Pages

Mar 24, 2021

കേരളവും മലയാളിയുടെ പൊതുകടവും

                                                                                    Photo credit: fullfact.org

LDF സർക്കാരിന്റെ വികസന- ജനക്ഷേമ പ്രവർത്തനങ്ങളുടെ ഏത് പോസ്റ്റ് സോഷ്യൽ മീഡിയായിൽ ഇട്ടാലും, കപട നിഷ്കുകളും കോ-ലി-ബി സഖ്യത്തിന്റെ അണികളും നമ്മുടെ പൊതു കടത്തെക്കുറിച്ചുള്ള കമന്റുകളുമായി യാണ് വരാറുള്ളത് (മറ്റൊന്നും പറയാൻ ഇല്ല എന്ന വസ്തുത അവർ തന്നെ സമ്മതിക്കുന്നു എന്നതാണ് സത്യം). പിണറായി സർക്കാർ കേരളത്തിന്റെ പൊതുകടം ഭീമമായി വർദ്ധിപ്പിച്ച്, നമ്മളെ എല്ലവരെയും കടക്കെണിയിലക്ക് തള്ളിവിട്ടു എന്നതാണ് അവരുടെ പൊതുഭാഷ്യം. എന്നാൽ ഇനി അതിനെക്കുറിച്ച് ഒന്ന് പരിശോധിക്കാം എന്ന് വിചാരിച്ചു ( ഇവരോട് കണക്കുകൾ നിരത്തി സംവദിക്കുന്നതിൽ ഒരു പ്രയോജനവും ഇല്ല എന്ന ബോധ്യത്തോടു കൂടി തന്നെ).

ആദ്യമേ പറയട്ടെ, ഒരു സംസ്ഥാനത്തിന് കേന്ദ്ര അനുമതി ഉണ്ടെങ്കിൽ മാത്രമേ കടം എടുക്കുവാൻ സാധിക്കുകയുള്ളൂ. സമ്പത് വ്യവസ്ഥ വളരുംതോറും കടം എടുക്കുവാനുള്ള പ്രാപ്തിയും വർദ്ധിക്കും. അതിനാൽ റവന്യൂ കമ്മി, ധനകമ്മി തുടങ്ങിയവയുമായി താരത്മ്യം ചെയ്ത് മാത്രമേ കടം എത്ര എന്ന് വിലയിരുത്താനാവുകയുള്ളൂ.

ആസ്തിക്കനുസരണമായി കടം എടുക്കുകയും ആ പണം വിനിയോഗിച്ച് ആസ്തികൾ വർദ്ധിക്കകയും ചെയ്യുക എന്നതാണ് ഏതൊരു കാര്യക്ഷമമായ സർക്കാരുകളും ചെയ്യുന്നത്. കടം വാങ്ങി ആസ്തിവികസനം നടത്താതെ, മറ്റ് ചിലവുകൾ നടത്തുമ്പോഴാണ്, കടം ഒരു ബാധ്യതയായി വരുന്നത്. കിഫ്‌ബി പോലുള്ള പദ്ധതികൾ കേരളത്തിൽ ആരംഭിച്ചത് ഈ പ്രശ്നം ഇല്ലാതാക്കുവാനാണ്. അതായത്, കടം എടുക്കുന്നതുക അടിസ്ഥാന സൗകര്യവികസനത്തിന് മാത്രമേ ഉപയോഗിക്കൂ എന്ന ഉറപ്പു വരുത്തുവാൻ.

2003ൽ കേന്ദ്രം പാസ്സാക്കിയ FRBM (Fiscal Responsibility and Budget Management Act, 2003) പ്രകാരം ആഭ്യന്തരോത്പാദനത്തിന്റെ (GDP/GSDP) ഒരു നിശ്ചിതപരിധിയിൽ കൂടുതൽ ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെയും പൊതുക്കടം വാങ്ങാൻ കഴിയില്ല. അതായത്, ആഭ്യന്തരോത്പാദനം വർദ്ധിപ്പിച്ചാൽ മാത്രമേ, എടുക്കാൻ കഴിയുന്ന കടത്തിന്റെ അളവും വർദ്ധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ പൊതുക്കടം, സാധാരണഗതിയിൽ, ഒരു സമ്പദ്‌വ്യവസ്ഥയുടെ ശേഷിയെ കൂടിയാണ് സൂചിപ്പിക്കുന്നത്. 2020 - 21 ലെ GSP (Gross State Product) പ്രകാരം, കേരളം രാജ്യത്തെ 13-ാംമത്തെ വലിയ സാമ്പത്തിക സംസ്ഥാനമാണ്. ആളോഹരി GSP യിൽ , രാജ്യത്തെ ആറാമത്തെ വലിയ സാമ്പത്തിക സംസ്ഥാനം കൂടിയാണ് കേരളം. 2016 - 2020 കാലഘട്ടത്തിൽ , ദേശീയ സാമ്പത്തിക വളർച്ചാ നിരക്കിനേക്കാൾ കൂടിയ വളർച്ചാ നിരക്ക് കേരളം കൈവരിച്ചു. ഈ കാലഘട്ടത്തിലാണ്, കേരള സംസ്ഥാനം മറ്റൊരു കാലഘട്ടത്തിലും അനുഭവിച്ചിട്ടില്ലാത്ത പ്രകൃതി ദുരന്തങ്ങളിലൂടെ കടന്നുപോയതെന്നും ഓർക്കേണ്ടതുണ്ട്.

ഇന്ത്യയിലെ ചില സംസ്ഥാന സർക്കാരുകളുടെ Debt/GDP അനുപാതം നമുക്ക് ഒരു താരതമ്യത്തിനായി നോക്കാം.

[The debt-to-GDP ratio is a simple way of comparing a nation's economic output (as measured by gross domestic output) to its debt levels. In other words, this ratio tells analysts how much money the country earns every year, and how that compares to the money that country owes. The debt is expressed as a percentage of GDP]

ഇന്ത്യ: 72% (ഫെബ്രുവരി 2021)

കേരളം: 27.3% (FY 2020)
ഉത്തർ പ്രദേശ്: 38.1% (FY 2020)
പഞ്ചാബ്: 39.9% (FY 2020)
രാജസ്ഥാൻ: 33.6% (FY 2020)

2019 ലെ കണക്ക് പ്രകാരം ഇതിൽ ഏറ്റവും മോശം പെർഫോമൻസുള്ള സംസ്ഥാനങ്ങൾ പഞ്ചാബ്, (39. 9%), ഉത്തർപ്രദേശ് (38.1%), ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ബംഗാൾ തുടങ്ങിയവയാണ്.


കേരളത്തിന്റെ പൊതു കടത്തിന്റെ വാർഷിക വർദ്ധനവ്


ഇനി നമ്മുടെ പോയിന്റിലേക്ക് വരാം. 2012 മുതൽ 2020 കാലഘട്ടം വരെ, കേരളത്തിന്റെ പൊതു കടത്തിൽ ഉണ്ടായ വാർഷിക വർദ്ധനവ് നമുക്ക് പരിശോധിക്കാം. ഈ കണക്കുകൾ നിയമസഭാ രേഖകളിൽ നിന്നും എടുത്തിട്ടുള്ളതാണ്.

2012 - 13 :- 16.92 %
2013 - 14 :- 15.52 %
2014 - 15 :- 15.18 %
2015 - 16 :- 14.15 %
2016 - 17 :- 14.72 %
2017 - 18 :- 13.59 %
2018 - 19 :- 10.19 %
2019 - 20 :- 8.58 %

അതായത്, 31000 കോടി രൂപായിൽ അധികം നാശനഷ്ടമുണ്ടാക്കിയ 2018 ലെ മഹാ പ്രളയവും 2019 ലെ തുടർ പ്രളയവും ഖാഘിയും നിപ്പയും നോട്ട് നിരോധനവും GST യും കോവിഡും ലോക് ഡൗണും തുടങ്ങിയ, കേരളം ഒരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴും പ്രളയംമൂലം സംസ്ഥാനമൊട്ടാകെ തകർന്ന റോഡുകളും പാലങ്ങളും പുന:നിർമ്മിക്കേണ്ടി വന്നപ്പോഴും കോവിഡ് രോഗികൾക്ക് സൗജന്യമായി കോറന്റയിൽ സൗകര്യങ്ങളും ചികിത്സയും നൽകിയപ്പോഴും, കടമെടുക്കലിന്റെ പ്രതിവർഷവർദ്ധനവ്, കഴിഞ്ഞ UDF ഭരണകാലത്തേക്കാളും വളരെ അധികം കുറക്കുവാൻ ഈ സർക്കാരിന് സാധിച്ചു എന്നതാണ് വസ്തുത. ഈ കാലഘട്ടത്തിൽ തന്നെയാണ് , വീട്ടില്ലായിരുന്ന രണ്ടരലക്ഷത്തിൽപരം കുടുംബങ്ങൾക്ക് സർക്കാർ വീട് പണിത് കൊടുത്തത് എന്നും കേരളത്തിലെ പൊതു വിദ്യാലയങ്ങൾ ഹൈടെക്കാക്കി ഉയർത്തിയത് എന്നും ഇവിടുത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടതെന്നതും നാം കൂട്ടി വായിക്കണം. കേന്ദ്രം, കേരള സർക്കാരിന് നൽകാനുണ്ടായിരുന്ന GST കുടിശിക, നൽകാതിരുന്നതും ഈ കാലഘട്ടത്തിൽ തന്നെ ആയിരുന്നു.

