Pages

May 26, 2021

ലക്ഷദ്വീപിൽ സംഭവിക്കുന്നത്


36 ചെറുദ്വീപുകൾ അടങ്ങിയ, വെറും 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണ്ണമുള്ള ഒരു ചെറു കേന്ദ്ര ഭരണപ്രദേശമാണ് ലക്ഷദ്വീപ്. ഏകദേശം 80000 മാത്രമാണ് അവിടുത്തെ ജനസംഖ്യ. ദ്വീപിലെ പരമ്പരാഗത നിവാസികൾ ആയത് കൊണ്ട് ലക്ഷദ്വീപുകാർ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവരാണ്. അവരുടെ പ്രധാന ഉപജീവനമാർഗ്ഗം മത്സ്യബന്ധനമായിരുന്നു. 2020 ഡിസംബർ വരെ വളരെ സമാധനപൂർവ്വമായ ജവിതമായിരുന്നു ദ്വീപ് നിവാസികൾക്ക്.



പ്രഫുല്‍ കെ. പട്ടേലിന്റെ വരവ് :-



2020 ഡിസംബർ മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേഷ് ശര്‍മ്മയുടെ വിയോഗത്തിന് ശേഷം പ്രഫുല്‍ കെ. പട്ടേല്‍ എന്ന പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ അടുത്ത അനുയായിയും, സംഘപരിവാറുകാരനുമായ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റെടുത്തതോടെയാണ് ദ്വീപ് നിവാസികളുടെ ജീവിതം താളം തെറ്റിയത്. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഐ.എ.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന കീഴ്‌വഴക്കം ലംഘിച്ചാണ് പ്രഫുല്‍ പട്ടേല്‍ ചുമതല ഏല്‍ക്കുന്നത്. നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ, ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തിയാണ് പ്രഫുൽ പട്ടേൽ.


ദ്വീപിൽ നടപ്പിലാക്കിയ പുതിയ നിയമങ്ങൾ :-


പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്കാരം ദാദാ നാഗർ ഹവേലി ദാമൻദ്യൂവിൽ നടപ്പിലാക്കിയ ഗുണ്ടാ ആക്ട് കരട് നടപ്പിലാക്കുവാൻ നോക്കുകയായിരുന്നു. കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്യാറില്ലാത്ത ദ്വീപിൽ ഗുണ്ടാആക്ട് പാസാക്കിയതിന് മറ്റൊരു ഉദ്ദേശമായിരുന്നു പട്ടേലിന് ഉണ്ടായിരുന്നത്. അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത 'അനാർക്കലി' യിൽ പറയുന്നുണ്ട്, കേസുകൾ ഇല്ലാത്തതിനാൽ പോലീസ് സ്റ്റേഷൻ തുറക്കാറില്ലെന്നും ഇപ്പൊ അത് ഗോഡൗൺ ആയി ഉപയോഗിക്കുകയാണെന്നും. അത് ഒരു പരമാർത്ഥമാണ്. ദേശീയ ക്രം ഇൻന്റക്സിൽ (National Crime Index) ഏറ്റവും അവസാനമുള്ള പേരാണ് ഈ ദ്വീപിന്റേത്. പട്ടേലിന്റെ ലക്ഷ്യം, ഇനി താൻ അടിച്ചേൽപ്പിക്കുവാൻ പോകുന്ന ജനദ്രോഹ പരിഷ്ക്കരണങ്ങളിൽ സ്വാഭാവികമായും ഉയർന്നു വരാവുന്ന എതിർപ്പുകളെ ഈ നിയമം വെച്ച് അമർച്ച ചെയ്യുക എന്നതായിരുന്നു. കൂടാതെ, അവർ അത്യന്തികമായി ചെയ്യുവാൻ ഉദ്ദേശിക്കുന്ന അജണ്ടയിൽ നിന്നും ജനശ്രദ്ധ ഇതിലേക്ക് മാറ്റുകയും ചെയ്യുക.

