Feb 22, 2021

കേന്ദ്ര സർക്കാർ ചുമത്തുന്ന നികുതിയുടെ 41 % സംസ്ഥാന സർക്കാരിനാണോ കിട്ടുന്നത്?

പമ്പുകളിൽ പെട്രോൾ വില നിർണ്ണയിക്കുന്നതെങ്ങനെ?

എഴുത്ത്: ദീപക് പാച്ച

പമ്പുകളിൽ ഈടാക്കുന്ന പെട്രോൾ/ഡീസൽ വില മനസ്സിലാക്കുന്നതിനു വിതരണത്തിനായി പമ്പുകളിൽ എത്തുന്നതിനു മുന്നേ പെട്രോൾ ഉൽപ്പാദനം കടന്നു പോകുന്ന ഘട്ടങ്ങളെ കുറിച്ച് മനസ്സിലാക്കണം.അത് ചുരുക്കത്തിൽ ഇങ്ങനെയാണ്. 

1. അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നും സർക്കാർ ഏജൻസികൾ ക്രൂഡ് ഓയിൽ വാങ്ങുന്നു

2.  ക്രൂഡ് ഓയിൽ കപ്പൽ വഴി ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിൽ എത്തിക്കുന്നു

3. തുറമുഖങ്ങളിൽ നിന്നും ക്രൂഡ് ഓയിൽ റിഫൈനറികളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു

4. റിഫൈനറികൾ ക്രൂഡ് ഓയിലിൽ നിന്നും പെട്രോളിയം ഉൽപ്പന്നങ്ങൾ വേർതിരിച്ചു എടുക്കുന്നു

5. റിഫൈനറികളിൽ നിന്നും ഇത് ഡീലർമാരുടെ വിവിധ പെട്രോൾ പമ്പുകളിലേക്ക് എത്തിക്കുന്നു.

അന്താരാഷ്ട്ര മാർക്കറ്റിലെ ക്രൂഡ് ഓയിൽ വിലയും അത് നമുക്ക് ഉപയോഗിക്കാൻ പാകത്തിൽ നമ്മുടെ പെട്രോൾ പമ്പുകളിൽ എത്തുന്നതിനു മുൻപുള്ള മേൽപറഞ്ഞ ഓരോ ഘട്ടത്തിലും പങ്കാളികളാകുന്ന ഏജൻസികളുടെ ഉൽപ്പാദന ചിലവും ലാഭവും പിന്നെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതിയും ചേർന്നതാണ് നമുക്ക് ലഭിക്കുന്ന പെട്രോളിന്റെ/ഡീസലിന്റെ വില.

ക്രൂഡ് ഓയിലിൽ നിന്നും നമുക്ക് ഏതാണ്ട് 1500 ഓളം ഉൽപ്പന്നങ്ങൾ വേർരിച്ചെടുക്കാം. ഇന്ത്യൻ കമ്പനികൾ തന്നെ 150 ഓളം ഉൽപ്പന്നങ്ങൾ വേർതിരിക്കുന്നുണ്ട് എന്നാണ് പറയുന്നത്. ഒരു ബാരൽ ക്രൂഡിൽ നിന്നും വിവിധ ഉൽപ്പന്നങ്ങൾ വേർതിരിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഓരോ ഉൽപ്പന്നങ്ങളുടെയും അളവ് വ്യത്യസ്തമാണ്. ഇത് ക്രൂഡിന്റെ ഗുണമേന്മ അനുസരിച്ചു മാറുകയും ചെയ്യും.  ഇന്ത്യൻ ഓയിൽ കമ്പനികൾ ഒരു ബാരൽ ക്രൂഡ് ഓയിലിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഉൽപ്പന്നങ്ങളുടെ കൃത്യമായ അളവ് ലഭ്യമല്ല. നമുക്ക് ലഭ്യമായ വിവരം അനുസരിച്ചു അമേരിക്കൻ ഓയിൽ കമ്പനികൾ ഒരു ബാരൽ ക്രൂഡ് ഓയിലിൽ നിന്നും (159 ലിറ്റർ)  ഏകദേശം  70-75  ലിറ്റർ പെട്രോളും 35-45   ലിറ്റർ ഡീസലുമാണ് ശുദ്ധീകരിച്ചെടുക്കുക.

