Sep 21, 2020

ലൈഫ് മിഷൻ പദ്ധതി : വിവിധ ഘട്ടങ്ങളും ഗുണഭോക്താക്കളും പദ്ധതി പുരോഗതിയും

ഭവന രഹിതരായ ഏവർക്കും തലചായ്ക്കാൻ വീട് നൽകുക എന്ന ഉദ്ദേശത്തോടു കൂടി ഈ ഇടതുപക്ഷ സർക്കാർ ആരംഭിച്ച സ്വപ്ന പദ്ധതിയാണ് ലൈഫ് മിഷൻ. 

2013ലെ കണക്ക് പ്രകാരം, കേരളത്തിൽ 470000 ഭവനരഹിതർ ഉണ്ട്. കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും ഭൂരഹിത-ഭവനരഹിതര്‍ക്കും ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുക എന്നതാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാപദ്ധതി (ലൈഫ്) യുടെ ലക്‌ഷ്യം. ലൈഫ് പദ്ധതി 3 ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്. ഇപ്പോൾ, ലൈഫ് മിഷന്റെ മൂന്നാം ഘട്ട പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിനോടകം, മൂന്ന് ഘട്ടങ്ങളിലുമായി 226490 (രണ്ട് ലക്ഷം ഇരുപത്തി ആറായിരത്തി നാനൂറ്റിതൊണ്ണൂർ) വീടുകളുടെ നിർമ്മാണം, ഈ സർക്കാർ ലൈഫ് മിഷൻ മുഖേന പൂർത്തിയാക്കി.

ലൈഫ് ഒന്നാം ഘട്ടം : പാതിയിൽ നിർമ്മാണം നിലച്ച ഭവനങ്ങളുടെ നിർമ്മാണ പൂർത്തീകരണം

പല കാരണങ്ങളാലും വീടു പണി പാതിയിൽ വെച്ച് മുടങ്ങിപ്പോയവരുടെ ഭവന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക എന്നതായിരുന്നു ഒന്നാം ഘട്ടത്തിൽ ലൈഫ് മിഷൻ ഏറ്റെടുത്തത്. 2020 ആഗസ്റ്റ് മാസത്തെ കണക്കനുസരിച്ച് 54151 വീടുകളുടെ നിർമ്മാണ പ്രവർത്തനമാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയത്.


ആഗസ്റ്റ് -2020 കണക്ക് പ്രകാരം, 52298 വീടുകളുടെ പണി പൂർത്തിയാക്കുകയും 1103 വീടുകളുടെ പണി പുരോഗമിക്കുകയും ആയിരുന്നു. അതായത്, ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയ വീടുകളുടെ 97% പൂർത്തീകരിച്ചിരുന്നു. 674.58 കോടി രൂപായാണ്, വിവിധ വകുപ്പുകളിലൂടെ ഈ ഘട്ടത്തിൽ ചിലവഴിച്ചത്.


ലൈഫ് രണ്ടാം ഘട്ടം : ഭൂമിയുള്ള ഭവനരഹിതർക്കായുള്ള ഭവന നിർമ്മാണം

സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് വെയ്ക്കുവാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തവർക്ക് വീട് വെച്ച് കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ലൈഫിന്റെ രണ്ടാം ഘട്ടം. ഈ ഘട്ടത്തിൽ 104803 അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി. 2020 ആഗസ്റ്റ് മാസത്തെ കണക്കനുസരിച്ച്, അതിൽ 93% ഗുണഭോഗ്ത്താക്കളുമായി എഗ്രിമെന്റ് വെയ്ക്കുകയും അതിൽ 99% കുടുംബങ്ങളുടെയും ഭവന നിർമ്മാണം ആരംഭിക്കുകയും ചെയ്തു. ഇതിൽ 83% ഗുണഭോക്താക്കളുടെ ഭവന നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. അതായത്, 104803 ഗുണഭോക്താക്കളിൽ 81840 കുടുംബങ്ങളുടെ ഭവന നിർമ്മാണം പൂർത്തിയാക്കി. 

3468 കോടി രൂപായാണ് രണ്ടാം ഘട്ടത്തിൽ ഇതുവരെ ചിലവഴിച്ചത്.


