Pages

Sep 18, 2026

പുതുസവർക്കർ നിർമ്മിതി: ചരിത്രത്തിന്റെ വളച്ചൊടിക്കലുകളും വസ്തുതകളും

 



ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിന്ന് തീർത്തും മാറ്റിനിർത്തപ്പെട്ട അല്ലെങ്കിൽ വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ച വ്യക്തിത്വങ്ങളെ വിഗ്രഹവൽക്കരിക്കാനും, അതിലൂടെ തങ്ങളുടെ രാഷ്ട്രീയ അജണ്ട സ്ഥാപിച്ചെടുക്കാനും സംഘപരിവാർ ശക്തികൾ നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും വലിയ ഉദാഹരണമാണ് "പുതുസവർക്കർ നിർമ്മിതി". സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും, അതിൽ പങ്കാളികളാകാതെ മാറിനിൽക്കുകയും ചെയ്ത ചരിത്രമുള്ളവർ, വി.ഡി. സവർക്കറെ ഒരു "വീരപുരുഷനായി" (Veer Savarkar) പുനഃപ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നത് ബോധപൂർവ്വമായ ഒരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ്.

സ്വാതന്ത്ര്യസമരവും സംഘപരിവാർ നിലപാടും

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ആർ.എസ്.എസ്സിലോ സംഘപരിവാർ പ്രസ്ഥാനങ്ങളിലോ ഉള്ളവർ യാതൊരു പങ്കും വഹിച്ചിരുന്നില്ല. എന്ന് മാത്രമല്ല, ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അവർ തങ്ങളുടെ അണികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

എനർജി ദുർവ്യയം ചെയ്യരുതെന്ന ആഹ്വാനം: 

ബ്രിട്ടീഷുകാർക്കെതിരെ പോരാടി നമ്മുടെ ആരോഗ്യവും എനർജിയും നഷ്ടപ്പെടുത്തരുത് എന്നാണ് അവരുടെ നേതാക്കൾ അന്ന് അണികളെ ഉപദേശിച്ചത്.  ബ്രിട്ടീഷ് ഭരണാധികാരികൾക്ക് പകരം മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകാർ എന്നിവരെയാണ് അവർ രാജ്യത്തിന്റെ "ആന്തരിക ശത്രുക്കളായി" പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യസമരത്തിന് പകരം വിഭാഗങ്ങൾക്കെതിരെ പോരാടുവാനാണ് അവർ ആഹ്വാനം ചെയ്തത്.

Madhav Sadashivrao Golwalkar, widely known as "Guruji," was the second and longest-serving chief (Sarsanghchalak) of the Rashtriya Swayamsevak Sangh (RSS) from 1940 until 1973

2002- തുടങ്ങിയ 'പുതുസവർക്കർ' നിർമ്മിതി

സ്വാതന്ത്ര്യസമരത്തിൽ സ്വന്തമായി ഉയർത്തിക്കാട്ടാൻ ഒരു നായകനില്ലാത്ത ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും അടിയന്തിര ആവശ്യമായിരുന്നു സവർക്കറെ നായകനാക്കുക എന്നത്

  • പോർട്ട് ബ്ലെയർ എയർപോർട്ട് (2002): എൻ.ഡി.. ഭരണകാലത്ത്, 2002- ആൻഡമാൻ പോർട്ട് ബ്ലെയറിലെ എയർപോർട്ടിന് "വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളം" എന്ന് പേരുനൽകിക്കൊണ്ടാണ് വ്യാജ ചരിത്രനിർമ്മിതിക്ക് ഔദ്യോഗികമായി വേഗത കൂട്ടിയത്

  • പാർലമെന്റിലെ ഛായാചിത്രം: മഹാത്മാഗാന്ധിയെ വധിച്ച കേസിൽ ആരോപണവിധേയനായി പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന സവർക്കറുടെ ചിത്രം, പാർലമെന്റിലെ സെൻട്രൽ ഹാളിൽ ഗാന്ധിജിയുടെ ചിത്രത്തിന് തൊട്ടുമുന്നിൽ തന്നെ അനാച്ഛാദനം ചെയ്യുന്ന സാഹചര്യവുമുണ്ടായി.

റിയൽ സവർക്കർ ആരായിരുന്നു? ചരിത്രകാരന്മാരും സഹതടവുകാരും സാക്ഷ്യപ്പെടുത്തുന്നത്

ചരിത്രകാരനായ പ്രൊഫ. ബിപൻ ചന്ദ്ര, ചരിത്രകാരൻ ഷംസുൽ ഇസ്ലാം, സഹതടവുകാരായ വിപ്ലവകാരികൾ എന്നിവരുടെ സാക്ഷ്യപ്പെടുത്തലുകളിൽ നിന്ന് യഥാർത്ഥ സവർക്കറുടെ ചിത്രങ്ങൾ വ്യക്തമാകുന്നു:

സവർക്കറുടെ മാപ്പപേക്ഷകൾ / ദയാഹർജികൾ

മറ്റ് ഇന്ത്യൻ സ്വതാന്ത്യസമരക്കാർ, കാലാപാനി ജയിലിൽ കിടന്നും ബ്രിട്ടീഷുകാർക്കെതിരെ പോരാടിയപ്പോൾ, സവാർക്കർ ബ്രിട്ടീഷ് അധികാരികൾക്ക് മാപ്പ് എഴുതിക്കൊടുത്ത് ജയിൽ മോചിതനാകാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. 6 തവണ പലഘട്ടഅളിലായി മാപ്പെഴുതിക്കൊടുത്ത സവർക്കർ, തന്നെ സ്വതന്ത്ര്യമാക്കിയാൽ, താൻ ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ദാസനായി നിന്ന്കൊണ്ട്, ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യുന്ന വിപ്ലവകാരികളുടെ മനസ്സുമാറ്റാൻ പ്രവർത്തിക്കാം എന്നുവരെ വാഗ്ദാനം നടത്തി.

    • ആൻഡമാനിലെത്തി വെറും രണ്ടുമാസം പിന്നിട്ടപ്പോഴേക്കും (1911 ഓഗസ്റ്റ് 30) സവർക്കർ തന്റെ ആദ്യ മാപ്പപേക്ഷ സമർപ്പിച്ചു
    • 1913 നവംബറിൽ ബ്രിട്ടീഷ് ഹോം മെമ്പർ റെജിനാൾഡ് ക്രാഡോക്കിന് നൽകിയ കത്തിൽ, തന്നെ ബ്രിട്ടീഷ് ഗവൺമെന്റ് എന്ന "പിതാവിന്റെ അടുക്കലേക്ക് മടങ്ങിയെത്തുന്ന വഴിപിഴച്ച മകനായി" (Prodigal son) കാണണമെന്ന് അദ്ദേഹം യാചിച്ചു

    • തനിക്ക് മോചനം നൽകിയാൽ ബ്രിട്ടീഷ് വിരുദ്ധ പാതയിൽ നിന്ന് വിപ്ലവകാരികളെ പിന്തിരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് 1913, 1914, 1917, 1920 വർഷങ്ങളിൽ ഉൾപ്പെടെ 6 മാപ്പപേക്ഷകൾ സമർപ്പിച്ചു.
    • ക്രാഡോക്കിന്റെ നിരീക്ഷണവും ആർ.സി. മജുംദാറിന്റെ വെളിപ്പെടുത്തലും: ആർ.സി. മജുംദാർ തന്റെ Penal Settlement in Andamans എന്ന പുസ്തകത്തിൽ സവർക്കറുടെ അപേക്ഷകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രാഡോക്ക് പരിശോധിച്ച 5 ഹർജികളിൽ ഒന്ന് സവർക്കറുടേതായിരുന്നു. അത് കേവലം ഒരു ഹർജിയല്ല, മറിച്ച് വ്യക്തമായ മാപ്പപേക്ഷ (Petition for mercy) ആണെന്ന് ക്രാഡോക്ക് രേഖപ്പെടുത്തി. തനിക്കെതിരെയുള്ള സമ്മർദ്ദം മൂലമാണ് ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ പോരാടിയതെന്നും, താൻ മാറിയെന്നും സവർക്കർ അവകാശപ്പെട്ടു.