ഒരു കാര്യം വ്യക്തമാണ്, ഒരു ലിറ്റർ ക്രൂഡ് ഓയിലിൽ നിന്നും നമുക്ക് ഒരിക്കലും ഒരു ലിറ്റർ പെട്രോൾ ലഭ്യമാകില്ല. അതുകൊണ്ട് പല കണക്കുകളിലും കാണും പോലെ ഇന്ത്യൻ മാർക്കറ്റ് അനുസരിച്ചുള്ള ഒരു ലിറ്റർ ക്രൂഡ് ഓയിലിന്റെ വില പെട്രോളിന്റെയും ഡീസലിന്റെയും വില നിർണ്ണയിക്കുന്നതിൽ അടിസ്ഥാന വിലയായി കണക്കാക്കുന്നത് ശരിയല്ല. പക്ഷെ റിഫൈനറികളിൽ എത്തുന്ന ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച്‌ , അതിന്റെ യാത്ര ചിലവും ലാഭവും എല്ലാം കൂട്ടി എണ്ണ ഉൽപ്പാദന കമ്പനികൾ പെട്രോൾ/ ഡീസൽ ഡീലർമാർക്ക് കൊടുക്കുന്ന വില നമുക്ക് അറിയാം. അതിനെ അടിസ്ഥാന വിലയായി കണക്കാക്കാം. 2021 ജനുവരി 1 ലെ ഡൽഹിയിലെ പെട്രോൾ/ഡീസൽ വില പ്രകാരം നമുക്കീ കണക്ക് വിശദമായി ഒന്ന് പരിശോധിക്കാം.

അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നും ക്രൂഡ് ഓയിൽ ഇന്ത്യൻ റിഫൈനറികളിൽ എത്തിച്ചു ശുദ്ധീകരിച്ചു എണ്ണ കമ്പനികൾ ഒരു ലിറ്റർ പെട്രോൾ    27 രൂപ 70   പൈസ എന്ന നിരക്കിൽ പെട്രോൾ പമ്പുകൾക്ക് കൊടുക്കുമ്പോൾ അത് ഉപഭോക്താക്കൾക്ക് കിട്ടുന്നത് 83 രൂപ 70 പൈസയ്ക്കാണ്. റിഫൈനറികളിൽ നിന്നും പെട്രോൾ പമ്പുകളിലേക്ക് എത്തുമ്പോൾ വില കൂടുന്നതെങ്ങനെ എന്ന് വിശദമാക്കുന്നതാണ് പട്ടിക 2 ലെ കണക്കുകൾ.

മേപ്പറഞ്ഞ പട്ടികയിൽ കേന്ദ്ര സർക്കാർ ഈടാക്കുന്ന നികുതി രാജ്യത്ത് എല്ലായിടത്തും ഒരുപോലെയാണ്, പക്ഷെ സംസ്ഥാന സർക്കാരുകളുടെ നികുതി (VAT) ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ് (മേൽകൊടുത്ത ഉദാഹരണത്തിൽ ഡൽഹിയിലെ കണക്കാണ്). അതുകൊണ്ടാണ് പല നഗരങ്ങളിലും പെട്രോൾ ഡീസൽ വിലയിൽ നേരിയ വ്യത്യാസം ഉള്ളത്.  

ക്രൂഡ് ഓയിൽ വില ഇത്രയും കുറവാണ് എന്നിരിക്കെ എങ്ങനെയാണ് പെട്രോൾ പമ്പുകളിൽ ഇന്ധനങ്ങൾക്ക് തീ വിലയാകുന്നത് എന്ന് ഇപ്പോൾ മനസ്സിലായല്ലോ. ഒരു ലിറ്റർ ക്രൂഡ് ഓയിലിന്റെ വിലയേക്കാൾ കൂടുതലാണ് അതിനു കേന്ദ്ര സർക്കാർ ഈടാക്കുന്ന നികുതി എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.


