനയുടെ പ്രസ്താവന അയച്ചത് ചിലര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെതുടര്‍ന്ന് സംഭവം രഹസ്യമാക്കി വയ്ക്കാന്‍ സ്പീക്കറുടെ ഓഫീസ്തന്നെ നേരിട്ടിറങ്ങി. നിയമസഭാ സ്പീക്കറുടെ ഓഫീസ്, രാഷ്ട്രീയത്തിനതീതമായിരിക്കണമെന്നാണ് ചട്ടം. എംഎല്‍എമാര്‍ക്ക് സംരക്ഷണം നല്‍കേണ്ട സ്പീക്കറുടെ ഓഫീസാണ്, അവര്‍ക്കെതിരെയുള്ള ഗൂഢാലോചനയ്ക്കും പ്രസ്താവന തയ്യാറാക്കലിനും വേദിയാക്കിയത്.
സസ്പെന്‍ഷന്‍ മുമ്പേ ആസൂത്രണം ചെയ്തു; സഭയില്‍ നാടകീയസംഭവങ്ങള്‍
വെള്ളിയാഴ്ച നിയമസഭയിലുണ്ടായ സംഭവങ്ങളുടെ പേരില്‍ തിങ്കളാഴ്ച അരങ്ങേറിയത് യുഡിഎഫ് ആസൂത്രണംചെയ്ത നാടകമെന്ന് വ്യക്തമായി. എംഎല്‍എമാരായ ജയിംസ് മാത്യുവും ടി വി രാജേഷും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റം ചെയ്തുവെന്ന നുണക്കഥകള്‍ പൊളിഞ്ഞതിനെതുടര്‍ന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അരങ്ങേറിയത്. വെള്ളിയാഴ്ച വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ത്തന്നെ എംഎല്‍എമാര്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയേറ്റം ചെയ്തിട്ടില്ലെന്ന് വ്യക്തമായിരുന്നു. എന്നിട്ടും കഴിഞ്ഞ മൂന്നു ദിവസവും യുഡിഎഫ് നുണ ആവര്‍ത്തിച്ചു. തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് വിപ്പും സഭയ്ക്കുപുറത്ത് അപവാദപ്രചാരണം നടത്തിയത് അംഗങ്ങളുടെ അവകാശലംഘനമാണെന്നുകാണിച്ച് ജയിംസ് മാത്യുവും ടി വി രാജേഷും സ്പീക്കര്‍ക്ക് കത്ത് നല്‍കിയതോടെ ഭരണപക്ഷം വെട്ടിലായി. തിങ്കളാഴ്ച രാവിലെ 7.45 ആകുമ്പോഴേക്കും നിയമസഭ സജീവമായിരുന്നു. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ സമയത്തിനുതന്നെ സഭയിലെത്തി. മാധ്യമപ്രവര്‍ത്തകരും എട്ടു മണിക്കുമുമ്പ് സഭയിലെത്തി. പ്രതിപക്ഷ കക്ഷി നേതാക്കളും ഭരണപക്ഷ നേതാക്കളും വെവ്വേറെ യോഗം ചേര്‍ന്നു. കൃത്യം എട്ടു മണിക്ക് നിയമസഭയുടെ കാര്യോപദേശകസമിതി യോഗം ആരംഭിച്ചു. എട്ടരയ്ക്ക് ചോദ്യോത്തരവേള തുടങ്ങുന്നതിനുമുമ്പും യോഗം അവസാനിക്കാത്തതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്റെ അധ്യക്ഷതയില്‍ സഭ തുടങ്ങി. ഒമ്പതരയ്ക്ക് ശൂന്യവേള ആരംഭിച്ചപ്പോഴും ചര്‍ച്ച തുടരുകയായിരുന്നു. ഏതാണ്ട് 9.45ന് ചര്‍ച്ച അവസാനിപ്പിച്ച് കക്ഷിനേതാക്കള്‍ പിരിഞ്ഞു. വീണ്ടും ഭരണപക്ഷവും പ്രതിപക്ഷവും വെവ്വേറെ യോഗം ചേര്‍ന്നു. ജയിംസ് മാത്യുവിനെയും രാജേഷിനെയും സസ്പെന്‍ഡ് ചെയ്യണമെന്ന് ഉമ്മന്‍ചാണ്ടി വാശിപിടിച്ചു. ഒരു തെറ്റും ചെയ്യാത്ത എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യാന്‍ അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷം തറപ്പിച്ചുപറഞ്ഞു. എംഎല്‍എമാരെ അവഹേളിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് വിപ്പും പ്രസ്താവന പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. രണ്ടു പക്ഷവും അവരവരുടെ നിലപാടില്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച വഴിമുട്ടി. ഇതിനിടിയില്‍ ജയിംസും രാജേഷും സ്പീക്കര്‍ക്ക് കത്ത് നല്‍കി. തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും നടപടി അവകാശലംഘനമാണെന്നും സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതോടൊപ്പം സ്പീക്കറുടെ പോഡിയത്തിന്റെ നേര്‍ക്ക് വരാനിടയായതില്‍ വിഷമവും അറിയിച്ചു. എന്നാല്‍ , ഈ കത്ത് സ്പീക്കര്‍ സ്വീകരിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷ കക്ഷിനേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയില്‍ ധാരണ വരുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സ്പീക്കര്‍ സഭയിലെത്തി റൂളിങ് നടത്തിയത്. ഇതിന് തൊട്ടുമുമ്പ് ജയിംസും രാജേഷുമായി സ്പീക്കര്‍ സംസാരിച്ചിരുന്നു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ മനപ്പൂര്‍വം ആരെങ്കിലും ആക്രമിച്ചതായി കരുതുന്നില്ലെന്ന് പറഞ്ഞ സ്പീക്കര്‍ , ജയിംസ് മാത്യുവും രാജേഷും ഖേദം പ്രകടിപ്പിച്ചുവെന്നും പറഞ്ഞു. അപ്പോള്‍ത്തന്നെ രണ്ട് എംഎല്‍എമാരും സഭയില്‍ അക്കാര്യം നിഷേധിച്ചു. സ്പീക്കര്‍ റൂളിങ് പൂര്‍ത്തിയാക്കിയ ഉടന്‍ സംസാരിക്കാനുണ്ടെന്ന് മുഖ്യമന്ത്രി ആംഗ്യം കാണിച്ചു. സ്പീക്കര്‍ ക്ഷണിച്ചതനുസരിച്ച് സംസാരിക്കാന്‍ എഴുന്നേറ്റ മുഖ്യമന്ത്രി മുന്‍കൂട്ടി തയ്യാറാക്കിയ സസ്പെന്‍ഷന്‍പ്രമേയം അവതരിപ്പിച്ചു. ഇതോടെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതിഷേധം അറിയിച്ചു. ഭരണപക്ഷനിലപാടില്‍ പ്രതിഷേധിച്ച് സഭയില്‍ സത്യഗ്രഹം തുടങ്ങുകയാണെന്നും അറിയിച്ചു. സത്യഗ്രഹം നടത്തുന്ന അംഗങ്ങള്‍ക്കുനേരെ ആക്രോശിച്ചുകൊണ്ട് മന്ത്രി കെ പി മോഹനന്‍ സഭയുടെ മേശപ്പുറത്ത് കയറി. മന്ത്രി കുഞ്ഞാലിക്കുട്ടി ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. സ്പീക്കറുടെ റൂളിങ്ങിനുശേഷം സസ്പെന്‍ഷന്‍പ്രമേയം അവതരിപ്പിച്ചത് സ്പീക്കറോടുള്ള അവിശ്വാസമാകുമെന്ന് വ്യാഖ്യാനം ഭയന്ന് ഭരണപക്ഷം നിലപാട് മാറ്റി. തിങ്കളാഴ്ച സഭയില്‍ സ്പീക്കര്‍ റൂളിങ് നടത്തുന്നതിനിടെ ആക്രോശിച്ചതിനാണ് സസ്പെന്‍ഷന്‍ എന്ന് മുഖ്യമന്ത്രിയും ചീഫ് വിപ്പും പിന്നീട് അവകാശപ്പെട്ടു. എന്നാല്‍ , മുന്‍കൂട്ടി തയ്യാറാക്കിയ പ്രമേയമായിരുന്നു മുഖ്യമന്ത്രി വായിച്ചത്. അത് ശരിയല്ലെന്നും അംഗങ്ങള്‍ മോശമായി പെരുമാറിയശേഷം സഭയില്‍ ഇരുന്ന് എഴുതിയതാണ് പ്രമേയമെന്നും ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു.
No comments:
Post a Comment