പട്ടേൽ നടപ്പിലാക്കിയ വിവാദ നടപടികളിൽ ചിലത് :-


  1. ബീഫ് നിരോധനം :- ദ്വീപ് നിവാസികളുടെ പ്രധാന ഭക്ഷണ വിഭവമാണ് ബീഫ്. അത് നിരോധിക്കുകയും സ്കൂൾ കുട്ടികളുടെ ഉച്ച ഭക്ഷണത്തിൽ നിന്നും മാംസം ഒഴിവാക്കുകയും ചെയ്തു.
  2. പൗരത്വ ബില്ലിനെതിരെ, മോഡിക്കെതിരെ സ്ഥാപിച്ചിരുന്ന ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യുകയും അവ സ്ഥാപിച്ചവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
  3. ലക്ഷദ്വീപ് ഗുണ്ടാ ആക്റ്റ് : വിശദാംശങ്ങൾ മുൻപ് പറഞ്ഞിരുന്നു.
  4. തീരപ്രദേശത്തെ മത്സ്യ തൊഴിലാളികളെ കുടിയിറക്കുവാൻ ആരംഭിച്ചു.
  5. മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ അടക്കമുള്ള മത്സ്യബന്ധന സാമഗരികൾ സൂക്ഷിച്ചിരുന്ന ഷെഡുകൾ പൊളിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു.
  6. ലക്ഷദ്വീപ് ഡെവലപ്പ്മെന്റ് അതോറിറ്റി റെഗുലേഷൻ: ഇതിൻ പ്രകാരം, ലക്ഷദ്വീപ് അഡ്മിനിസ്റ്ററേഷന്, ഏതൊരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലവും നഷ്ടപരിഹാര തുക കൊടുക്കാതെ പോലും ഏറ്റെടുക്കുവാനുള്ള അധികാരം അതോറിറ്റിക്ക് നൽകുന്നു. കൂടാതെ അവിടുത്തെ പൊതുമരാമത്ത് കരാറുകളിൽ, ദ്വീപ് നിവാസികൾക്ക് പങ്കെടുക്കാനാവാത്ത വിധത്തിലുള്ള നിബന്ധനകൾ ഉൾപ്പെടുത്തി.
  7. ലക്ഷദ്വീപിന്റെ ഭരണകാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന District Panchyat Chief Councillor ന്റെയും സഭയുടെയും അധികാരം റദ്ദാക്കി.
  8. അങ്കൺവാടികൾ പൂട്ടി
  9. കോവിഡ് പ്രോട്ടോക്കോളിലെ മാറ്റം: ഒറ്റ കോവിഡ് കേസ് പോലുമില്ലാത്ത രാജ്യത്തെ ഏക ഗ്രീന്‍ സോണായിരുന്നു ജനുവരി പകുതി വരെ ലക്ഷദ്വീപ്. എന്നാല്‍ ഇന്നങ്ങനെയല്ല സ്ഥിതി. കേസ് പോസിറ്റിവിറ്റി നിരക്കിൽ നിലവിൽ രാജ്യത്ത് ഒന്നാമതാണ് ലക്ഷദ്വീപ്. ജനുവരി പകുതി വരെ പൂജ്യം, ഇപ്പോൾ ഇതുവരെ 6611 പേര്‍ രോഗബാധിതരായി. അവിടുത്തെ കോവീഡ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തിയതിന്റെ അനന്തരഫലമായിരുന്നു അത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ൽ എത്തുകയും ചെയ്തിരിക്കുന്നു. കൊച്ചിയിൽ ക്വാറന്റീനിൽ ഇരുന്നവർക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നൽകിയിരുന്ന നിയന്ത്രണങ്ങൾക്ക്‌ ഇളവുകളനുവദിച്ചതാണ് ഈ ദുരവസ്ഥക്ക് കാരണം. ആവശ്യത്തിന് ആശുപത്രി സംവിധാനം പോലും ഇല്ലാത്ത, ചികിത്സക്ക് കേരളത്തെ ആശ്രയിക്കുന്ന ലക്ഷദ്വീപ്‌ നിവാസികളെ വല്ലാതെ ഭയാശങ്കയിലാക്കിയിട്ടുണ്ട്‌ ഈ മഹാമാരി.
  10. മദ്യനിരോധനം എടുത്ത് കളയുകയും മദ്യശാലകൾക്ക് അനുവാദം നൽകുകയും ചെയ്തു. ദ്വീപ് നിവാസികൾക്ക് മദ്യം നിഷിദ്ധമായിരുന്നു, അതവരുടെ വിശ്വാസത്തിന്റെ ഭാഗവുമാണ്. ദ്വീപിലെ പരമ്പരാഗത നിവാസികൾ ആയത് കൊണ്ട് ലക്ഷദ്വീപുകാർ പട്ടിക വർഗ വിഭാഗത്തിൽ പെട്ടവരാണ്. നമ്മുടെ അട്ടപ്പാടിയിൽ ഉള്ളത് പോലുള്ള ഒരു കാര്യമാണ് അവിടത്തെ മദ്യ നിരോധനം.
  11. പഞ്ചായത്ത് റെഗുലേഷൻ ആക്റ്റ്
  12. ദ്വീപിലെ സർക്കാർ ഓഫീസുകളിലെ താത്കാലിക ജീവനക്കാരെ കൂട്ടത്തോടെ പുറത്താക്കി.
  13. 2 കുട്ടികളിൽ കൂടുതലുള്ളവർക്ക്, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യരാക്കി : ദ്വീപിൽ 80000 ത്തോളം നിവാസികൾ മാത്രമേ ഉള്ളൂ. ഇവിടുത്തെ ജനന നിരക്ക് (1.4), ദേശീയ ജനന നിരക്കിനേക്കാളും ( 2.2) കുറവാണ്. ഭൂരിപക്ഷം മുസ്ലീം ജനവിഭാഗം ആയതിനാൽ, അവർ അവിടെ പെറ്റ് പെരുകുന്ന എന്ന പൊതുബോധം കൊണ്ടുവരുക എന്നതായിരുന്നു ഉദ്ദേശം.
  14. തന്റെ നിർദ്ദേശങ്ങളെ ചോദ്യം ചെയ്തവരെ ജോലിയിൽ തരം താഴ്തി.
  15. സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ, എല്ലാ സഹപ്രവർത്തകർക്കും രാഖി കെട്ടുക