മോദിഭരണത്തിൽ പെട്രോൾ വിലക്ക് എന്താണ് സംഭവിച്ചത്?

ഇന്ധന വില വർദ്ധനവ് ആയിരുന്നു കഴിഞ്ഞ യു.പി.എ. സർക്കാരിനെതിരെ ബി.ജെ.പി. ഉയർത്തിയ പ്രധാന വിമർശനങ്ങളിൽ ഒന്ന്. അധികാരത്തിൽ എത്തിയാൽ കുറഞ്ഞ വിലയിൽ പെട്രോളും ഡീസലും ലഭ്യമാക്കുമെന്ന് ബി.ജെ.പി. നേതാക്കളെല്ലാം അക്കാലത്തു പ്രസംഗിച്ചതുമാണ്.

2014 മെയ് മാസത്തിൽ മോദി അധികാരത്തിൽ വരുമ്പോൾ തലസ്ഥാന നഗരിയായ ഡൽഹിയിലെ പെട്രോൾ വില 71.5 രൂപയും ഡീസൽ വില 57.3 രൂപയുമായിരുന്നു. ഈ കുറിപ്പ് എഴുതുന്ന  2021 ഫെബ്രുവരി 16 ൽ ഡൽഹയിലെ പെട്രോൾ വില 89.3 രൂപയും ഡീസൽ വില 79.35 രൂപയുമാണ്. ഏഴുവർത്തിനുള്ളിൽ പെട്രോളിയം പോലെയൊരു നിത്യോപയോഗ സാധനത്തിന്റെ വിലയിൽ ഇത്രയും വലിയ വർദ്ധനവ് എന്നത് താങ്ങാൻ ആവാത്തതാണ്. പക്ഷേ കേന്ദ്ര സർക്കാരിന്റെ ചൂഷണം ബോധ്യപ്പെടണമെങ്കിൽ ഈ കാലയളവിൽ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വിലയിൽ എന്ത് വ്യത്യാസം വന്നു എന്ന് കൂടി പരിശോധിക്കണം.

കഴിഞ്ഞ പത്ത് വർഷക്കാലത്തെ ക്രൂഡ് ഓയിലിന്റെ വർഷാരംഭത്തിലെ വിലയാണ് പട്ടിക 3 ൽ കൊടുത്തിരിക്കുന്നത്. അതായത് 2014 ൽ മോദി അധികാരത്തിൽ വരും മുൻപ് ഒരു ലിറ്റർ ക്രൂഡ് ഓയിലിന് 0.6  USD ആയിരുന്നു വിലയെങ്കിൽ  ഇന്ന്   0.3 USD മാത്രമാണ് ക്രൂഡ് ഓയിൽ വില. അതായത് മോദിക്കാലത്ത് അന്താരാഷ്ട്ര ക്രൂഡ് വില ഏതാണ്ട് പകുതിയായി. പക്ഷെ പെട്രോൾ വില കുറഞ്ഞില്ല എന്ന് മാത്രമല്ല ഗണ്യമായി കൂട്ടുകയും ചെയ്തു. ഒരു കേന്ദ്രമന്ത്രിയുടെ പരിഹാസ്യമായ പ്രസ്താവന പോലെ അന്താരാഷ്ട്ര മാർക്കറ്റിലെ കുറവിന്റെ ഒരു നിശ്ചിത ശതമാനമാണ് കേന്ദ്ര സർക്കാർ കൂട്ടിക്കൊണ്ടിരിക്കുന്നത്.

