Jul 13, 2020

പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസും സുപ്രീം കോടതി വിധിയും

എന്താണ് പദ്മനാഭ സ്വാമി ക്ഷേത്ര കേസ്?

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം രാജകുടുംബം കടത്തിക്കൊണ്ടു പോകുന്നുവെന്ന് പരാതിപ്പെട്ട് സുന്ദരരാജൻ എന്ന മുൻ IPS ഉദ്യോഗസ്ഥനായ ഭക്തൻ ഹൈക്കോടതിയെ സമീപിക്കുന്നു. നിലവറകളിലെ നിധിശേഖരം തിട്ടപ്പെടുത്തണമെന്നും, ക്ഷേത്ര ഭരണം സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐ.ബി സംഘത്തിലെ ഇന്ദിരാ ഗാന്ധിക്ക് ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു സുന്ദരരാജന്‍.  മുൻ national security advisor MK നാരായണനും ഇദ്ദേഹവും സഹപ്രവർത്തകർ ആയിരുന്നു. ഒരു കറതീർന്ന ഭക്തനായിരുന്നു അദ്ദേഹം. സുന്ദരരാജിന്റെ അച്ഛന്‍ ടി.കെ. പദ്‌മനാഭ അയ്യര്‍ക്ക്‌ പ്രമേഹം ബാധിച്ച്‌ കാഴ്ച നഷ്‌ടപ്പെട്ടപ്പോള്‍ അദ്ദേഹത്തെ പദ്‌മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന്‌ കൊണ്ടുപോകാന്‍ വേണ്ടി ജോലി രാജിവെച്ച് നാട്ടിലെത്തിയ  വ്യക്തിയാണ് ഇദ്ദേഹം. പിന്നീട് സുന്ദര രാജൻ സുപ്രീം കോടതിയില്‍ അഭിഭാഷകനായി. പിന്നീട്‌ പ്രാക്‌ടീസ്‌ നിര്‍ത്തി പൂര്‍ണസമയവും ഭക്തിയുടെ വഴിയിലായിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മോഷണം പോകുന്നുണ്ടെന്ന് ആരോപിച്ച്‌ ഹൈക്കോടതിയെ സമീപിച്ചതോടെയാണ്‌ സുന്ദരരാജന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്‌.

എന്തായിരുന്നു ഹൈക്കോടതിയിലെ കേസ്?

തിരുവിതാംകൂറിലെ അവസാന മഹാരാജാവായ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മ നാട് നീങ്ങിയപ്പോൾ  പദ്മനാഭ സ്വാമി ക്ഷേത്രഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കാതെ മഹാരാജാവിന്റെ സഹോദരനായ ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമയെ ക്ഷേത്ര ഭരണം ഏൽപ്പിച്ചത് നിയമ വിരുദ്ധമാണെന്നും ക്ഷേത്രത്തിൽ നിന്നും സ്വർണം മോഷണം പോകുന്നുണ്ട് എന്നും ആരോപിച്ചാണ് സുന്ദരരാജൻ ഹർജി നൽകിയത്. ഗുരുവായൂര്‍ മാതൃകയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് ഭരണ സംവിധാനമുണ്ടാക്കണം, ക്ഷേത്രം സംരക്ഷിത സ്മാരകം ആക്കാൻ കേന്ദ്ര പുരാവസ്തു വകുപ്പിന് നിർദേശം നൽകണം എന്നിങ്ങനെ ആയിരുന്നു സുന്ദരരാജന്റെ ആവശ്യങ്ങൾ.

 

സ്ഥാന സർക്കാരിന്റെ റോൾ എന്ത്?

സംസ്ഥാന സർക്കാർ ക്ഷേത്രം ഏറ്റെടുക്കാൻ തയ്യാറാകാത്തത് നിയമവിരുദ്ധമാണെന്ന് സുന്ദരരാജൻ ആരോപിച്ചു. തുടർന്ന് ക്ഷേത്രം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം തേടി.

