Jan 19, 2022

Grama One: Republic Day launch for Karnataka’s middlemen-free govt services centres

Written by Sebin A Jacob

2022 ജനുവരി 17 തിങ്കളാഴ്ച ദ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ ഓൺലൈൻ പതിപ്പിൽ വായിച്ച ഒരു വാർത്തയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. വാർത്തയുടെ തലവാചകം ഇങ്ങനെ:

“Grama One: Republic Day launch for Karnataka’s middlemen-free govt services centres”
ആകെ 31 ജില്ലകളുള്ള കർണാടകത്തിൽ ബാംഗ്ലൂരിനു പുറത്തുള്ള 12 ജില്ലകളിലെ ഗ്രാമീണ മേഖലയിൽ ഇതാദ്യമായി സർക്കാർ സേവനങ്ങൾ ഡിജിറ്റലായി ലഭ്യമാക്കുന്ന ഗ്രാമ വൺ എന്ന ജനസേവന കേന്ദ്രങ്ങൾ തുടങ്ങുന്നതിനെ കുറിച്ചാണ് വാർത്ത. ബാംഗ്ലൂരിലെ ബാംഗ്ലൂർ വൺ, കർണാടക വൺ എന്നീ പേരുകളിലുള്ള നാഗരിക ജനസേവന കേന്ദ്രങ്ങളുടെ മാതൃകയിലാണ് ഈ ഗ്രാമീണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. പുതിയ പദ്ധതി പ്രകാരം 12 ജില്ലകളിലായി മൂവായിരം ഗ്രാമ വൺ സർവീസ് സെന്റർ സ്ഥാപിക്കും എന്ന് വാർത്ത പറയുന്നു. സംസ്ഥാനത്തിന്റെ അഭിമാനപദ്ധതി എന്നാണ് പത്രവാർത്തയിലെ വിശേഷണം. 

ഇനി പലരും പറയുന്ന വികസനവിരോധികളുടെ കേരളത്തിലേക്ക്. 

ഇന്ത്യയിൽ ആദ്യമായി ഐടി പാർക്ക് സ്ഥാപിതമായത് 1990 നവംബർ 18൹ തിരുവനന്തപുരം ടെക്നോപാർക്ക്. അന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് ഇ. കെ. നായനാർ. 

ഇന്ത്യയിൽ ആദ്യമായി വിവിധ സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ഫ്രണ്ട്സ് ജനസേവന കേന്ദ്രം (Fast, Reliable, Instant, Efficient Network for Disbursement of Services) തുറന്നത് 2000 ജൂണിൽ തിരുവനന്തപുരം സാഫല്യം കോംപ്ലക്സിൽ. അന്നും കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് ഇ. കെ. നായനാർ. 

കേരളത്തിൽ C-DIT സ്ഥാപിക്കുന്നതും പിന്നീട് C-DIT വിഭജിച്ച് Information Kerala Mission (IKM) സ്ഥാപിക്കുന്നതും ഐകെഎമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്പ്യൂട്ടറൈസേഷനു തുടക്കമിടുന്നതും കേരള സ്റ്റേറ്റ് ഐടി മിഷൻ സ്ഥാപിക്കുന്നതും ഐടി മിഷന്റെ നേതൃത്വത്തിൽ സ്കൂളുകളിൽ ഉബുണ്ടു അധിഷ്ഠിതമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകിത്തുടങ്ങുന്നതും ഐസിഫോസ് സ്ഥാപിക്കുന്നതും ഡേറ്റാ സെന്റർ തുടങ്ങുന്നതും ഒക്കെ ഇടതുപക്ഷ സർക്കാരുകളുടെ കാലത്താണ്. അതൊക്കെ തത്ക്കാലം നിൽക്കട്ടെ. 

എല്ലാ ഗവ. ഡിപ്പാർട്മെന്റുകളിലെയും കമ്പ്യൂട്ടറൈസേഷൻ പൂർത്തീകരിക്കുന്നതിനു മുമ്പാണ് ഫ്രണ്ട്സ് തുടങ്ങുന്നത്. ഇരുപതു കൗണ്ടറുകളുമായി തുടങ്ങിയ ഈ സെന്ററിൽ കേരള സർവ്വകലാശാലയിൽ ഒടുക്കാനുള്ള ചെല്ലാൻ, ജല അഥോറിറ്റി, കെഎസ്ഇബി തുടങ്ങിയ ഇടങ്ങളിലെ ബിൽ തുക, ബിഎസ്എൻഎൽ ഫോണിന്റെ ബിൽ തുക, ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ, നഗരസഭയിൽ കെട്ടേണ്ട കരം തുടങ്ങി പലവിധ സേവനങ്ങൾ ആദ്യം തന്നെ ലഭ്യമായിരുന്നു. അതായത്, ഐടി ഇൻഫ്രാ മൊത്തത്തിൽ ബിൽഡ് ചെയ്തു വരുന്നതിനുള്ള കാലതാമസം കണക്കിലെടുക്കാതെ Front-end first approach ആണ് ഫ്രണ്ട്സ് എടുത്തത്. 2001, 2002 വർഷങ്ങളിലായി കേരളത്തിലെ 14 ജില്ലകളിലും ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങൾ തുറന്നു. നായനാർ സർക്കാരിന്റെ കാലത്ത് തുടങ്ങിവച്ച പ്രക്രിയയുടെ സ്വഭാവിക തുടർച്ചയായിരുന്നു അത്. 