ലൈഫ് മൂന്നാം ഘട്ടം : ഭൂരഹിത-ഭവന രഹിതരുടെ പുനരധിവാസം

സ്വന്തമായി ഭൂമിയും വീടും ഇല്ലാത്താവരുടെ പുന:രധിവാസത്തിനാണ് ലൈഫിന്റെ മൂന്നാം ഘട്ടം. 135769 ഗുണഭോക്താക്കളാണ്, മൂന്നാം ഘട്ടത്തിൽ അർഹത തെളിയിച്ചത്. ഈ ഗുണഭോക്താക്കളിൽ, ഭൂമി കണ്ടെത്തി വരുന്നവരുടെ ഭവന നിർമ്മാണത്തിന് മുൻഗണന നൽകുന്നു. ഈ ഘട്ടത്തിൽ, ഭൂമിയുടെ ലഭ്യതക്കുറവുള്ളതിനാൽ, ഭവന സമുച്ചയങ്ങളാണ് പ്രധാനമായും പണികഴിപ്പിക്കുന്നത്.

101 ഭവന സമുച്ചയങ്ങളാണ് ഈ വർഷം നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നത്.


ലൈഫ് മിഷൻ മുഖേന, ഈ ഇടതുപക്ഷ സർക്കാർ 2020 ആഗസ്റ്റ് വരെ പണി കഴിപ്പിച്ച ഭവനങ്ങളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ :-

https://bit.ly/3cuAo9o

Update on Sep 24: 
മുഖ്യമന്ത്രി പിണറായി വിജയൻ, സെപ്റ്റമ്പർ 24 ന് നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ച 29 ഭവന സമുച്ചയങ്ങുടെ ഡീറ്റൈയിൽഡ് പ്രോജക്റ്റ് വിവരങ്ങൾ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലുണ്ട്. 29 ഭവന സമുച്ചയങ്ങളിലായി 1285 കുടുംബങ്ങൾക്കാണ് ഫ്ളാറ്റുകൾ നിർമ്മിക്കുന്നത്.

https://bit.ly/3i52pFv

ഇനിക്കുറച്ച് രാഷ്ട്രീയ ആരോപണങ്ങളിലേക്ക്...

ലൈഫുമായി ബന്ധപ്പെട്ട വാർത്തകൾ വരുമ്പോൾ, BJP പ്രവർത്തകർ സാധാരണ പ്രചരിപ്പിക്കുന്ന ഒന്നാണ്, ഇത് കേന്ദ്ര പദ്ധതിയാണ് എന്ന്. ഇപ്പോൾ പണിതിരിക്കുന്ന രണ്ടര ലക്ഷത്തോട് അടുത്തുള്ള വീടുകളിൽ അറുപതിനായിരത്തോളം വീടുകളുടെ നിർമ്മാണത്തിന്, കേന്ദ്ര സഹായം ലഭിച്ചിട്ടുണ്ട്. അത് ആരും എവിടെയും മറച്ചുവെച്ചിട്ടുമില്ല. എന്നാൽ ശ്രദ്ധിക്കുക, ഈ അറുപതിനായിരത്തോളം വരുന്ന വീടുകൾ കേന്ദ്ര ഫണ്ടു കൊണ്ട് മാത്രം നിർമ്മിച്ചവയല്ല.

1985 മുതൽ ഇന്ദിരാ ഗാന്ധി ആവാസ് യോജന ആയിരുന്ന ഭവന പദ്ധതി, നരേന്ദ്ര മോഡി അധികാരത്തിൽ വന്നപ്പോൾ പേര് മാറ്റി "പ്രധാനമന്ത്രി ആവാസ് യോജന" ആക്കി. അതിൻ പ്രകാരം, ഗ്രാമപ്രദേശങ്ങളിൽ 72000 രൂപയും നഗര പ്രദേശങ്ങളിൽ 1.5 ലക്ഷം രൂപയുമാണ് ഭവന നിർമ്മാണത്തിന് ലഭിക്കുന്നത്. വീട് ലഭിക്കുന്ന ആൾ, ഗുണഭോഗതവാഹിതമായി 50000 രൂപാ ചെലവഴിക്കണം. എന്നാൽ കേരളത്തിൽ, ഗുണഭോക്ത വിഹിതം നൽകേണ്ടി വന്നില്ല എന്ന് മാത്രമല്ല, ഗ്രാമങ്ങളിൽ 3.25 ലക്ഷം രൂപയും നഗരങ്ങളിൽ 2.5 ലക്ഷം രൂപയും കേരള സർക്കാരിന്റെ ലൈഫ് മിഷൻ മുടക്കി. അങ്ങനെയാണ് ഈ അറുപതിനായിരത്തോളം വീടുകൾ ഈ പട്ടികയിൽ വന്നത്. അതായത്, ആ വീടുകളുടെയും നിർമ്മാണ തുകയുടെ പുതിയിലേറെ തുക മുടക്കുന്നത് കേരളമാണ്.