 

എന്തായിരുന്നു അന്നത്തെ ഇടതു സർക്കാരിന്റെ നിലപാട്?

ക്ഷേത്രഭരണം നിലവിൽ നല്ല നിലയിൽ നടക്കുന്നതിനാൽ ക്ഷേത്ര ഭരണത്തിൽ ഇടെപെടേണ്ടതില്ല എന്നാണ് അന്ന് ഭരണത്തിലിരുന്ന എൽഡിഎഫ് സർക്കാർ കോടതിയെ അറിയിച്ചത്.

 

സർക്കാർ നിലപാടിന്മേൽ കോടതിയുടെ നിരീക്ഷണം എന്തായിരുന്നു?

സംസ്ഥാന സർക്കാരിന്റെ നിലപാട് നിയമപരമോ നീതിയുക്തമോ അല്ലെന്ന് കോടതി വിമർശിച്ചു. ഭരണഘടനയിലെ 26-ആം വകുപ്പിന്റെ ഭേദഗതിയിലൂടെ നാട്ടുരാജാക്കന്മാർക്കുള്ള പ്രിവിപേഴ്‌സും മറ്റ് ആനുകൂല്യങ്ങളും നിർത്തിയിട്ടുണ്ട്. അവസാനത്തെ രാജാവായ ചിത്തിര തിരുനാൾ നാട് നീങ്ങിയതോടെ ക്ഷേത്രത്തിന്റെ അധികാരം സർക്കാരിൽ നിക്ഷിപ്തമാവും എന്നാണ് തിരുവിതാംകൂർ മതധർമ്മ സ്ഥാപന നിയമം വ്യവസ്ഥ ചെയ്യുന്നത്. ഭരണഘടനയുടെ 366-ആം അനുച്ഛേദ പ്രകാരം ചിത്തിരതിരുനാൾ മഹാരാജാവിന്റെ കാലശേഷം രാജാവ് എന്ന പദവിയുടെ അർഹത സർക്കാരിനാണ് എന്നും കോടതി നിരീക്ഷിച്ചു.

 

ഹൈക്കോടതിയുടെ മറ്റു നിരീക്ഷണങ്ങൾ എന്തെല്ലാം?

പൊതുജനങ്ങളിൽ നിന്നുള്ള പണം ക്ഷേത്രമുൾപ്പെടെയുള്ള മതസ്ഥാപനങ്ങളിൽ സ്വീകരിക്കപ്പെടുമ്പോൾ അതിന്റെ കണക്ക് പൊതുജനങ്ങളെ അറിയിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. ഈ പണം വ്യക്തിപരമായ നേട്ടങ്ങക്കായി വിനിയോഗിക്കപ്പെടരുത്. ഈ പണം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാൻ അനുവദിക്കുന്നത് ദൈവത്തിന്റെ പേരിൽ കച്ചവടത്തിന് അനുമതി നൽകുന്നതിന് സമാനമാണ്.

 

എന്തായിരുന്നു രാജകുടുംബത്തിന്റെ വാദം?

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ കുടുംബ ക്ഷേത്രമാണ്. ഇവിടെ സർക്കാരിനോ പൊതുജനങ്ങൾക്കോ ഇടപെടാൻ കഴിയില്ല.

 

കോടതി നിരീക്ഷണം

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രം അല്ലെന്ന് കോടതി വ്യക്തമാക്കി. അവസാന മഹാരാജാവിന്റെ കാലശേഷം സർക്കാരിന്റെ അനുമതിയോടെ ക്ഷേത്രഭരണം തുടർന്ന ഉത്രാടം തിരുനാൾ മാര്‍ത്താണ്ഡവര്‍മ്മ ക്ഷേത്രത്തിന്റെ സ്വത്തിന്റെയും അമൂല്യനിധിയുടെയും ചിത്രമെടുത്തത് ഭക്തരുടെ എതിർപ്പിന് കാരണമായി. ക്ഷേത്രത്തിന്റെ സ്വത്ത് രാജകുടുംബത്തിന്റേതാണെന്ന് പത്രപരസ്യവും നൽകി.