2014 ൽ മോദി അധികാരത്തിൽ വന്നതിനു ശേഷം പെട്രോളിയം ഉൽപ്പന്നങ്ങളുടെ കേന്ദ്ര സംസ്ഥാന നികുതിയിൽ ഉണ്ടായ വർദ്ധനവാണ് പട്ടിക 4 ൽ. കേന്ദ്ര നികുതി കഴിഞ്ഞ ഏഴു കൊല്ലം കൊണ്ട് മൂന്നര ഇരട്ടിയായായാണ് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചിരിക്കുന്നത്.


സംസ്ഥാന സർക്കാരുകൾക്ക് നികുതി കുറച്ചു കൂടെ എന്ന് കേന്ദ്ര സർക്കാരിന്റെ ഈ തീവെട്ടിക്കൊള്ളയെ മറച്ചു പിടിക്കാൻ ചിലരൊക്കെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. GST നിലവിൽ വന്നതിനു ശേഷം സംസ്ഥാന സർക്കാരുകൾക്കുള്ള നേരിട്ടുള്ള ചുരുക്കം നികുതി വരുമാനങ്ങളിൽ ഒന്നാണ് പെട്രോളിന്റെ മുകളിലെ VAT. സംസ്ഥാന സർക്കാരുകൾക്ക് അർഹതപ്പെട്ട GST വിഹിതം പോലും കൃത്യമായി കൊടുക്കാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാരുള്ളപ്പോൾ ഈ നികുതി വരുമാനം കൂടി ഇല്ലാതാക്കുക എന്നത് സംസ്ഥാനങ്ങളെ സംബന്ധിച്ച് വലിയ ബാധ്യതയാകും. കൂടാതെ സംസ്ഥാന VAT അടിസ്ഥാന വിലയുടെ നിശ്ചിത ശതമാനമാണ്. കേന്ദ്ര സർക്കാർ അവരുടെ നികുതി കുറച്ചാൽ സ്വാഭാവികമായും VAT ഉം കുറയും. അതിനു അവർ തയ്യാറല്ല എന്നതാണ് പ്രശ്‌നം. 

കേന്ദ്ര നികുതിയുടെ 41 % സംസ്ഥാന സർക്കാരിനല്ലേ കിട്ടുന്നത്?

കേന്ദ്രം അമിതമായി ഈടാക്കുന്ന എക്സൈസ് നികുതിയുടെ (മുകളിലെ കണക്കിൽ 32 രൂപ) 41  %, അതായത് ഏകദേശം 13  രൂപ സംസ്ഥാന സർക്കാരുകൾക്കാണ് എന്നാണ് ഒരു കൂട്ടർ പ്രചരിപ്പിക്കുന്ന ഇപ്പോഴത്തെ നുണ.  15 മത് ഫിനാൻസ് കമ്മീഷൻ നിർദ്ദേശ പ്രകാരം കേന്ദ്ര നികുതിയുടെ 41% സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്ന നിർദ്ദേശമുണ്ട്. ഇതിന്റെ ചുവടു പിടിച്ചാണ് ഈ നുണ പ്രചാരണം. പക്ഷേ ആ നിർദ്ദേശപ്രകാരം സ്‌പെഷ്യൽ സെസ്സ് / Additional Excersie duty ഒഴികെയുള്ള കേന്ദ്ര നികുതിയുടെ 41% മാത്രമേ സംസ്ഥാനങ്ങൾക്ക് പങ്കിട്ടു കൊടുക്കേണ്ടതുള്ളൂ. അപ്പോൾ കേന്ദ്രം ഈടാക്കുന്ന ഈ 32 രൂപയിൽ എത്രയാണ് സെസ്സിലും Additional Excersie duty യിലും വരുന്നത്?