മറ്റൊരാരോപണം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ഭാഗത്തു നിന്നുമായിരുന്നു. അദ്ദേഹം പറഞ്ഞത്, ഈ രണ്ട് ലക്ഷത്തിൽ പരം വീടുകളിൽ ഒരു ഭാഗം വീടുകൾ ഈ സർക്കാരിന്റെ കാലത്ത് പണി തുടങ്ങിയതല്ല എന്നാണ്. അതെ, അതെരു വാസ്തവം തന്നെയാണ്. ലൈഫ് മിഷന്റെ ഒന്നാം ഘട്ടം, പാതിവഴിയിൽ നിർമ്മാണം നിലച്ച ഭവനങ്ങളുടെ നിർമ്മാണമായിരുന്നു. അതിൽ 2001 മുതൽ പണി തുടങ്ങി മുടങ്ങിപ്പോയ വീടുകൾ ഉണ്ടായിരുന്നു.

ഇനി ഒരു ഓർമ്മപ്പെടുത്തലാണ്...

2016 ഫെബ്രുവരി 24, കഴിഞ്ഞ സർക്കാരിന്റെ അവസാന നാളുകളിലെ ഒരു നിയമസഭാ ദിനം.

നിയമസഭയിൽ അന്ന്, പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷണൻ, നക്ഷത്ര ചിഹ്നമിടുത്ത ചോദ്യം - 3204  - അന്നത്തെ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയോട് ഒരു ചോദ്യം ചോദിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, 5 വർഷത്തിനിടക്ക് എത്ര വീടുകൾ ഭവനരഹിതർക്ക് വെച്ചുകൊടുത്തു എന്നായിരുന്നു ചോദ്യത്തിന്റെ ഉള്ളടക്കം. ശ്രീ.ഉമ്മൻ ചാണ്ടി സഭയിൽ വെച്ച രേഖകൾ പ്രകാരം 3735 വീടുകളായിരുന്നു ആ സർക്കാരിന്റെ കാലത്ത് നിർമ്മിച്ച് നൽകിയിരുന്നത്.

226490 വീടുകൾ (LDF - 4 വർഷം)
       V/S
3735 വീടുകൾ (UDF - 5 വർഷം)

ഇനി, ഇപ്പോൾ വന്നിരിക്കുന്ന വിവാദങ്ങളെക്കുറിച്ചറിയാൻ CLICK HERE 

Written by,

Anish Panthalani
September-21-2020

എന്താണ് ലൈഫ് മിഷൻ വിവാദം?

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വലിയ വിവാദം നടക്കുകയാണല്ലോ. എന്താണ് ലൈഫ് മിഷൻ പദ്ധതിയും, എന്തിനാണ് വിവാദവുമെന്നു മനസ്സിലാക്കാൻ ശ്രമിക്കാം.