ഇത് ചിലത് മാത്രം , ഇനിയുമുണ്ട് ഏറെ.


ദ്വീപിൽ നിന്നും തദ്ദേശ വാസികളെ ഒഴിപ്പിച്ച്, കോർപ്പറേറ്റുകൾക്ക് പതിച്ച് നൽകുക എന്നതാണ്, ഇവരുടെ ഗൂഡ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത് തന്നെയാണ് അവർ കാശ്മീരിലും ചെയ്തത്. ഈ സംശയത്തിന് ബലം നൽകുന്നതു തന്നെയായിരുന്നു പ്രഫുൽ പട്ടേലിന്റെ ദാമനിലെ കുപ്രസിദ്ധമായ കുടിയൊഴിപ്പിക്കൽ. നാവിക സേനയിലും ലക്ഷദ്വീപ് പോലിസിലും സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനായിരുന്ന രാജേഷ് കല്ലേരിലിൻെറ ലേഖനത്തിൽ അത് വിശദീകരിച്ചിട്ടുണ്ട്. അതും നമുക്കൊന്ന് പരിശോദിക്കാം.

പ്രഫുൽ പട്ടേലും ദാമനും



ദാമനും, ദിയുവും പോർച്ചുഗീസ് കോളനികളായിരുന്നു. പിന്നീട് ഇൻഡ്യൻ യൂണിയൻ ടെറിറ്ററി പ്രദേശങ്ങളായി. കേന്ദ്രം നിയമിക്കുന്ന ഒരു അഡ്മിനിസ്ട്രേറ്ററാണ് അവിടുത്തെ പ്രധാനി. ദാമനും, ദിയുവും, നാഗർ ഹവേലിയുമൊക്കെ ചെറിയ ഡിസ്ട്രിക്റ്റുകളാണ്. അതിനാൽ അതിന്റെ ഒക്കെ അഡ്മിനസ്ട്രേറ്റർമ്മാർ IAS ഉദ്യോഗസ്ഥരാണ്. 
ആദ്യമായി ദാമനിൽ അഡ്മിനിസ്ട്രേറ്റർ പദവിയിൽ എത്തുന്ന ഒരു പൊളിറ്റിക്കൽ അപ്പോയിന്റീ അഡ്മിനിസ്ട്രേറ്റർ ഇതേ പ്രഫുൽ കോഡ പട്ടേൽ തന്നെയായിരുന്നു. 
വന്നിറങ്ങിയ ഉടൻ പട്ടേൽ പണി തുടങ്ങി. ആദ്യം ചെയ്തത്, ദാമന്റെ കടലിനഭിമുഖമായി കിടക്കുന്ന ഒരു കിലോമീറ്റർ നീളമുള്ള പ്രകൃതി മനോഹരമായ വാട്ടർ ഫ്രണ്ട് ഒഴുപ്പിച്ചെടുക്കുക എന്നതായിരുന്നു.

ദമനിൽ, മോട്ടാദമൻ ലൈറ്റ് ഹൗസ് മുതൽ ജംപോർ ബീച്ച് വരെ നീണ്ടുകിടക്കുന്ന, ആദിവാസി-മത്സ്യത്തൊഴിലാളി കുടുംബങ്ങൾ നൂറ്റാണ്ടുകളായി, തലമുറ തലമുറകളായി അധിവസിച്ചിരുന്ന, അവർ കരമൊടുക്കിക്കൊണ്ടിരുന്ന, അവരുടെ പരമ്പരാഗത ആവാസവ്യവസ്ഥയിൽ നിന്ന് ഒരു സുപ്രഭാതത്തിൽ കുടിയിറക്കപ്പെട്ടു. 