മാപ്പപേക്ഷയുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും ചരിത്ര വസ്തുതകളും

വാദം 1: ജയിലിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ മാത്രമാണ് സവർക്കർ അപേക്ഷ നൽകിയത്.

  • ചരിത്ര വസ്തുത: പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ അടയ്ക്കപ്പെട്ട് മാസങ്ങൾക്കകം, 1911 ഓഗസ്റ്റ് 30-നാണ് സവർക്കർ തന്റെ ആദ്യ ദയാഹർജി നൽകുന്നത്.
  • 1913 നവംബർ 14-ന് നൽകിയ രണ്ടാമത്തെ ദയാഹർജിയിൽ, 1911- താൻ സമർപ്പിച്ച ദയാഹർജി പരിഗണിക്കണമെന്ന് അദ്ദേഹം ബ്രിട്ടീഷ് ഭരണാധികാരികളോട് ആവശ്യപ്പെടുന്നുണ്ട്.
  • ഹർജിയിൽ ബ്രിട്ടീഷ് സർക്കാരിനോട് പൂർണ്ണ വിശ്വസ്തത വാഗ്ദാനം ചെയ്തുകൊണ്ട്, സർക്കാരിന് ആവശ്യമുള്ള ഏത് രീതിയിലും സേവനം ചെയ്യാൻ തയ്യാറാണെന്നും, വഴിതെറ്റിപ്പോയ ഒരു മകൻ തിരികെ വരുന്നത് പോലെയാണ് താനെന്നും സവർക്കർ കുറിച്ചു. കൂടാതെ വിപ്ലവപാതയിലുള്ള യുവാക്കളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ തനിക്ക് കഴിയുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

വാദം 2: ദയാഹർജി അയക്കാൻ സവർക്കറോട് ഉപദേശിച്ചത് മഹാത്മാ ഗാന്ധിയാണ്.

  • ചരിത്ര വസ്തുത: സവർക്കർ തന്റെ ആദ്യ രണ്ട് ദയാഹർജികളും അയക്കുന്നത് 1911-ലും 1913-ലുമാണ്.
  • എന്നാൽ ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായിരുന്ന മഹാത്മാ ഗാന്ധി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത് 1915 ജനുവരി 9-നാണ് (സവർക്കർ ആദ്യ ഹർജി നൽകി 4 വർഷങ്ങൾക്ക് ശേഷം). അതിനാൽ ഗാന്ധിയുടെ ഉപദേശപ്രകാരമാണ് സവർക്കർ ഹർജി നൽകിയതെന്ന വാദം ചരിത്രപരമായി തെറ്റാണ്

സഹതടവുകാരോടുള്ള നിലപാട്: 

ആൻഡമാനിലെ ബംഗാളി വിപ്ലവകാരിയായ ത്രൈലോക്യ നാഥ് ചക്രവർത്തിയുടെ ആത്മകഥയിൽ വ്യക്തമാക്കുന്നത്, സവർക്കർ മറ്റ് തടവുകാരെ പട്ടിണി സമരത്തിന് (Hunger strike) പ്രേരിപ്പിച്ചുവെങ്കിലും അദ്ദേഹം പോരാട്ടത്തിൽ പങ്കുചേർന്നില്ല എന്നാണ്. വിശ്വനാഥ് മാഥൂർ സവർക്കറെ വിശേഷിപ്പിച്ചത് "വിപ്ലവകാരിയായി ചിത്രീകരിക്കപ്പെടുന്ന ഭീരു" എന്നാണ്.

ഗാന്ധിയും സവർക്കറും തമ്മിലുള്ള ആശയപരമായ വൈരുധ്യം:

  • ആശയപരമായ വ്യത്യാസം: ഗാന്ധിയുടെയും സവർക്കറുടെയും രാഷ്ട്രീയ കാഴ്ചപ്പാടുകളും പ്രവർത്തന രീതികളും പൂർണ്ണമായും വിപരീത ദിശയിലുള്ളതായിരുന്നു.
  • വ്യക്തിപരമായ എതിർപ്പ്: സവർക്കർക്ക് ഗാന്ധിയോട് കടുത്ത വ്യക്തിപരമായ വിദ്വേഷവും എതിർപ്പുമുണ്ടായിരുന്നുവെന്നും 1909 മുതൽ തന്നെ അദ്ദേഹം ഗാന്ധിയെ പരസ്യമായി വിമർശിച്ചിരുന്നുവെന്നും ചരിത്രകാരനായ രാമചന്ദ്ര ഗുഹ വ്യക്തമാക്കുന്നുണ്ട്

ഏറ്റവും കൂടുതൽ നാൾ ജയിൽവാസം അനുഭവിച്ചത് സവർക്കറാണോ?

സംഘപരിവാർ പ്രചരിപ്പിക്കുന്ന മറ്റൊരു കാര്യമാണ്, സമാർക്കറാണ് ഏറ്റവും കൂടുതൽ നാൾ ജയിൽവാസം അനുഭവിച്ച സ്വാതന്ത്യസമരസേനാനി എന്നാണ്.

സവർക്കറാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചത് എന്ന വാദം പൂർണ്ണമായും തെറ്റാണ്. സവർക്കർ ആൻഡമാൻ സെല്ലുലാർ ജയിലിൽ കഴിഞ്ഞത് 9 വർഷവും 10 മാസവുമാണ് (1911-1921). എന്നാൽ മറ്റു പല സ്വാതന്ത്ര്യസമര സേനാനികളും ഇതിനേക്കാൾ കൂടുതൽ കാലം കഠിനതടവ് അനുഭവിച്ചിട്ടുണ്ട്:


ബ്രിട്ടീഷ് ഗവൺമെന്റിൽ നിന്ന് അലവൻസ് കൈപ്പറ്റിയ സവർക്കർ

ആൻഡമാനിലെ ജയിൽ മോചനത്തിന് ശേഷവും ബ്രിട്ടീഷ് ഭരണകൂടവുമായുള്ള സവർക്കറുടെ സാമ്പത്തിക ബന്ധങ്ങളും സഹകരണവും തുടർന്നു .