കേരളത്തിൽ ഭവനരഹിതരായ എല്ലാവർക്കും വീടു വെച്ചു കൊടുക്കാൻ കേരള സർക്കാർ 2016 ആരംഭിച്ച, കേരള സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയാണ് ലൈഫ് മിഷൻ. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തിൽ മുൻകാലങ്ങളിലെ ഭവനപദ്ധതികളിൽ കൂടെ വീടു നിർമാണം തുടങ്ങിയ, എന്നാൽ പൂർത്തീകരിക്കാൻ സാധിക്കാത്ത വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. രണ്ടാം ഘട്ടത്തിൽ, ഭവനരഹിതരായ എന്നാൽ ഭൂമി സ്വന്തമായുള്ള കുടുംബങ്ങൾക്ക് വീടു നിർമിച്ചു കൊടുക്കുന്ന പദ്ധതിയായിരുന്നു. അവസാനം ലഭ്യമായ കണക്കനുസരിച്ച് ഘട്ടം 83% പൂർത്തിയായി. മൂന്നാമത്തെ ഘട്ടത്തിൽ, ഭൂരഹിതരായവർക്ക് ഫ്ലാറ്റ് നിർമിച്ചു കൊടുക്കുന്ന പദ്ധതിയാണ്. ഇതിലാണ് വടക്കാഞ്ചേരിയിലെ വിവാദമായ ഫ്ലാറ്റ് സമുച്ചയനിർമാണം പെടുന്നത്.

കേരള സർക്കാരിന്റെ തനതു ഫണ്ടിനോടൊപ്പം കേന്ദ്രപദ്ധതികൾക്കായി വകയിരുത്തിരിക്കുന്ന ഫണ്ടും ഇതുവരെ പദ്ധതിക്കായി വകയിരുത്തിരുന്നു. മൂന്നാം ഘട്ടം മുതൽ, സർക്കാരേതര ഏജൻസികളുടെ പങ്കാളിത്തവും ലൈഫ് മിഷനായി പ്രയോജനപ്പെടുത്തുന്നുണ്ട്. ലൈഫ് മിഷൻ അടുത്തവർഷം പൂർത്തീകരിക്കുമ്പോൾ ഭവനരഹിതരില്ലാത്ത ലോകത്തിലെ ആദ്യ ജനവിഭാഗമായി മലയാളികൾ മാറും.

1. ലൈഫ് പദ്ധതിയുടെ ലക്ഷ്യം എന്ത്?

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും ഭൂരഹിത-ഭവനരഹിതര്‍ക്കും ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുക എന്നതാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാപദ്ധതി (ലൈഫ്) യുടെ ലക്‌ഷ്യം.

2ആരൊക്കെയാണ് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കള്‍?

  • ഭൂമിയുള്ള ഭവനരഹിതര്‍
  • ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍/ വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍
  • പുറമ്പോക്കിലോ, തീരദേശമേഖലയിലോ, തോട്ടം മേഖലയിലോ താത്ക്കാലിക ഭവനം ഉള്ളവര്‍
  • ഭൂരഹിത-ഭവനരഹിതര്‍
    എന്നിവരാണ് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കള്

3. എങ്ങനെയാണ് വിവാദം തുടങ്ങുന്നത്?

സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ UAE കോൺസുലേറ്റ് മുൻ-ഉദ്യോഗസ്ഥ NIAക്ക് നൽകിയ ഒരു മൊഴിയുടെ അടിസ്ഥാനത്തിലാണ് വിവാദം തുടങ്ങുന്നത്. അവരുടെ അക്കൗണ്ടിൽ കണ്ട ഒരു തുകയുടെ ഉറവിടം ലൈഫ് മിഷനുമായി ബന്ധപ്പെട്ട് UAEയുടെ ചാരിറ്റി സംഘടനയായ റെഡ് ക്രെസെന്റ് നിർമിച്ചു നൽകാനുദ്ദേശിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ കരാറുമായി ബന്ധപ്പെട്ട് അവർക്ക് ലഭിച്ച കൈക്കൂലിയാണ് എന്നായിരുന്നു മൊഴി. എങ്കിലും NIAയുടെ തുടരന്വേഷണത്തിൽ ഇവർ പറഞ്ഞത് കളവാണെന്ന് തെളിഞ്ഞിരുന്നു.

എന്നാൽ, സ്വർണക്കള്ളത്തിൽ സർക്കാരിനെ ബന്ധപ്പെടുത്താൻ പ്രതിപക്ഷം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, അവർ കള്ളമൊഴിയിൽ പിടിച്ചു തൂങ്ങി. മലയാളികളുടെ അഭിമാനപദ്ധതിയായ ലൈഫ് മിഷനെതിരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തിത്തുടങ്ങി. കള്ളമൊഴി എന്തായിരുന്നുവെന്ന് വഴിയേ വിശദീകരിക്കാം.