ഇക്കാര്യം മനസ്സിലാക്കാൻ Petroleum Planning & Analysis Cell ന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള പട്ടിക 5 നോക്കിയാൽ മതി. അതായത് കേന്ദ്ര നികുതിയിൽ 18 രൂപ Road and infrastructure Cess ഉം, 11  രൂപ  Special Additional Excise Duty യും 2.5 രൂപ Agriculture Infrastructure & Development Cess (AIDC) മാണ്. അതിൽ സംസ്ഥാന സർക്കാരുകൾക്ക് അവകാശമില്ല. അതായത് 32  രൂപയിൽ ഒരു രൂപ നാല്പത്  പൈസമാത്രമാണ് സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകേണ്ടത്. ഇതിന്റെ 41% മാണ് സംസ്ഥാനങ്ങൾക്ക് കിട്ടുക. കേന്ദ്ര സർക്കാർ അടുത്ത കാലത്ത് ഗണ്യമായി കൂട്ടി കൊണ്ടിരിക്കുന്നത് സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകേണ്ടാത്ത സെസ്സാണ് എന്ന് മനസ്സിലാക്കണം.


ഇവിടെ തീർന്നില്ല, മറ്റൊരു പ്രധാനപ്പെട്ട വസ്തുത, സെസ്സ് കഴിച്ചുള്ള കേന്ദ്ര നികുതിയുടെ ഈ 41  % എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായോ അവരുടെ പെട്രോൾ ഉപഭോഗത്തിന്റെ തോതനുസരിച്ചോ അല്ല വിതരണം ചെയ്യുന്നത്. അത് വിതരണം ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങളും ഫിനാൻസ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. പതിനഞ്ചാം ഫിനാൻസ് കമ്മീഷൻ പ്രകാരം അതിങ്ങനെയാണ് (i) 45% for the income distance, (ii) 15% for the population in 2011, (iii) 15% for the area, (iv) 10% for forest and ecology, (v) 12.5% for demographic performance, and (vi) 2.5% for tax effort.

ഇതുപ്രകാരം ഓരോ സംസ്ഥാനത്തിനും കിട്ടുന്ന വിഹിതമാണ്  പട്ടിക 6 ൽ കൊടുത്തിരിക്കുന്നത് . കേന്ദ്രം  പിരിക്കുന്ന നികുതിയിൽ നിന്നും സെസ്സ്കുറിച്ചുള്ള തുകയുടെ 41% സംസ്ഥാനങ്ങൾക്ക് വീതിക്കുമ്പോൾ നമ്മുടെ കേരളത്തിന് അതിൽ നിന്നും കിട്ടുന്നത് 0.8%മാണ്. അതായത് ഒരു ലിറ്റർ പെട്രോളിന് കേന്ദ്രം 32രൂപ പിരിക്കുമ്പോൾ മേൽ സൂചിപ്പിച്ചത് പോലെ അതിൽ സംസ്ഥാന സർക്കാരുകൾക്ക് അവകാശപ്പെട്ട 1.4 രൂപയിൽ കേരളത്തിന് ലഭിക്കുക 1 പൈസയാണ്. ഈ കണക്കിലാണ് ചിലർ വെള്ളം ചേർത്ത് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തേക്കാൾ വരുമാനം കിട്ടുന്നു എന്ന് നുണപറയുന്നത്.


നമ്മുടെ അയൽ രാജ്യങ്ങളിൽ പെട്രോളിന് എന്താണ് വില?