പോകാൻ ഇടമില്ലാത്ത, കയറിക്കിടക്കാൻ സ്ഥലമില്ലാത്ത ആ ദരിദ്രനാരായണന്മാർ പ്രതിഷേധവുമായി തെരുവിലിറങ്ങാൻ നിർബന്ധിതരായി. ദമനിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറി അവിടെ സ്ഥിരതാമസമാക്കിയ ഒരുപറ്റം ദമൻകാർ അവരുടെ എം.പി ആയിരുന്ന കീത്ത് വാസ് എന്ന ബ്രിട്ടീഷ് ജനപ്രതിനിധിക്ക് മേൽ തങ്ങളുടെ ഇന്ത്യൻ സഹോദരങ്ങൾക്ക് വേണ്ടി ഇടപെടാൻ സമ്മർദ്ദം ചെലുത്തി. പ്രശ്നത്തിന്റെ മനുഷ്യാവകാശമുഖം ബോധ്യപ്പെട്ട കീത്ത് വാസ് ദമനിലെത്തി പ്രഫുൽ ഘോട പട്ടേലുമായി ചർച്ച നടത്തി. സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന, വെളുത്തവന്റെ കാലുനക്കാൻ ജനിതകപരമായി പ്രാവീണ്യമുള്ളവരുടെ പ്രത്യയശാസ്ത്രം പിൻപറ്റുന്ന പ്രഫുൽ ഘോട പട്ടേൽ കീത്ത് സായിപ്പിനെ പ്രസാദിപ്പിച്ച് തിരിച്ചയച്ചു. സായിപ്പ് തിരികേ ലണ്ടനിൽ വിമാനമിറങ്ങിയതോടെ പട്ടേൽ ഈ സ്ഥലമുൾപ്പെടുന്ന ജില്ല മുഴുവൻ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും രണ്ട് സ്കൂളുകൾ ഏറ്റെടുത്ത് താൽക്കാലിക ജയിലുകളായി പ്രഖ്യാപിക്കുകയും ചെയ്തു. ശേഷം സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട, കയറിക്കിടക്കാൻ ഇടമില്ലാത്ത നിസ്സഹായരായ ആദിവാസികളെ ജയിലിലടച്ച് അവരുടെ വീടുകൾ, തലമുറകളായി അവർ നുള്ളിപ്പെറുക്കി ഉണ്ടാക്കിയ സകലസമ്പാദ്യങ്ങളുമടക്കം ഇടിച്ചുനിരത്തി സ്ഥലം കയ്യേറി പണ്ടാരവകയിൽ വകയിരുത്തി. ഇന്നവിടെ പട്ടേലും അയാളേക്കാൾ മുഴുത്ത സ്രാവുകളുമടങ്ങുന്ന വമ്പന്മാരുടേയും അവരുടെ ബിനാമികളുടേയും സംരംഭങ്ങൾ മുളച്ചുപൊന്തുകയാണ്. 