4. എങ്ങനെയാണ് റെഡ് ക്രെസെന്റ് കേരളത്തിന്റെ ലൈഫ് മിഷനിൽ ഭാഗഭാക്കായത്?

കേരളത്തിലെ പ്രളയപുനഃനിർമാണത്തിന്റെ സമയത്താണ് ഇന്ത്യയുടെ, വിശിഷ്യാ കേരളവുമായി ആഴത്തിൽ ബന്ധമുള്ള സുഹൃദ്രാജ്യമായ UAEയുടെ ചാരിറ്റി സംഘടനയായ റെഡ് ക്രെസെന്റ് സംസ്ഥാനത്തെ സഹായിക്കാനായി മുന്നോട്ടു വരുന്നത്. എന്നാൽ, ചില സാങ്കേതികകാരണങ്ങളാൽ അന്ന് സഹായം നൽകാൻ സാധിച്ചിരുന്നില്ല. അങ്ങനെയാണ് ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തിൽ സഹായവാഗ്ദാനം നടപ്പിലാക്കാനായി അവർ മുന്നോട്ടു വന്നത്.

5. എങ്ങനെയാണ് റെഡ് ക്രെസെന്റ് പദ്ധതി നിർവഹിക്കാൻ ഉദ്ദേശിച്ചിരുന്നത്?

സർക്കാർ സ്ഥലം നൽകിയാൽ ലൈഫ് മിഷൻ ഫ്‌ലാറ്റ് സമുച്ചയം നിർമാണവും, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള ആശുപത്രിയും 21 കോടി രൂപ ചെലവഴിച്ച് സംസ്ഥാനത്തിനായി നിർമിച്ചു തരുമെന്നായിരുന്നു റെഡ് ക്രെസെന്റിന്റെ വാഗ്ദാനം. അതിനായുള്ള ചെലവ് റെഡ് ക്രെസെന്റ് മുഖാന്തിരം ലഭ്യമാക്കുമെന്നും ധാരണയായി. ധാരണപ്രകാരം പദ്ധതിപ്രവർത്തനങ്ങൾക്കായുള്ള കരാർ ആർക്കു കൊടുക്കുമെന്നതും റെഡ് ക്രെസെന്റിന്റെ ഉത്തരവാദിത്തമായിരിക്കും.

6. ഇങ്ങനെ ഒരു ബാഹ്യ ഏജൻസി നിർമാണപ്രവർത്തനം നടത്തുമ്പോൾ ഗുണനിലവാരമെങ്ങനെ ഉറപ്പു വരുത്തും?

ഇങ്ങനെ ഒരു സർക്കാരേതര ഏജൻസി ലൈഫ് മിഷനു വേണ്ടി ഫ്‌ലാറ്റ് സമുച്ചയം നിർമിക്കുമ്പോൾ, അത് സർക്കാർ അംഗീകാരം നൽകുന്ന രൂപരേഖയ്ക്കനുസരിച്ചായിരിക്കണമെന്ന നിബന്ധന സർക്കാർ വെച്ചിട്ടുണ്ട്. ഇങ്ങനെയാണ് സർക്കാർ നിഷ്‌കർഷിക്കുന്ന ഗുണനിലവാരം ഫ്‌ലാറ്റുകൾക്കുണ്ടാകുമെന്ന് ഉറപ്പു വരുത്തുന്നത്.

7. ഇനിയെങ്കിലും പറയൂ. എന്തായിരുന്നു കോൺസുലേറ്റ് മുൻ-ഉദ്യോഗസ്ഥയുടെ കള്ളമൊഴി?