  • പ്രതിമാസ അലവൻസിനായുള്ള അപേക്ഷ (1924): ജയിൽ മോചിതനായതിനെത്തുടർന്ന് സവർക്കർ ബ്രിട്ടീഷ് ഗവൺമെന്റിന് വീണ്ടും ഒരു അപേക്ഷ സമർപ്പിച്ചു. തനിക്ക് ജീവിതച്ചെലവിനായി ഗവൺമെന്റ് അലവൻസ് നൽകണം എന്നതായിരുന്നു ആവശ്യം.
  •  ശിപാർശയും വെട്ടിച്ചുരുക്കലും: രത്നഗിരി ജില്ലാ മജിസ്ട്രേറ്റ് പ്രതിമാസം 150 രൂപ അലവൻസ് നൽകാൻ ശിപാർശ ചെയ്തെങ്കിലും, ബോംബെ ആഭ്യന്തര സെക്രട്ടറി അത് 75 രൂപയാക്കി വെട്ടിച്ചുരുക്കി. ഒടുവിൽ ബോംബെ ഗവർണർ പ്രതിമാസം 60 രൂപ അനുവദിച്ചു.
  • അലവൻസ് കൈപ്പറ്റിയ കാലയളവും മൂല്യവും: 1929 ഓഗസ്റ്റ് മുതൽ 1937 മേയ് വരെ സവർക്കർ ബ്രിട്ടീഷ് ഗവൺമെന്റിൽ നിന്നും പ്രതിമാസം 60 രൂപ വീതം അലവൻസ് കൈപ്പറ്റി. 1929- ഒരു പവൻ സ്വർണ്ണത്തിന് കേവലം 20.63 രൂപ മാത്രം വിലയുണ്ടായിരുന്ന സമയത്താണിത്.

ദ്വിരാഷ്ട്ര വാദവും ബ്രിട്ടീഷ് സഹകരണവും


1940 ലാണ് മുസ്ലിം ലീഗ് പാകിസ്ഥാൻ എന്ന മുസ്ലിം സ്വതന്ത്ര്യ രാജ്യത്തിനായി മുറവിളി കൂട്ടിയതെങ്കിൽ അതിനും മുന്നേ 1937 ൽ 3 വർഷങ്ങൾക്ക് മുന്നേ സവാർകർ തന്നെ ദ്വിരാഷ്ട്രം എന്ന പദ്ധതി മുന്നോട്ട് വെച്ചിരുന്നു. ഹിന്ദു മഹാസഭയുടെ അഹമ്മദാബാദിൽ വെച്ച് നടന്ന 19th സെക്ഷനിൽ പ്രസംഗിക്കുമ്പോൾ അദ്ദേഹം ഇത് ആവർത്തിക്കുന്നുണ്ട്.

" India cannot be assumed today to be a Unitarian and homogeneous nation, but on the contrary there are two nations in the main: the Hindus and the Moslems, in India.”

 (Collected Works of Savarkar, Hindu Mahasabha, Poona, 1963, p. 296,
ഹിന്ദു രാഷ്ട്ര ദർശൻ, 19th സെക്ഷൻ ,കർണാവദി ,1937 ,പേജ് 13) 


1943 ,ആഗസ്റ്റ് 15 ന് നാഗ്പൂർ വെച്ച് നടന്ന കോൺഫറൻസിൽ വെച്ച് സവാർകർ മുഹമ്മദലി ജിന്നയെ പിന്തുണച്ച് സംസാരിച്ചു
"ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തോട് എനിക്ക് യാതൊരു എതിർപ്പുമില്ലാ.. ഞങ്ങൾ, ഹിന്ദുക്കൾ ഒരു രാജ്യമാണ്, ഒപ്പം ചരിത്രപരമായ ഒരു വസ്തുത എന്തെന്നാൽ ഹിന്ദുകളും, മുസ്ലിംങ്ങളും രണ്ട് രാജ്യമാണ്"
  (ഇന്ത്യൻ ആനുവൽ രജിസ്ട്രാർ ,1943 ,വോള്യം II, പേജ് 10 )

സവർക്കറുടെ ഹിന്ദു മഹാസഭയും ബ്രിട്ടീഷ് ഭരണകൂടവും: സഖ്യവും പ്രവർത്തനങ്ങളും (1939): 

1930-കളുടെ അവസാനത്തിലും 1940-കളുടെ തുടക്കത്തിലും വി. ഡി. സവർക്കറുടെ നേതൃത്വത്തിൽ ഹിന്ദു മഹാസഭ ബ്രിട്ടീഷ് ഭരണകൂടവുമായി പുലർത്തിയ സഹകരണവും നിലപാടുകളും ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട വിഷയമാണ്.

1. ലിൻലിത്ഗോ പ്രഭുവുമായുള്ള കൂടിക്കാഴ്ച (1939)

1939 ഒക്ടോബർ 9-ന് ബോംബെയിൽ വെച്ച് സവർക്കർ അന്നത്തെ ഇന്ത്യൻ വൈസ്രോയി ആയിരുന്ന ലിൻലിത്ഗോ പ്രഭുവുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയെക്കുറിച്ച് ലിൻലിത്ഗോ, ഭാരത കാര്യങ്ങൾക്കായുള്ള സ്റ്റേറ്റ് സെക്രട്ടറിയായ സെറ്റ്‌ലാൻഡ് പ്രഭുവിന് അയച്ച റിപ്പോർട്ടിൽ സവർക്കറുടെ നിലപാട് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

"സാഹചര്യം ഇതാണ്," എന്ന് അദ്ദേഹം [സവർക്കർ] പറഞ്ഞു, "ബ്രിട്ടീഷ് സർക്കാർ ഇനി ഹിന്ദുക്കളിലേക്ക് തിരിയുകയും അവരുടെ പിന്തുണയോടെ പ്രവർത്തിക്കുകയും വേണം.... നമ്മുടെ താല്പര്യങ്ങൾ ഇപ്പോൾ ഒന്നാണ്, അതിനാൽ നമ്മൾ ഒന്നിച്ചു പ്രവർത്തിക്കണം... നമ്മുടെ താല്പര്യങ്ങൾ പരസ്പരം വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ബ്രിട്ടനും ഹിന്ദുമതവും സുഹൃത്തുക്കളാവുക എന്നതാണ് പ്രധാനം, പഴയകാല ശത്രുത ഇനി ആവശ്യമില്ല."

ചരിത്രകാരന്മാരുടെ വിലയിരുത്തലിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ എതിർക്കുക എന്ന പൊതു ലക്ഷ്യമായിരുന്നു സവർക്കറെയും ബ്രിട്ടീഷ് ഭരണകൂടത്തെയും അടുപ്പിച്ചത്.

2. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തോടുള്ള നിലപാട് (1942)

1942-ൽ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ആരംഭിച്ചപ്പോൾ വലിയൊരു വിഭാഗം ജനങ്ങളും നേതാക്കളും ജയിലിലടയ്ക്കപ്പെട്ടു. എന്നാൽ സവർക്കറും ഹിന്ദു മഹാസഭയും ഈ പ്രസ്ഥാനത്തെ പിന്തുണച്ചില്ല; പകരം ബ്രിട്ടീഷ് ഭരണകൂടവുമായി സഹകരിക്കാനാണ് തീരുമാനിച്ചത്.