 

ഹൈക്കോടതി വിധി എന്തായിരുന്നു?

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം നിയമാനുസൃത ട്രസ്റ്റോ ഭരണ സമിതിയോ ഉണ്ടാക്കി സംസ്ഥാന സർക്കാർ മൂന്ന് മാസത്തിനകം ഏറ്റെടുക്കണം എന്ന് 2011 ജനുവരി 31ന് ഹൈക്കോടതി വിധിച്ചു. 3 മാസത്തിനകം ഏറ്റെടുക്കണം എന്ന കർശന ഉത്തരവാണ് ഹൈക്കോടതി വിധിച്ചത്. അവസാന രാജാവായ ചിത്തിര തിരുനാളിന് ശേഷം ക്ഷേത്രത്തിന്റെ അവകാശം അനന്തരാവകാശികൾക്ക് കിട്ടില്ല. അവകാശം സർക്കാരിൽ നിക്ഷിപ്തമാണെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാർ ട്രസ്റ്റുണ്ടാക്കി ക്ഷേത്രം ഏറ്റെടുക്കും വരെ ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ കലവറ തുറക്കുകയോ അതിനുള്ളിലെ വസ്തുക്കൾ എടുത്തുമാറ്റുകയോ ചെയ്യരുത് എന്ന് നിർദ്ദേശം നൽകി. എന്നാൽ നിത്യപൂജക്കും ആചാരാനുഷ്ടാനങ്ങൾക്കും ആവശ്യമായവ എടുക്കാവുന്നതാണ്. ഉത്രാടം തിരുനാളിനും അദ്ദേഹത്തിന്റെ അനന്തരാവകാശികൾക്കും ക്ഷേത്രത്തിലെ ആറാട്ട് തുടങ്ങിയ ആചാരാനുഷ്ടാനങ്ങളിൽ പദ്മനാഭ ദാസനെന്ന നിലയിൽ പങ്കെടുക്കാം എന്നും കോടതി വ്യക്തമാക്കി.

ഗുരുവായൂർ ദേവസ്വത്തിന്റെ മാതൃകയിൽ സമിതിയോ ട്രസ്റ്റോ ഉണ്ടാക്കാം. സർക്കാർ നിയോഗിക്കുന്ന സത്യസന്ധരായ വ്യക്തികളുടെ സമിതി കല്ലറ തുറന്ന് അമൂല്യവസ്തുക്കളുടെ പട്ടിക തയ്യാറാക്കണം. രാജകുടുംബത്തിന്റെയോ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ ആവണം ഇത്. ഇവ ക്ഷേത്ര പരിസരത്ത് മ്യൂസിയം ഉണ്ടാക്കി അതിൽ പ്രദർശനത്തിന് വെക്കണം. വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചിട്ടുള്ളതിനാൽ സുരക്ഷ പോലീസിനെ ഏൽപ്പിക്കുകയോ പോലീസിന്റെ സഹായം ഉറപ്പുവരുത്തുകയോ ചെയ്യണം.

 

ഹൈക്കോടതി വിധിയെത്തുടർന്ന് എന്ത് നടന്നു?

27- 4- 2011ന് ഹൈക്കോടതി വിധിക്ക് എതിരെ മുൻ തിരുവിതാംകൂർ രാജ കുടുംബത്തിന് വേണ്ടി ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നു. തുടർന്ന് കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്യുന്നു. ഒപ്പം ചില നിർദേശങ്ങളും പുറപ്പെടുവിക്കുന്നു

 

എന്തൊക്കെ ആയിരുന്നു സുപ്രീംകോടതി നിർദ്ദേശങ്ങൾ?

നിലവറകളിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് നടത്തുക. വിവരം കോടതിക്ക് നൽകുക. ക്ഷേത്ര സുരക്ഷയ്ക്ക് കൂടുതൽ പോലീസ് സംവിധാനം ഏർപ്പാടുക്കുക.