ആ സ്ഥലം ഇന്ന് ബിനോദ് ചൌധരി എന്ന നേപ്പാളീസ് കോടീശ്വരന്റെ CG Corp ഗ്ലോബലിന്റെ കയ്യിലാണ്. അവിടെ മുക്കുവ കുടിലുകൾ പോലെ കോട്ടേജുകൾ കെട്ടിയിട്ടിട്ടുണ്ട്. ഒരു 2 കിലോമീറ്റർ അപ്പറത്ത് ആ സ്ഥലത്തിന്റെ യഥാർത്ഥ അവകാശികൾ ചേരിയിൽ ടെന്റ് കെട്ടി താമസിക്കുന്നുമുണ്ട്.




ന്യായീകരണങ്ങൾ :-


ഇത്തിരി 'ദേശസ്നേഹവും', ഇത്തിരി 'വികസനവും', ഇച്ചിരി മുസ്ലീം വിരുദ്ധതയും തള്ളി കൊടുത്താൽ, കുറേ ന്യായീകരണ സംഘപരിവാർ കുഞ്ഞുങ്ങൾ കമിഴ്ന്നു കിടന്ന് ന്യായീകരിച്ചോളുമെന്ന് അവർക്ക് നന്നായി അറിയാം. 2021 മാർച്ചിൽ ലക്ഷദ്വീപ് മിനിക്കോയ് ദ്വീപിന് 90 നോട്ടിക്കൽ മൈൽ (166 KM) തെക്ക് പടിഞ്ഞാറായി മയക്കുമരുന്നും തോക്കുകളുമായി 3 ശ്രീലങ്കൻ ബോട്ടുകൾ പിടിച്ചിരുന്നു. ബോട്ട് പിടിക്കപ്പെട്ടത്, അന്താരാഷ്ട്ര കപ്പൽ റൂട്ടിലാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരെല്ലാം ശ്രീലങ്കക്കാരായിരുന്നു. പാക്കിസ്ഥാനിലെ ബലൂജിസ്ഥാൻ കേന്ദ്രീകരിച്ചുള്ള മാഫിയ, ഇന്ത്യൻ കടലിലൂടെ ശ്രീലങ്കയിലേക്കും ഇന്ത്യയിലേക്കും മയക്കുമരുന്ന് കടത്തിയതായിരുന്നു ഈ സംഭവം. ചൈനീസ് നിയന്ത്രണത്തിലുള്ള പാക്കിസ്ഥാനിലെ ഗ്യാഥർ തുറമുഖത്തു നിന്നും ശ്രീലങ്കയിലേക്ക് മയക്കുമരുന്നും തോക്കും ശ്രീലങ്കക്കാർ, ലക്ഷദ്വീപ് കടലിലൂടെ കള്ളക്കടത്ത് നടത്തിയതിനേക്കുറിച്ചായിരുന്നു ആ വാർത്ത





   അനീഷ് പന്തലാനി






No comments:

Post a Comment