യൂണിടാക്ക് എന്ന കമ്പനിക്കാണ് റെഡ് ക്രെസെന്റ് കരാർ നൽകിയത്. കരാർ നൽകിയത് യൂണിടാക്ക് കമ്പനി റെഡ് ക്രെസെന്റിന് കോഴ നൽകിയത് മൂലമാണെന്നും, അതിന്റെ ഒരു പങ്കാണ് തന്റെ അക്കൗണ്ടിലെ ഒരു കോടി രൂപയെന്നുമാണ് കോൺസുലേറ്റ് മുൻ-ഉദ്യോഗസ്ഥ NIAക്ക് നൽകിയ കള്ളമൊഴി. കള്ളമൊഴിയുടെ അടിസ്ഥാനത്തിൽ ലൈഫ് മിഷൻ മൊത്തത്തിൽ അഴിമതിയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

8. സർക്കാർ കോഴ ആരോപണം സംബന്ധിച്ച് എന്തെങ്കിലുമൊക്കെ അന്വേഷണങ്ങൾ നടത്തുന്നുണ്ടോ?

ഇതു കള്ളമൊഴിയാണെന്ന് ആദ്യമേ പറഞ്ഞല്ലോ. ഇനി വാസ്തവമായിരുന്നുവെങ്കിൽ തന്നെ, ഇങ്ങനെ കോഴ കൊടുക്കേണ്ടി വന്നതായി യൂണിടാക് കമ്പനി തെളിവ് സഹിതം പരാതി നൽകിയാൽ മാത്രമേ സർക്കാർ സംവിധാനങ്ങൾക്ക് (സംസ്ഥാനമായാലും കേന്ദ്രമായാലും) എന്തെങ്കിലും രീതിയിലുള്ള അന്വേഷണം തുടങ്ങാൻ സാധിക്കുകയുള്ളൂ. ഇങ്ങനെയൊരു ഇടപാട് നടന്നുവെന്നതിനെ സംബന്ധിച്ച് കോൺക്രീറ്റായ തെളിവുകൾ നൽകാൻ പ്രതിപക്ഷമോ, മറ്റേതെങ്കിലും ഏജൻസികളോ ഇതുവരെയും തയ്യാറായിട്ടില്ല. ചുരുക്കത്തിൽ ഇതൊരു അനാവശ്യവിവാദമാണ്.

9. അപ്പോൾ, ആരോപണം ശരിയാണെങ്കിൽ, പ്രതിപക്ഷം പറയുന്നതു പോലെ സർക്കാർ നിരപരാധിയല്ലെന്നല്ലേ?

റെഡ് ക്രെസെന്റ് ആയിട്ടുള്ള ഇടപാടിൽ ഇനി യൂണിടെക്ൾ കോഴ കൊടുത്തിട്ടുണ്ടെങ്കിൽ തന്നെ:
കേരളസർക്കാരല്ല കോഴ കൊടുത്തത്,
കേരളസർക്കാരിനല്ല കോഴ കൊടുത്തത്,
കേരളസർക്കാരിന്റെ അറിവോടെയുമല്ല കോഴ ഇടപാട് നടന്നിരിക്കുന്നത്.

കേരളസർക്കാർ നിരപരാധിയാണോ അല്ലയോ എന്ന്, വസ്തുനിഷ്ഠമായി നിങ്ങൾ തന്നെ വിലയിരുത്തൂ.

10. അതു പോട്ടേ. ലൈഫ് മിഷൻ പദ്ധതി ഇപ്പോൾ ഏതു വരെയായി?

ലൈഫ് മിഷന്റെ ഭാഗമായി കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധിയനവധി ഭവനരഹിതർക്കായി ഭവനങ്ങൾ നിർമിച്ചുകൊടുക്കുന്ന പദ്ധതി സർക്കാരിന്റെ ഇച്ഛാശക്തിയാൽ അതിവേഗത്തിൽ തന്നെ പുരോഗമിക്കുന്നുണ്ട്. ലൈഫ് മിഷന്റെ ഓഗസ്റ്റ് മാസത്തിലെ പ്രോഗ്രസ്സ് റിപ്പോർട് അവരുടെ വെബ് സൈറ്റിലുണ്ട് (https://lifemission.kerala.gov.in/ml). അങ്ങേയറ്റം സുതാര്യമാണ് ലൈഫ് മിഷന്റെ പ്രവർത്തനങ്ങൾ എന്ന് വെബ്സൈറ്റ് സന്ദർശിച്ചാൽ ബോധ്യമാകും. എന്നിട്ടും ബോധ്യം വന്നില്ലെങ്കിൽ, നിങ്ങളുടെ പ്രദേശത്തെ ലൈഫ് മിഷൻ നിർമാണപ്രവർത്തനങ്ങൾ നേരിട്ടവലോകനം ചെയ്ത് അതുറപ്പുവരുത്താവുന്നതാണ്. അതു സംബന്ധിച്ച വിവരങ്ങളും വെബ് സൈറ്റിലുണ്ട്.