1942-ൽ കാണ്പൂരിൽ നടന്ന ഹിന്ദു മഹാസഭയുടെ 24-ാം സമ്മേളനത്തിൽ സവർക്കർ ഈ നിലപാടിനെ ന്യായീകരിച്ചു:

"പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രധാന തത്വം പ്രതികരണാത്മക സഹകരണത്തിന്റെ നയമാണ് (responsive cooperation) എന്ന് ഹിന്ദു മഹാസഭ കരുതുന്നു."

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള കൂട്ടായ്മ തകരുന്നതിനെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ബ്രിട്ടീഷുകാരുമായി സഹകരിക്കാൻ തന്റെ അനുയായികളോട് ആഹ്വാനം ചെയ്തു.

ക്വിറ്റ് ഇന്ത്യ മൂവ്മെന്റുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ഇന്റെലിജൻസ് എജൻസിയുടെ റിപ്പോർട്ട് ഉണ്ട് .ഇത് പ്രകാരം ആർ.എസ്.എസ് ഈ സമരത്തിൽ ഇടപെടാതെ മാറി നിൽക്കുകയായിരുന്നു. റിപ്പോർട്ടിൽ പറയുന്നത് ഇപ്രകാരമാണ്.

"1942 ഓഗസ്റ്റില് പൊട്ടിപ്പുറപ്പെട്ട അസ്വാസ്ഥ്യങ്ങളില് നിന്നൊക്കെ അകന്നു നില്ക്കുവാനും, കരുതലോടെ നിയമത്തിന്റെ ഉള്ളില് നിന്ന് പ്രവര്ത്തിക്കുവാനുമാണ് സംഘം ശ്രമിച്ചത്."

3. സൈനികവൽക്കരണവും റിക്രൂട്ട്മെന്റ് ബോർഡുകളും

രണ്ടാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടീഷ് സൈന്യത്തിലേക്ക് ഇന്ത്യൻ യുവാക്കളെ, പ്രത്യേകിച്ച് ഹിന്ദുക്കളെ, ചേർക്കുന്നതിനായി ഹിന്ദു മഹാസഭ രാജ്യത്തുടനീളം 'മിലിട്ടറി റിക്രൂട്ട്മെന്റ് ബോർഡുകൾ' ആരംഭിച്ചു.

സവർക്കർ ഹിന്ദുക്കളെ സൈനികവൽക്കരിക്കുന്നതിനായി നിരന്തരം സർക്കുലറുകൾ ഇറക്കിയിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമി (INA) അച്ചുതണ്ട് ശക്തികളുടെ സഹായത്തോടെ ബ്രിട്ടീഷ് സൈന്യത്തിനെതിരെ മുന്നേറാൻ ശ്രമിക്കുമ്പോൾ, അതിനെ പ്രതിരോധിക്കാൻ ബ്രിട്ടീഷ് സൈന്യത്തെ ശക്തിപ്പെടുത്തുക എന്നതായിരുന്നു ഈ നീക്കത്തിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

സെല്ലുലാർ ജയിലിലെ കമ്മ്യൂണിസ്റ്റ് സമരങ്ങളും സവർക്കറുടെ വൈപരീത്യവും

സവർക്കർ ബ്രിട്ടീഷ് ഭരണകൂടത്തിന് അപേക്ഷകൾ അയക്കുമ്പോൾ, മറുവശത്ത് സെല്ലുലാർ ജയിലിൽ വിപ്ലവകാരികൾ സംഘടിക്കുകയായിരുന്നു:

  • കമ്മ്യൂണിസ്റ്റ് കൺസോളിഡേഷൻ: 1935- ഹരെകൃഷ്ണ കൊണാറിന്റെ നേതൃത്വത്തിൽ സെല്ലുലാർ ജയിലിൽ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിച്ചു. നിരഞ്ചൻ സെൻഗുപ്ത, ബിജോയ് സിൻഹ, അനന്ത സിങ്, ശിവ് വർമ്മ, സുബോധ് റോയ് തുടങ്ങിയവർ ഇതിൽ പങ്കാളികളായി.
  • നിരാഹാര സമരം: 1936-37 കാലഘട്ടത്തിൽ 187 തടവുകാർ പങ്കെടുത്ത നിരാഹാര സമരത്തിന്റെ ഫലമായാണ് രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചത്. ജയിൽ മോചിതരായ കമ്മ്യൂണിസ്റ്റുകാർ പിന്നീട് വീണ്ടും സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിപ്പോരാളികളായി മാറിയപ്പോൾ സവർക്കർ ബ്രിട്ടീഷ് പാദസേവ ചെയ്യുകയാണ് ചെയ്തത്.

ഗാന്ധിവധ ഗൂഢാലോചനയും സവർക്കറുടെ വിചാരണയും: പ്രധാന വസ്തുതകൾ

Savarkar along with other accused including Godse in Court room for Gandhi assassination trial

1. സദർ വല്ലഭ്ഭായ് പട്ടേലിന്റെ കത്ത് (1948 ഫെബ്രുവരി 27):

മഹാത്മാ ഗാന്ധിയുടെ വധത്തിന് ശേഷം അന്നത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന സർദാർ വല്ലഭ്ഭായ് പട്ടേൽ ജവാഹർലാൽ നെഹ്‌റുവിന് എഴുതിയ കത്തിൽ വ്യക്തമാക്കി:

"സവർക്കറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഹിന്ദു മഹാസഭയിലെ ഒരു തീവ്രവാദി വിഭാഗമാണ് ഈ ഗൂഢാലോചന ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തത്."

ദേശീയ പതാകയും ഭരണഘടനയും അംഗീകരിക്കൽ:                   ഗാന്ധിവധത്തിന് പിന്നാലെ ആർ.എസ്.എസ്സിനെ പട്ടേൽ നിരോധിച്ചു. പിന്നീട് നിരോധനം നീക്കണമെങ്കിൽ ഇന്ത്യയുടെ ഭരണഘടനയെയും ത്രിവർണ്ണ പതാകയെയും ഔദ്യോഗികമായി അംഗീകരിക്കണമെന്ന് പട്ടേൽ കർശന നിബന്ധന വെച്ചു. അങ്ങനെയാണ് ആർ.എസ്.എസ്. തങ്ങളുടെ ഭരണഘടനയിൽ (Article 5) ത്രിവർണ്ണ പതാകയെ ദേശീയ പതാകയായി ഉൾപ്പെടുത്താൻ നിർബന്ധിതരായത്. 

2. കോടതിയിലെ തെളിവുകളും മാപ്പുസാക്ഷിയുടെ മൊഴിയും:

ഗാന്ധിവധക്കേസിലെ മാപ്പുസാക്ഷിയായ ദിഗംബർ ബാഡ്ജെ വിചാരണ വേളയിൽ വെളിപ്പെടുത്തിയത്:

  • 1948 ജനുവരി 14: നാഥുറാം ഗോഡ്സെയും നാരായൺ ആപ്തെയുമായി സവർക്കർ കൂടിക്കാഴ്ച നടത്തുകയും ആയുധങ്ങൾ കൈമാറുകയും ചെയ്തു.

  • 1948 ജനുവരി 17: ഗാന്ധിയെ വധിക്കാൻ പോകുന്നതിന് തൊട്ടുമുമ്പ് ഗോഡ്സെയെയും ആപ്തെയെയും കണ്ട സവർക്കർ "വിജയിച്ച് തിരിച്ചുവരിക" എന്ന് ആശംസിച്ചു.

  • സവർക്കർ സദനിൽ നിന്ന് ഇറങ്ങുമ്പോൾ ആപ്തെ ബാഡ്ജെയോട് പറഞ്ഞു: "ഗാന്ധിയുടെ നൂറു വർഷങ്ങൾ പൂർത്തിയായെന്ന് തത്യാറാവു (സവർക്കർ) പ്രവചിച്ചിട്ടുണ്ട്, ദൗത്യം വിജയകരമായി പൂർത്തിയാകുമെന്നതിൽ സംശയമില്ല."

3. നിയമപരമായ ഒഴിവാകലും ജീവൻലാൽ കപൂർ കമ്മീഷനും (1966):

  • അന്ന് ഇന്ത്യൻ തെളിവ് നിയമമനുസരിച്ച് (Indian Evidence Act) മാപ്പുസാക്ഷിയുടെ മൊഴിയെ സ്വതന്ത്രമായി പിന്തുണയ്ക്കുന്ന മറ്റ് തെളിവുകൾ (corroborative evidence) ലഭ്യമല്ലാത്തതിനാൽ മാത്രമാണ് സവർക്കറെ പ്രത്യേക കോടതി ശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്.

  • എന്നാൽ 1966-ൽ ഇന്ത്യാ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജീവൻലാൽ കപൂർ കമ്മീഷൻ ചരിത്രരേഖകളും മുൻ സഹായികളുടെ മൊഴികളും പുനഃപരിശോധിച്ച ശേഷം നിഗമനത്തിലെത്തി:

    "സവർക്കറും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേർന്നാണ് ഗാന്ധിവധത്തിനുള്ള ഗൂഢാലോചന നടത്തിയത് എന്നതിലേക്ക് ചൂണ്ടിക്കാണിക്കുന്ന വസ്തുതകളല്ലാതെ മറ്റൊന്നും കമ്മീഷന് മുന്നിലില്ല."

     ("All these facts taken together were destructive of any theory other than the conspiracy to murder by Savarkar and his group."). 

4.  തെളിവുകളും കപൂർ കമ്മീഷൻ കണ്ടെത്തലുകളും

ഗാന്ധിവധത്തിൽ സവർക്കർക്ക് യാതൊരു പങ്കുമില്ലെന്ന വാദങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്ന ഔദ്യോഗിക രേഖകളും പോലീസിന്റെ അന്വേഷണ റിപ്പോർട്ടുകളുമുണ്ട്. വിക്രം സമ്പത്ത് ഉൾപ്പെടെയുള്ളവർ മുന്നോട്ടുവെക്കുന്ന വാദങ്ങളെ നിഷേധിക്കുന്ന യഥാർത്ഥ വസ്തുതകൾ താഴെ പറയുന്നവയാണ്:

ഗോഡ്സെ, ആപ്തെ എന്നിവരുമായുള്ള സവർക്കറുടെ ദീർഘകാല ബന്ധം 

സവർക്കറുടെ ബോഡിഗാർഡായിരുന്ന അപ്പാ രാമചന്ദ്ര കാസർ (Appa Ramachandra Kasar) 1948 മാർച്ച് 4-ന് ബോംബെ പോലീസിന് നൽകിയ മൊഴിയിൽ ഇവരുടെ അടുത്ത ബന്ധം വ്യക്തമാക്കുന്നുണ്ട്:

  • 1946 മുതൽ: ഗോഡ്സെയും ആപ്തെയും സവർക്കറുടെ വീടായ 'സവർക്കർ സദൻ' നിരന്തരം സന്ദർശിക്കുന്നവരായിരുന്നു. മറ്റൊരു പ്രതിയായ കർക്കരെയും അദ്ദേഹത്തെ കാണാനെത്തിയിരുന്നു.
  • 1947 ഓഗസ്റ്റ് (പൂന സന്ദർശനം): പൂനയിൽ ഒരു യോഗത്തിനായി സവർക്കർ പോയപ്പോൾ, ഹിന്ദു മഹാസഭയുടെ ഭാവി നയങ്ങൾ ചർച്ച ചെയ്യാൻ ഗോഡ്സെയും ആപ്തെയും എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. "തനിക്ക് വയസ്സായെന്നും ഇനി പ്രവർത്തനങ്ങൾ നിങ്ങൾ മുന്നോട്ട് കൊണ്ടുപോകണം" എന്നും സവർക്കർ അവരോട് പറഞ്ഞിരുന്നു.
  • ഓൾ ഇന്ത്യ ഹിന്ദു കൺവെൻഷൻ (1947): ഡൽഹിയിൽ നടന്ന കൺവെൻഷനിൽ പങ്കെടുക്കാൻ സവർക്കർ, ഗോഡ്സെ, ആപ്തെ എന്നിവർ ഒരുമിച്ചാണ് വിമാനത്തിൽ യാത്ര ചെയ്തതും തിരികെ ബോംബെയിലേക്ക് മടങ്ങിയതും.

വധത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലെ രഹസ്യ കൂടിക്കാഴ്ചകൾ

ഗാന്ധിവധത്തിന് തൊട്ടുമുൻപുള്ള ആഴ്ചകളിൽ പ്രതികൾ സവർക്കറുമായി നടത്തിയ കൂടിക്കാഴ്ചകളുടെ വിവരങ്ങൾ അപ്പാ കാസർ വ്യക്തമായി നൽകിയിട്ടുണ്ട്:
  • 1948 ജനുവരി 13/14: കർക്കരെ ഒരു പഞ്ചാബി യുവാവിനൊപ്പം (മദൻലാൽ പഹ്വ) സവർക്കറെ വന്ന് കാണുകയും 15-20 മിനിറ്റ് സംഭാഷണം നടത്തുകയും ചെയ്തു.
  • 1948 ജനുവരി 15/16: രാത്രി 9:30-ഓടെ ആപ്തെയും ഗോഡ്സെയും സവർക്കറുമായി കൂടിക്കാഴ്ച നടത്തി.
  • 1948 ജനുവരി 23/24: രാവിലെ 10:00 അല്ലെങ്കിൽ 10:30-ഓടെ ആപ്തെയും ഗോഡ്സെയും വീണ്ടും സവർക്കറെ കാണുകയും അരമണിക്കൂറോളം ചർച്ച നടത്തുകയും ചെയ്തു.

ബോംബെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജംഷദ് നഗർവാലയുടെ റിപ്പോർട്ട് 

ബോംബെ CID സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ജംഷദ് നഗർവാല (Jamshed Nagarvala) തന്റെ ക്രൈം റിപ്പോർട്ടിൽ വ്യക്തമാക്കി:

  • ഗൂഢാലോചനയുടെ സൂത്രധാരൻ: ഗാന്ധിവധ ഗൂഢാലോചനയുടെ പ്രധാന ശക്തി സവർക്കർ ആയിരുന്നുവെന്നും, അന്വേഷണ സമയത്ത് അദ്ദേഹം രോഗം അഭിനയിക്കുകയായിരുന്നുവെന്നും (feigning illnesses) നഗർവാല ചൂണ്ടിക്കാട്ടി.
  • ഡൽഹി യാത്രയ്ക്ക് തൊട്ടുമുൻപുള്ള കൂടിക്കാഴ്ച: ഡൽഹിയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുൻപ് ആപ്തെയും ഗോഡ്സെയും സവർക്കറുമായി 40 മിനിറ്റോളം രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് സവർക്കറുടെ സഹായികളായ കാസറും ഗജാനൻ വിഷ്ണു ദാംലെയും നൽകിയ വിവരങ്ങളിൽ നിന്ന് വ്യക്തമാണ്.
ഈ ചരിത്രവസ്തുതകളും ആർക്കൈവ് രേഖകളും സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, സ്വാതന്ത്യ്രസമര ചരിത്രത്തിൽ വി. ഡി. സവർക്കർ വഹിച്ച പങ്കിനെക്കുറിച്ചുള്ള ഇന്നത്തെ പല പ്രചാരണങ്ങളും വസ്തുതകളുമായി ഒത്തുപോകുന്നില്ലെന്ന് വ്യക്തമാകുന്നു. കേവലം ജയിൽ സൗകര്യങ്ങൾക്കായുള്ള അപേക്ഷകളെന്ന പേരിൽ വ്യാഖ്യാനിക്കപ്പെടുന്ന ദയാഹർജികൾ മുതൽ, ഗാന്ധിജിയുടെ ഉപദേശപ്രകാരമാണ് അവ നൽകിയതെന്ന വ്യാജവാദങ്ങൾ വരെ സമയരേഖകൾക്കും ചരിത്രരേഖകൾക്കും മുന്നിൽ നിഷ്പ്രഭമാകുകയാണ്. അത് മാത്രവുമല്ല, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് ബ്രിട്ടീഷ് സാമ്രാജ്യത്വവുമായി സഹകരിച്ചതും, സൈനിക റിക്രൂട്ട്‌മെന്റുകളിലൂടെ സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എ. മുന്നേറ്റങ്ങളെപ്പോലും പ്രതിരോധിക്കാൻ ശ്രമിച്ചതും സവർക്കറുടെയും ഹിന്ദു മഹാസഭയുടെയും രാഷ്ട്രീയ നിലപാടുകളെ വ്യക്തമായി അടയാളപ്പെടുത്തുന്നു. ഒടുവിൽ രാഷ്ട്രപിതാവിന്റെ വധത്തിലേക്ക് നയിച്ച ഗൂഢാലോചനയിൽ കപൂർ കമ്മീഷൻ വരെയുള്ള അന്വേഷണ ഏജൻസികൾ കണ്ടെത്തിയ സവർക്കറുടെ പങ്ക്, ചരിത്രത്തെ സ്വന്തം താല്പര്യങ്ങൾക്കായി തിരുത്തിയെഴുതാൻ ശ്രമിക്കുന്നവർക്കുള്ള വ്യക്തമായ മറുപടിയാണ്. വസ്തുതകളെ മൂടിവെച്ച് കെട്ടിച്ചമയ്ക്കുന്ന പുതുസവർക്കർ നിർമ്മിതികളെ പ്രതിരോധിക്കാൻ പ്രാഥമിക ചരിത്രരേഖകളെ മുൻനിർത്തിയുള്ള ഇത്തരം തുറന്നുപറച്ചിലുകൾ അത്യന്താപേക്ഷിതമാണ്.

Sep 15, 2026

വിപ്ലവത്തിന്റെ അഗ്നിജ്വാല: ഗദ്ദാർ പാർട്ടി (Ghadar Party) ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ

ഇന്ത്യൻ ചിരിത്രത്തിൽ, പ്രത്യേകിച്ചും സ്വാതന്ത്ര്യസമരങ്ങളുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളിൽ വളരെ താത്പര്യം ഉള്ള വ്യക്തിയായിട്ടും, ഞാൻ വളരെ കുറച്ച്മാത്രം ശ്രദ്ധിച്ചിട്ടുള്ള ഒരു പേരാണ് ഗദ്ദർ പാർട്ടി. എന്നാൽ, ആ പ്രസ്ഥാനം നമ്മുടെ സ്വാതന്ത്ര്യസമരമുന്നേറ്റത്തിൻ്റെ അവഗണിക്കാനാവാത്ത ഒര് ഏട് തന്നെയായിരുന്നു എന്ന് മനസിലാകുന്നത്, അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂതൽ വായിച്ചപ്പോഴാണ്.

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും വീരോചിതവും അക്രമാസക്തവുമായ അധ്യായങ്ങളിലൊന്നാണ് ഗദ്ദാർ പ്രസ്ഥാനം. ഭാരതത്തിന്റെ മണ്ണിൽ മാത്രമല്ല, അതിർത്തികൾ കടന്ന് വിദേശരാജ്യങ്ങളിലും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം സംഘടിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ച വിപ്ലവകാരികളുടെ കൂട്ടായ്മയായിരുന്നു ഇത്. 'ഗദ്ദാർ' (Ghadar / Gadar) എന്ന ഉർദു വാക്കിന്റെ അർത്ഥം "കലാപം" അല്ലെങ്കിൽ "വിപ്ലവം" എന്നാണ്. 1857-ലെ സിപായി ലഹളയ്ക്ക് ശേഷം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഉയർന്ന ഏറ്റവും സംഘടിതമായ സായുധ വിപ്ലവശ്രമമായിരുന്നു ഇത്.

1. ഗദ്ദാർ പാർട്ടിയുടെ ഉത്ഭവം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ (പ്രത്യേകിച്ച് 1900-കളിൽ) പഞ്ചാബിൽ നിന്നുള്ള ധാരാളം കർഷകരും മുൻ സൈനികരും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ തേടി അമേരിക്കയിലേക്കും (US) കാനഡയിലേക്കും കുടിയേറിപ്പാർത്തു. എന്നാൽ അവിടെ അവർക്ക് കടുത്ത വംശീയ അധിക്ഷേപങ്ങളും വിവേചനങ്ങളും നേരിടേണ്ടി വന്നു. തങ്ങൾക്ക് സ്വന്തമായി ഒരു സ്വതന്ത്ര രാജ്യമില്ലാത്തതുകൊണ്ടാണ് വിദേശമണ്ണിൽ തങ്ങൾ അടിമകളെപ്പോലെ അവഗണിക്കപ്പെടുന്നത് എന്ന തിരിച്ചറിവ് അവരിൽ രാജ്യസ്നേഹത്തിന്റെ തീപ്പൊരിയായി മാറി.



  • രൂപീകരണം: 1913-ൽ അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഓക്‌ലൻഡിൽ വെച്ച് വിദേശത്തുള്ള ഇന്ത്യക്കാർ ഒരുമിച്ചുകൂടുകയും "പസഫിക് കോസ്റ്റ് ഹിന്ദുസ്ഥാൻ അസോസിയേഷൻ" (Pacific Coast Hindustan Association) എന്ന സംഘടനയ്ക്ക് രൂപം നൽകുകയും ചെയ്തു. ഇതാണ് പിന്നീട് ഗദ്ദാർ പാർട്ടി എന്നറിയപ്പെട്ടത്.