 

സുപ്രീകോടതിയിൽ പിന്നീട് എന്ത് നടന്നു?

ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് തർക്കം ഉണ്ടാവുകയും ബി നിലവറ തുറക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിർദ്ദേശിക്കുകയും ചെയ്തു. മുൻപ് ഉണ്ടായിരുന്ന നിരീക്ഷണ സമിതിയെ ഒഴിവാക്കി 5 അംഗ വിദ്ഗദ സമിതി ഉണ്ടാക്കി. ഈ സമിതിക്ക് മുകളിൽ ഒരു മൂന്ന് അംഗ മേൽനോട്ട സമിതിയും ഉണ്ടാക്കി. കേസിൽ കോടതിയെ സഹായിക്കാൻ പ്രശസ്ത അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തെ അമിക്കസ് ക്യൂറി ആയി നിയമിച്ചു. സുപ്രീംകോടതിയെ സമീപിച്ച ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ മരിച്ചതിനെ തുടർന്ന് മൂലം തിരുനാൾ രാമവർമ്മ കക്ഷിയായി ചേരുന്നു. സുപ്രധാനവും സമ്പന്നവുമായ ക്ഷേത്രത്തിന്റെ സ്വത്തുക്കൾ ശരിയായ വിധത്തിൽ അല്ല രാജകുടുംബം പരിപാലിച്ചിരുന്നത് എന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകി. അമിക്കസ് ക്യൂറി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിൽ 5 അംഗ ഭരണ സമിതി സുപ്രീംകോടതി രൂപീകരിച്ചു. തന്ത്രി, മുഖ്യ നമ്പി, ജില്ലാ ജഡ്ജി ശുപാർശ ചെയ്യുന്ന രണ്ട് അംഗങ്ങൾ എന്നിവർ അടങ്ങുന്ന സമിതി( ഈ സമിതിയാണ് ഇപ്പോഴും ക്ഷേത്രഭരണം നിർവഹിക്കുന്നത്). ക്ഷേത്ര സ്വത്തുക്കളുടെയും മറ്റും ഓഡിറ്റിന് മുൻ സിഎജി വിനോദ് റായിയെ കോടതി ചുമതലപ്പെടുത്തി. ഓഡിറ്റിൽ ലക്ഷക്കണക്കിന് കോടിരൂപയുടെ സ്വത്ത് വിലയിരുത്തുന്നു. രാജകുടുംബത്തിന്റെ അധീനതയിൽ ആയിരുന്ന കാലത്തെ ഗുരുതരമായ ക്രമക്കേടുകളും വിനോദ് റായിയുടെ റിപ്പോർട്ടിലുണ്ട്.

 

സംസ്ഥാന സർക്കാർ എന്നെങ്കിലും ക്ഷേത്ര ഭരണം ഏറ്റെടുത്തിരുന്നോ?

ഏറ്റെടുത്തിരുന്നില്ല. കോടതി നിർദ്ദേശപ്രകാരമുള്ള സമിതി തന്നെയാണ് ഭരണം നടത്തിയിരുന്നത്. ഈ കേസ് സുപ്രീംകോടതിയിൽ നടക്കുമ്പോൾ രാജകുടുംബത്തെ കൂടി ഉൾപ്പെടുത്തിയുള്ള പ്രത്യേക സമിതിയോ ബോർഡോ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ദൈനംദിന ഭരണം കൈകാര്യം ചെയ്യണം എന്നായിരുന്നു സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്.

 

ഇന്നത്തെ സുപ്രീംകോടതി വിധി എന്ത്?

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരും എന്നും എന്നാൽ അതിന്‍റെ നടത്തിപ്പിൽ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. രാജകുടുംബ പ്രതിനിധിയും സംസ്ഥാന സർക്കാർ പ്രതിനിധിയും അടങ്ങുന്ന പുതിയ ഭരണസമിതിയെ ക്ഷേത്ര ഭരണം ഏൽപ്പിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ നിലവിലുള്ള ഭരണ സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം എന്നും സുപ്രീംകോടതി നിർദ്ദേശിക്കുന്നു.