ലോകത്തെ മറ്റു രാജ്യങ്ങളിലെ പെട്രോൾ വിലയുമായി നമ്മുടെ വിലയെ താരതമ്യം ചെയ്യുന്നതിൽ ചെറിയ യുക്തിരാഹിത്യമുണ്ട്. വെനുസ്വലയിൽ ഒരു ലിറ്റർ പെട്രോളിന് നമ്മുടെ ഒന്നര രൂപ മാത്രമേ ഉള്ളൂ. ആ രാജ്യത്ത് അത്രയ്ക്കും എണ്ണ ശേഖരമുണ്ട്. പക്ഷെ നമ്മുടേത് പോലെ ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്ന നമ്മുടെ അയൽ രാജ്യങ്ങളിലെ പെട്രോൾ വിലയുമായി താരതമ്യം ചെയ്യുന്നത് നമ്മുടെ സർക്കാർ ചുമത്തുന്ന നികുതിയുടെ വലിപ്പം മനസ്സിലാക്കാൻ സഹായിക്കും. statisticstimes.com എന്ന വെബ്‌സൈറ്റ് പ്രകാരം 2020 ഡിസംബർ 17 അനുസരിച്ചുള്ള നമ്മുടെ അയൽ രാജ്യങ്ങളുടെ പെട്രോൾ വില ഇന്ത്യൻ രൂപയിൽ എത്രയാണ് എന്നതാണ് പട്ടിക 7 ൽ കൊടുത്തിരിക്കുന്നത്.  നമ്മുടെ രാജ്യത്തെക്കാൾ മോശം സാമ്പത്തിക സ്ഥിതിയുള്ള അയൽ രാജ്യങ്ങളിൽ പലതും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള ചൈനയും പെട്രോളിന് നമ്മുടെ രാജ്യത്തെക്കാൾ കുറഞ്ഞ വിലയാണ് ഈടാക്കുന്നത്.

(2020 ലെ കണക്ക് പ്രകാരം നമ്മുടെ പ്രതിശീർഷ വരുമാനം (Per Capita Income) 1333 ഡോളറാണ്. ചൈനയുടേത് 10839 ഡോളറും)


സർക്കാർ എന്തിനാണ് ഇങ്ങനെ പെട്രോൾ വില കൂട്ടുന്നത്?

രണ്ടുവിധത്തിലാണ് പെട്രോള്‍ വില വര്‍ദ്ധനവില്‍ സാധാരണക്കാരെ സര്‍ക്കാരും എണ്ണകമ്പനികളും ചേര്‍ന്ന് ചൂഷണം ചെയ്യുന്നത്.

 1) അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടായ ഇടിവിന്‍റെ മെച്ചം ഉപഭോക്താക്കള്‍ക്ക് കൈമാറാത്തവിധം വില നിര്‍ണ്ണയാധികാരം എണ്ണക്കമ്പനികള്‍ ദുരുപയോഗം ചെയ്യുന്നു

2) അതെ സമയം സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും മേലുള്ള നികുതിയും കുത്തനെ കൂട്ടുന്നു.

(ഉദാഹരണത്തിന് ക്രൂഡ് ഓയിലിന് ബാരലിന് 100 ഡോളര്‍ ഉള്ളപ്പോള്‍ എണ്ണക്കമ്പനികള്‍ പമ്പുകള്‍ക്ക് പെട്രോള്‍ നല്‍കിയത് ലിറ്ററിന് 25 രൂപ എന്ന നിരക്കിലും കേന്ദ്ര സര്‍ക്കാര്‍ ഈടാക്കിയ നികുതി 20 രൂപയും ആയിരുന്നെങ്കില്‍ ക്രൂഡ് ഓയിലിന്‍റെ വില  50 ഡോളര്‍ ആയി കുറയുമ്പോഴും എണ്ണകമ്പനികള്‍ പമ്പുകള്‍ക്ക് നല്‍കിയിരുന്ന വില തത്തുല്യമായി കുറക്കുന്നില്ല. സര്‍ക്കാര്‍ ആണെങ്കില്‍ നികുതി 30 രൂപയാക്കി കൂട്ടുകയും ചെയ്യുന്നു)