11. അനാവശ്യവിവാദം കൊണ്ട് ആർക്കാണ് ലാഭം?

പ്രതിപക്ഷം ഉണ്ടാക്കിയ അനാവശ്യവിവാദം കാരണം വടക്കാഞ്ചെരി മണ്ഡലത്തിലെ കിടപ്പാടമില്ലാതെ കഷ്ടപ്പെടുന്ന ഇരുന്നോറോളം കുടുംബങ്ങൾക്ക് മാത്രമാണ് നഷ്ടം. ഒപ്പം, ഇത്തരത്തിൽ സംസ്ഥാനത്തെ സർക്കാർ പദ്ധതികളുമായി സഹകരിക്കാൻ ആലോചിക്കുന്ന മറ്റു സ്വകാര്യസംരംഭകരും ഒന്ന് പകയ്ക്കും. ചുരുക്കത്തിൽ, പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ ജനങ്ങൾ മാത്രമാണ് പ്രതിപക്ഷത്തിന്റെ അനാവശ്യവിവാദം കൊണ്ട് വലയുന്നത്.

മാത്രവുമല്ല, ഇങ്ങനെയുള്ള അനാവശ്യവിവാദം മൂലം ഭാവിയിൽ ഇത്തരത്തിൽ സർക്കാരേതര ഏജൻസികൾ ലൈഫ് മിഷനുമായി സഹകരിക്കാൻ വിമുഖത പ്രകടിപ്പിക്കും. മലയാളികൾക്ക് അഭിമാനമാകുവാൻ 
പോകുന്ന മറ്റൊരു പദ്ധതി പൂർണമാകുന്നത് വൈകും. പൊതുവിൽ മലയാളികൾക്കും നഷ്ടമാണ് അനാവശ്യവിവാദം ഉണ്ടാക്കുന്നത്.

ഒന്നോർത്തു നോക്കൂ, non-issueവിന്റെ പേരിൽ നടത്തപ്പെടുന്ന സമരങ്ങൾ അമ്പേ പരാജയപ്പെട്ടാലും പ്രതിപക്ഷനേതാക്കൾക്കോ എം.എൽ.ഏമാർക്കോ ഒന്നും നഷ്ടപ്പെടുന്നില്ല. അവർ വളരെയെളുപ്പം വിഷയം മറന്നിട്ട് അടുത്തതിൽ പിടിക്കും. നഷ്ടം ആകെ സംഭവിക്കുന്നത് ഇന്നാട്ടിലെ പാവപ്പെട്ടവർക്കും, തെരുവിൽ അനാവശ്യസമരം ചെയ്തു കോവിഡ് പരത്തുന്ന പ്രതിപക്ഷ അണികളുടെ കുടുംബങ്ങൾക്കുമാണ്.

12. ആർക്കും ലാഭമില്ലെങ്കിൽ പിന്നെ എന്തിനാണീ അനാവശ്യവിവാദം?

കേരളചരിത്രത്തിലാദ്യമായി, സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകുമെന്ന ഏഷ്യാനെറ്റ് ന്യൂസ് സർവേ വന്നതിനു ശേഷമാണ് പ്രതിപക്ഷം രീതിയിൽ പരിഭ്രാന്തി പൂണ്ട് അനാവശ്യവിവാദങ്ങളുണ്ടാക്കി തുടങ്ങുന്നത്. അങ്ങേയറ്റം ദരിദ്രരായ ജനവിഭാഗങ്ങൾക്ക് പ്രയോജനപ്പെടുന്ന പ്രവർത്തങ്ങൾ മുടക്കിയായാലും, സർക്കാരിന്റെ ഭരണത്തുടർച്ച ഇല്ലാതെയാക്കാമെന്നു വ്യാമോഹമാണ് പ്രതിപക്ഷത്തിന്റെ പരിഭ്രാന്തിക്കു പിന്നിൽ

Source: deshabhimani.com