ആ സർക്കാർ ആരംഭിച്ച ഐടി മിഷൻ വിഭാവനം ചെയ്ത മറ്റൊരു പദ്ധതിയായിരുന്നു, തുടർന്നുവന്ന യുഡിഎഫ് സർക്കാർ ഏറ്റെടുത്ത് മലപ്പുറത്ത് ആരംഭിച്ച അക്ഷയ പദ്ധതി. എൽഡിഎഫ് ഗവൺമെന്റിന്റെ കാലത്ത് ഐടി മിഷന്റെ തലപ്പത്തേക്കു വന്ന അൻവർ സാദത്തിനെ പദവിയിൽ നിലനിർത്തിയാണ് വകുപ്പ് കൈവശം വച്ചിരുന്ന മുസ്ലീം ലീഗ് ഈ നേട്ടം കൈവരിച്ചത്. 

(സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ ഇപ്പോഴൊരുപക്ഷെ പരസ്യമായി സമ്മതിക്കാൻ വിമുഖത ഉണ്ടാകാമെങ്കിലും കേരളത്തിൽ - ഒരുപക്ഷെ ഇന്ത്യയിൽ തന്നെ - ആദ്യമായി ഒരു വിദ്യാർത്ഥി സംഘടനയ്ക്ക് വെബ്സൈറ്റ് ഉണ്ടാക്കുന്നത് ഇതേ അൻവർ സാദത്ത് എംടെക് വിദ്യാർത്ഥിയായിരിക്കുമ്പോഴാണ്. അന്ന് യാഹൂ ജിയോസിറ്റീസ് എന്ന സൗജന്യസേവനമാണ് അതിനായി ഉപയോഗിച്ചത്. സംഘടനയുടെ പേര് ഞാൻ പറയുന്നില്ല.) 

2002ലാണ് അക്ഷയ തുടങ്ങുന്നത്. ഐടി പരിശീലനം നൽകുക എന്നതായിരുന്നു അക്ഷയ വഴി ലക്ഷ്യമിട്ടിരുന്നത് എങ്കിലും വളരെ താമസിയാതെ തന്നെ ഒരു സമ്പൂർണ്ണ സിറ്റിസൺ സർവീസ് സെന്ററായി അക്ഷയ പരിവർത്തിക്കുന്നതാണ് തുടർന്നുള്ള പതിറ്റാണ്ടിൽ (യുഡിഎഫ്, എൽഡിഎഫ് ഭരണകാലയളവുകളിൽ) കണ്ടത്. ഇന്നിപ്പോൾ 2700-ലധികം അക്ഷയ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. 255ലേറെ സേവനങ്ങൾ അതിലൂടെ ലഭ്യമാണ്. ഇഗവേണൻസ് രംഗത്ത് 15ലേറെ അവാർഡുകളാണ് അക്ഷയ നേടിയത്. 

അതേ സമയം കർണാടകത്തിൽ 2005 ഏപ്രിൽ 2നാണ് ആദ്യത്തെ ബാംഗ്ലൂർ വൺ ജനസേവന കേന്ദ്രം തുറന്നത്. അത് അതിനോടകം ഇന്ത്യയുടെ സിലിക്കൺവാലിയായി അറിയപ്പെട്ടിരുന്ന ബാംഗ്ലൂർ നഗരത്തിൽ. സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കർണാടകത്തിലെ 17 നഗരങ്ങളിലായി അത്തരം 146 സെന്ററുകളും 32 സ്വകാര്യ ഫ്രാഞ്ചൈസികളുമാണ് ആകെയുള്ളത്. നഗരങ്ങൾക്കു പുറത്ത് ആദ്യമായി കർണാടകത്തിൽ ജനസേവന കേന്ദ്രങ്ങൾ ആരംഭിക്കുന്നത് ഗ്രാമ വണ്ണിന്റെ പൈലറ്റ് എന്ന നിലയിൽ ദാവനഗരെ ജില്ലയിൽ കഴിഞ്ഞകൊല്ലം നവംബറിൽ. ഇവിടെ ലഭ്യമാകുന്ന സേവനങ്ങളുടെ എണ്ണം 100.  

കേരളത്തിലാവട്ടെ, ഇപ്പോഴിതാ കെഫോൺ എന്ന ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് പൂർത്തീകരണത്തോട് അടുക്കുന്നു. കെ-ഡിസ്ക്, സ്റ്റാർട് അപ് മിഷൻ തുടങ്ങിയ സംവിധാനങ്ങൾ പുറമേ. 

കേരളം വേറെ ലെവലാണ് മക്കളെ… 
അപ്പോ പറ, കമ്യൂണിസ്റ്റുകാർ കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തു. അവരാണ് കേരളത്തെ പിന്നോട്ടു നയിച്ചത്. കമ്യൂണിസ്റ്റ് ഭരണം വന്നില്ലായിരുന്നെങ്കിൽ കേരളം ഒക്കെ ബാംഗ്ലൂരിനെ പോലെ വികസിച്ചേനെ. അങ്ങനെയല്ലേ, മനോരമേ?

https://indianexpress.com/article/cities/bangalore/grama-one-republic-day-launch-for-karnatakas-middlemen-free-govt-services-centres-7728471/

No comments:

Post a Comment