  • ആസ്ഥാനം: സാൻ ഫ്രാൻസിസ്കോ കേന്ദ്രീകരിച്ചാണ് പാർട്ടി പ്രവർത്തിച്ചിരുന്നത്. പാർട്ടിയുടെ പ്രധാന കാര്യാലയം "യുഗാന്തർ ആശ്രമം" (Yugantar Ashram) എന്നറിയപ്പെട്ടു.

  • പത്രം: 1913 നവംബർ 1 മുതൽ പാർട്ടി 'ഗദ്ദാർ' എന്ന പേരിൽ ആഴ്ചപ്പതിപ്പ് (ഉർദു, ഗുർമുഖി, മറ്റ് ഇന്ത്യൻ ഭാഷകളിൽ) പുറത്തിറക്കാൻ തുടങ്ങി. ബ്രിട്ടീഷ് ഭരണത്തിന്റെ ചൂഷണങ്ങളെ തുറന്നുകാട്ടാനും ജനങ്ങളിൽ വിപ്ലവവീര്യം വളർത്താനും ഈ പത്രം സഹായിച്ചു.

  • 'ഗദർ' പത്രത്തിന്റെ ആദ്യ പതിപ്പ് (Ghadar Newspaper - First Edition):

    • വിവരണം: 1913 നവംബർ 1-ന് സാൻ ഫ്രാൻസിസ്കോയിലെ യുഗാന്തർ ആശ്രമത്തിൽ നിന്ന് ഉറുദുവിൽ അച്ചടിച്ച പുറത്തിറങ്ങിയ 'ഗദർ' പത്രത്തിന്റെ ഒന്നാം താൾ.

    • സവിശേഷത: പത്രത്തിന്റെ തലക്കെട്ടിൽ "അംഗ്രേസി രാജ് കാ ദുഷ്മൻ" (Angrezi Raj Ka Dushman - ബ്രിട്ടീഷ് ഭരണത്തിന്റെ ശത്രു) എന്ന് വലിയ അക്ഷരത്തിൽ രേഖപ്പെടുത്തിയിരുന്നു.

    • രേഖ: കമ്മ്യൂണിസ്റ്റ് / ചരിത്ര ആർക്കൈവുകളിലും 'സൗത്ത് ഏഷ്യൻ അമേരിക്കൻ ഡിജിറ്റൽ ആർക്കൈവിലും' (SAADA) ഇതിന്റെ ഡിജിറ്റൽ കോപ്പികൾ ലഭ്യമാണ്.

2. പ്രധാന നേതാക്കൾ

വിദേശത്തും ഇന്ത്യയിലുമായി പ്രവർത്തിച്ച പ്രഗത്ഭരായ വിപ്ലവകാരികളായിരുന്നു ഗദ്ദാർ പ്രസ്ഥാനത്തിന്റെ അമരത്തുണ്ടായിരുന്നത്:

  • ലാ ലാ ഹർദയാൽ (Lala Hardayal): പ്രസ്ഥാനത്തിന്റെ പ്രധാന ബുദ്ധി കേന്ദ്രവും ജനറൽ സെക്രട്ടറിയുമായിരുന്നു. പത്രപ്രവർത്തനത്തിലൂടെയും പ്രസംഗങ്ങളിലൂടെയും ജനങ്ങളെ സംഘടിപ്പിച്ചു.

  • സോഹൻ സിംഗ് ഭക്ന (Sohan Singh Bhakna): ഗദ്ദാർ പാർട്ടിയുടെ സ്ഥാപക പ്രസിഡന്റ്.

  • താരാക് നാഥ് ദാസ് (Tarak Nath Das): നോർത്ത് അമേരിക്കയിലെ സംഘാടനത്തിൽ പ്രധാന പങ്ക് വഹിച്ച നേതാവ്.

  • കർതാർ സിംഗ് സരഭ (Kartar Singh Sarabha): പാർട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ വിപ്ലവകാരികളിൽ ഒരാൾ. 19-ാം വയസ്സിൽ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ ഇദ്ദേഹമായിരുന്നു ഭഗത് സിംഗിന്റെ പ്രധാന പ്രചോദനം.

  • ഇന്ത്യയിലെ പ്രധാന സംഘാടകർ:

    • രാസ് ബിഹാരി ബോസ് (Rash Behari Bose): ഇന്ത്യയ്ക്കകത്ത് ഗദ്ദാർ വിപ്ലവത്തിന് നേതൃത്വം നൽകിയ പ്രധാന വ്യക്തി.

    • സചീന്ദ്ര നാഥ് സന്യാൽ (Sachindra Nath Sanyal)

    • വിഷ്ണു ഗണേഷ് പിംഗ്ലെ (Vishnu Ganesh Pingle)

3. വിപ്ലവത്തിന്റെ ഘട്ടങ്ങളും പ്രധാന സംഭവങ്ങളും

സ്വാതന്ത്ര്യം നേടാൻ സായുധ വിപ്ലവം മാത്രമാണ് ഏക വഴിയെന്ന് ഗദ്ദാർ പാർട്ടി വിശ്വസിച്ചു. ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിലെ ഇന്ത്യൻ ഭടന്മാരെ കലാപത്തിന് പ്രേരിപ്പിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന തന്ത്രം.

A. കോമഗത മരു സംഭവം (Komagata Maru Incident - 1914)

1914-ൽ 'കോമഗത മരു' എന്ന ജാപ്പനീസ് കപ്പലിൽ 376 ഏഷ്യൻ യാത്രക്കാർ (ഭൂരിഭാഗവും സിഖുകാർ) കാനഡയിലെ വാൻകൂവറിലേക്ക് പുറപ്പെട്ടു. എന്നാൽ കനേഡിയൻ സർക്കാർ വിവേചനപരമായ നിയമങ്ങൾ ഉന്നയിച്ച് കപ്പൽ അടുപ്പിക്കാൻ അനുവദിച്ചില്ല. മാസങ്ങളോളം കടലിൽ കിടന്ന ശേഷം കപ്പൽ കൊൽക്കത്തയിലെ ബജ് ബജിൽ (Budge Budge) തിരിച്ചെത്തി. അവിടെ ബ്രിട്ടീഷ് പോലീസ് യാത്രക്കാർക്ക് നേരെ വെടിവെക്കുകയും 20-ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവം ഗദ്ദാർ പ്രവർത്തകരെ രോഷാകുലരാക്കുകയും സായുധ പോരാട്ടത്തിന് ആക്കം കൂട്ടുകയും ചെയ്തു.

B. 'ബർലിൻ കമ്മിറ്റി'യും അന്താരാഷ്ട്ര ഗൂഢാലോചനയും (Hindu-German Conspiracy)

1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, ബ്രിട്ടന്റെ ശത്രുവായ ജർമ്മനിയുമായി ഗദ്ദാർ നേതാക്കൾ കൈകോർത്തു. ജർമ്മനിയിൽ "ബർലിൻ ഇന്ത്യൻ കമ്മിറ്റി" (Berlin Committee / Indian Revolutionary Society) രൂപീകരിച്ച്, ഇന്ത്യയിലേക്ക് ആയുധങ്ങളും ഫണ്ടും എത്തിക്കാൻ പദ്ധതിയിട്ടു.