പെട്രോളിന്റെ നികുതി കുത്തനെ കൂട്ടിയ ഈ കാലയളവിൽ കോർപറേറ്റുകളുടെ നികുതി കുത്തനെ കുറക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചത്. 2019 സെപ്തംബറിൽ നേരത്തെ 30 % ആയിരുന്ന കോർപറേറ്റ് കമ്പനികളുടെ നികുതി 22% ആക്കി സർക്കാർ ചുരുക്കി. കോർപ്പറേറ്റ് നികുതി 8 % കുറച്ചത് വഴി സർക്കാർ ഖജനാവിലേക്ക് എത്തേണ്ട അതിസമ്പന്നരുടെ കോടിക്കണക്കിനു രൂപയാണ് സർക്കാർ തള്ളിക്കളഞ്ഞത്.. കോർപറേറ്റുകളിൽ നിന്നും Direct Tax വഴി പിരിച്ചെടുക്കേണ്ട നികുതിയിൽ ഇളവ് നൽകുക വഴി ഉണ്ടാകുന്ന വരുമാനത്തിലെ കുറവ് സർക്കാർ നികത്തുന്നത് സാധാരണക്കാരുടെ മേലുള്ള Indirect Tax കൂട്ടുക വഴിയാണ്. ഈ Indirect Tax വരുമാനം കൂട്ടുന്നതിനുവേണ്ടിയാണ് പെട്രോളിന്റെ മുകളിൽ അമിത നികുതി കേന്ദ്ര സർക്കാർ ചുമത്തുന്നത്.


2019–20 കാലയളവിൽ direct tax ൽ നിന്നുള്ള വരുമാനം GDP യുടെ 5.2% ആയിരുന്നത് 2020–21 കാലയളവിൽ അത് 4.7% ആയി കുറഞ്ഞു. അതെ സമയം ഈ കാലയളവിൽ indirect tax ൽ നിന്നുള്ള വരുമാനം GDP യുടെ 4.7% ൽ നിന്നും 5.1% ശതമാനമായി വർദ്ധിച്ചു. (.. the share of direct taxes has fallen from 5.2% of the GDP in 2019–20 to 4.7% in 2020–21, while that of indirect taxes has increased from 4.7% in 2019–20 to 5.1% in 2020–21, Vol. 56, Issue No. 6, 06 Feb, 2021, EPW).

സർക്കാരിന്റെ ബഡ്ജറ്റ് രേഖകൾ പ്രകാരം മോദിയുടെ ഒന്നാം സർക്കാർ അഞ്ചു വർഷങ്ങൾ കൊണ്ട് കോർപറേറ്റുകൾക്ക് നികുതി ഇളവ് നൽകിയത് 4.32 ലക്ഷം കോടി രൂപയാണ്. 2014-15 ൽ കോർപറേറ്റ് നികുതിയിളവ്   65,067 കോടി രൂപയായിരുന്നെങ്കിൽ 2018-19 ൽ അതിൽ 1.09 ലക്ഷം കോടി രൂപയാക്കി വർദ്ധിപ്പിച്ചു. അതായത് ശരാശരി കേന്ദ്ര സർക്കാർ നികുതി വരുമാനത്തിന്റെ 7.6% മാണ് അതി സമ്പന്നർക്ക് ഇളവ് നൽകിയത്.

ഇതിന്റെ വലിപ്പം മനസ്സിലാക്കാൻ ചില കണക്കുകൾ കൂടി പറയാം. തൊഴിലുറപ്പ് പദ്ധതിക്കായി സർക്കാർ 2019-20 വർഷത്തിൽ നീക്കി വച്ചത് 60,000 കോടി രൂപയും mid-day meal പദ്ധതിക്കായി 11,000 കോടി രൂപയുമാണ്. സ്ക്കൂൾ വിദ്യാഭ്യാസത്തിനായി 56,537 കോടിയും ആരോഗ്യ-കുടുംബ പരിപാലനത്തിനായി 62,659 കോടി രൂപയും ഉന്നത വിദ്യാഭ്യാസത്തിനായി 38,317 കോടി രൂപയും മാറ്റി വച്ച വർഷം അതെ സർക്കാരാണ് അതിന്റെ എത്രയോ മടങ്ങു രാജ്യത്തെ ചെറു ന്യൂനപക്ഷം വരുന്ന സമ്പന്നർക്ക് ഇളവ് ചെയ്തു കൊടുക്കുന്നത്.


No comments:

Post a Comment