ഒന്ന് കൂടിയുണ്ട് , കഴിഞ്ഞ UDF ഭരണത്തിൽ കേരളത്തിന്റെ സാമ്പത്തിക വളർച്ച 4.9 % ആയിരുന്നു. എന്നാൽ ഈ പ്രതിസന്ധി ഘട്ടങ്ങളിലും ഈ സർക്കാരിന്റെ ഭരണത്തിൽ സാമ്പത്തിക വളർച്ച 5.9 % ആയി ഉയർന്നു.

ഇനി, കോ-ലി-ബി യിലെ "ബി" കാർക്കുള്ളതാണ്.

റിസർവ്വ് ബാങ്കിലെ കരുതൽ ധനത്തിൽ കൈവെച്ചും BPCL പോലുള്ള ലാഭത്തിലുള്ള സ്ഥാപനങ്ങൾ വരെ വിറ്റും രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെ തകിടം മറിച്ച കേന്ദ്ര സർക്കാരിന്റെ സ്തുതിപാടകരാണ് ഈ ടീം.

ഇന്ത്യയുടെ പൊതുകടം ഇപ്പോൾ 555 ബില്യൺ ഡോളറിന് മുകളിലാണ്. 2020 മാർച്ചിലെ കണക്കനുസരിച്ച് രാജ്യത്തിന്റെ GDP യുടെ 20.6% ആയിരുന്ന പൊതുകടം 2020 ജൂണിൽ 21.8 % ആയി ഉയർന്നു എന്ന് പറയുമ്പോൾ, രാജ്യത്തിന്റെ പോക്ക് എങ്ങോട്ടെന്ന് ഏതൊരു വ്യക്തിക്കും മനസിലാവും.

2018 - 19 കാലഘട്ടത്തിൽ മാത്രം നമ്മുടെ രാജ്യത്തിന്റെ പൊതു കടത്തിന്റെ പലിശ മാത്രം നൽകിയത് 5.75 ലക്ഷം കോടി രൂപാ ആയിരുന്നു. ഒരു വർഷംകൊടുക്കുന്ന ഈ പലിശ മാത്രം, രാജ്യത്തിന്റെ മൊത്തവരുമാനത്തിന്റെ 40% വരും.

2018 - 19 കാലയളവിൽ, രാജ്യം കടം എടുത്ത തുക 6.24 ലക്ഷം കോടി രൂപായായിരുന്നു. അതായത് കടം എടുത്ത 6.24 ലക്ഷം കോടി രൂപയിൽ 5.75 ലക്ഷം കോടി രൂപായും ചിലവഴിച്ചത് പലിശ കൊടുക്കാൻ മാത്രമെന്ന് അർത്ഥം.

ഇന്ന് നമ്മൾ ചെലവാക്കുന്ന പണമാണ് നാളെ നമ്മുടെ നാടിന്റെ വികസനത്തിന് അടിത്തറയിടുന്നത്. കടമെടുത്താൽ, നാളെ അത് തിരിച്ചു കൊടക്കുവാൻ പാകത്തിന് നമ്മുടെ സമ്പദ് വ്യവസ്ഥയെ വളർത്തുന്നുണ്ടോ എന്നതാണ് പ്രധാനം. അടിസ്ഥാന സൗകര്യവികസനത്തിലൂടെ സാധ്യമാക്കുന്നതും അത് തന്നെയാണ്.



- അനീഷ് പന്തലാനി