C. ഗദ്ദാർ കലാപ ശ്രമം (Ghadar Mutiny / Ghadar Conspiracy - 1915)

ഒന്നാം ലോകമഹായുദ്ധം (1914) ആരംഭിച്ചതോടെ, ബ്രിട്ടന്റെ പ്രതിസന്ധി ഇന്ത്യയുടെ അവസരമായി ഗദ്ദാർ പാർട്ടി കണ്ടു.

  • ആയിരക്കണക്കിന് ഗദ്ദാർ പ്രവർത്തകർ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തി.

  • 1915 ഫെബ്രുവരി 21-ന് ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിലെ ഇന്ത്യൻ ഭടന്മാരുമായി ചേർന്ന് ഒരേസമയം രാജ്യവ്യാപകമായി ആയുധമേന്തിയ കലാപം നടത്താൻ പദ്ധതിയിട്ടു (പിന്നീട് അത് ഫെബ്രുവരി 19-ലേക്ക് മാറ്റി).

  • ജർമ്മനിയിൽ നിന്ന് സാമ്പത്തികവും ആയുധപരവുമായ സഹായം ഉറപ്പാക്കാൻ ശ്രമിച്ചു (Berlin Committee / Hindu-German Conspiracy).

4. പ്രസ്ഥാനത്തിന്റെ തിരിച്ചടിയും അന്ത്യവും

വലിയ തയ്യാറെടുപ്പുകളോടെ മുന്നേറിയ ഗദ്ദാർ പ്രസ്ഥാനം പരാജയപ്പെടാനും നിന്നുപോകാനും പ്രധാന കാരണങ്ങൾ ഇവയാണ്:

  1. ഒറ്റുകാരും രഹസ്യസ്വഭാവത്തിന്റെ കുറവും (Infiltration & Lack of Secrecy): ഗദ്ദാർ പാർട്ടിയുടെ പ്രധാന ബലഹീനത രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിലെ വീഴ്ചയായിരുന്നു. പാർട്ടിക്കുള്ളിൽ കടന്നുകൂടിയ കൃപാൽ സിംഗ് എന്ന ബ്രിട്ടീഷ് ഒറ്റുകാരൻ വിപ്ലവ തീയതിയും പദ്ധതികളും ബ്രിട്ടീഷ് പോലീസിന് ചോർത്തി നൽകി.

  2. കടുത്ത അടിച്ചമർത്തലും 'ഡിഫൻസ് ഓഫ് ഇന്ത്യ ആക്റ്റും': വിവരം മുൻകൂട്ടി അറിഞ്ഞ ബ്രിട്ടീഷ് സർക്കാർ 1915-ൽ 'ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട്' നടപ്പിലാക്കി വിപ്ലവകാരികളെ വേട്ടയാടി.

  3. ആയുധങ്ങൾ എത്താതിരുന്നത്: ജർമ്മനിയിൽ നിന്ന് ആയുധങ്ങളുമായി വന്ന കപ്പലുകൾ ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം തടഞ്ഞതോടെ വിപ്ലവകാരികൾക്ക് ആവശ്യത്തിന് ആയുധങ്ങൾ ലഭിക്കാതെ പോയി.

  4. ഒന്നാം ലാഹോർ ഗൂഢാലോചന കേസ് (Lahore Conspiracy Case - 1915): 1915 നവംബർ 16-ന് കർതാർ സിംഗ് സരഭ, വിഷ്ണു ഗണേഷ് പിംഗ്ലെ, ബക്ഷീഷ് സിംഗ്, ജഗത് സിംഗ് തുടങ്ങിയ ഏഴ് പ്രമുഖ നേതാക്കളെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി. നൂറിലധികം പേരെ ആന്തമാനിലെ സെല്ലുലാർ ജയിലിലേക്ക് നാടുകടത്തി (കാളാപാനി).

  5. ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയില്ലായ്മ: അക്കാലത്ത് കോൺഗ്രസ് പ്രസ്ഥാനവും മഹാത്മാഗാന്ധിയും അടക്കമുള്ള പ്രധാന നേതാക്കൾ ബ്രിട്ടന്റെ യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് ഗദ്ദാർ പ്രവർത്തകർക്ക് ഇന്ത്യയിൽ വലിയ ജനകീയ പിന്തുണ തൽക്കാലത്തേക്ക് ലഭിക്കാതെ പോകുന്നതിന് കാരണമായി.

  6. പിൽക്കാലത്തെ പിളർപ്പ്: പ്രസ്ഥാനം അടിച്ചമർത്തപ്പെട്ടതോടെ, പിൽക്കാലത്ത് അവശേഷിച്ച ഗദ്ദാർ പ്രവർത്തകർ കമ്മ്യൂണിസ്റ്റ് ആശയങ്ങളിലേക്കും മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്കും ചേക്കേറുകയും പാർട്ടി വരിഞ്ഞു മുറിക്കപ്പെടുകയും ചെയ്തു.

5. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഗദ്ദാർ പാർട്ടിയുടെ പ്രാധാന്യം

ഗദ്ദാർ പ്രസ്ഥാനത്തിന്റെ സായുധ വിപ്ലവ ശ്രമം പരാജയപ്പെട്ടെങ്കിലും, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ അതിന് സമാനതകളില്ലാത്ത സ്ഥാനമുണ്ട്:

  • മതേതരത്വം (Secularism): സിഖ്, ഹിന്ദു, മുസ്ലിം വിഭാഗങ്ങളിൽപ്പെട്ടവർ വ്യത്യാസമില്ലാതെ ഭാരതമെന്ന ഒറ്റ സങ്കൽപ്പത്തിനായി ഒന്നിച്ചു പോരാടിയ മതേതര കൂട്ടായ്മയായിരുന്നു ഗദ്ദാർ പാർട്ടി.

  • അന്താരാഷ്ട്ര ശ്രദ്ധ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് അമേരിക്ക, ജർമ്മനി, ജപ്പാൻ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ശ്രദ്ധയും പിന്തുണയും നേടിയെടുക്കാൻ ഇവർക്ക് സാധിച്ചു.

  • ഭാവി വിപ്ലവകാരികൾക്ക് പ്രചോദനം: ഗദ്ദാർ പ്രസ്ഥാനത്തിന്റെ തത്ത്വചിന്തയും കർതാർ സിംഗ് സരഭയെപ്പോലുള്ളവരുടെ രക്തസാക്ഷിത്വവുമാണ് പിന്നീട് ഭഗത് സിംഗ്, ഉദ്ദം സിംഗ് തുടങ്ങിയ വിപ്ലവകാരികൾക്ക് പ്രചോദനമായത് (ഉദ്ദം സിംഗ് ഗദ്ദാർ പാർട്ടിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു).

ചുരുക്കത്തിൽ: സ്വന്തം നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി വിദേശമണ്ണിലിരുന്ന് പോരാട്ടം നയിക്കുകയും, അതിനായി ജീവിതവും ജീവനും തൃണവത്ഗണിച്ച് പോരാടുകയും ചെയ്ത ധീരദേശാഭിമാനികളുടെ ചരിത്രമാണ് ഗദ്ദാർ പാർട്ടിയുടേത്.



- അ.പ.