 

വിധി രാജകുടുംബത്തിന് അനുകൂലമാണോ?

അനുകൂലമാണോ എന്ന് ചോദിച്ചാൽ അനുകൂലമാണെന്ന പ്രചാരണം വരുമ്പോഴും യഥാർത്ഥത്തിൽ ക്ഷേത്രഭരണം രാജകുടുംബത്തിന്റെ സ്വകാര്യ ഭരണത്തിലായിരുന്ന സ്ഥിതി പൂർണമായും ഇല്ലാതായി. ഭരണസമിതിയിൽ അംഗത്വം കിട്ടിയത് മാത്രമാണ് രാജകുടുംബത്തിന്  ആശ്വസിക്കാൻ വക നൽകുന്നത്. എന്നാൽ സംസ്ഥാന സർക്കാരും രാജകുടുബത്തിനും ഭരണസമിതിയിൽ അംഗത്വം നൽകണം എന്ന നിലപാടിൽ തന്നെ ആയിരുന്നു.

 

വിധി സംസ്ഥാന സർക്കാരിന് തിരിച്ചടിയാണോ?

സംസ്ഥാന സർക്കാരിന് ഈ കേസിൽ ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. സംസ്ഥാന സർക്കാർ പദ്മനാഭ സ്വാമി ക്ഷേത്രം ഏറ്റെടുത്തു ഒരു ഉത്തരവോ തീരുമാനമോ ഇതേവരെ കൈക്കൊണ്ടിരുന്നില്ല. ക്ഷേത്ര ഭരണം നൽകണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചിട്ടുമില്ല. ഭക്തരുടെ ഹർജിയെ തുടർന്നാണ് ഹൈക്കോടതി ക്ഷേത്ര ഭരണം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം എന്ന് ഉത്തരവിട്ടത്. സംസ്ഥാന സർക്കാരിനും എൽഡിഎഫിനും ഏറ്റ തിരിച്ചടിയാണ് ഇപ്പോഴത്തെ വിധി എന്ന് പറയുന്നവർ മൂഢന്മാരുടെ സ്വർഗത്തിലാണ്.

 

സംസ്ഥാന സർക്കാരും രാജകുടുംബവും തമ്മിൽ തർക്കമുണ്ടോ? 

പിണറായി സർക്കാരും രാജകുടുംബവും തമ്മിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് യാതൊരുവിധ തർക്കങ്ങളും നിലവിലില്ല.

 

 

സുപ്രീംകോടതി വിധിയെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്തോ?

സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വാഗതം ചെയ്തു. സുപ്രീംകോടതി വിധി എന്തുതന്നെ ആയാലും നടപ്പിലാക്കുക തന്നെ ചെയ്യും എന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. സുപ്രീംകോടതി സമാനമായ കേസുകളിൽ നടത്തിയ വിധികളോടെല്ലാം ഇതേ നിലപാട് തന്നെയാണ് സംസ്ഥ സർക്കാർ സ്വീകരിച്ചിരുന്നത്. സുപ്രീംകോടതി സംസ്ഥാന സർക്കാരിനെതിരെ ഒരു പരാമർശവും ഈ വിധിയിൽ നടത്തിയിട്ടില്ല. പുതിയ ഭരണ സമിതിയെ തീരുമാനിക്കുന്നതും സംസ്ഥാന സർക്കാർ ആവും. സംസ്ഥാന സർക്കാരും രാജകുടുംബവും ഒത്തുചേർന്ന് നല്ലരീതിയിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണം മുന്നോട്ട് കൊണ്ടുപോകും.

വിധിയുടെ വിവരങ്ങൾ :-

ശ്രീ പത്മനാഭസ്വാമി ക്ഷേത്രഭരണത്തിനായി അഞ്ചംഗ ഭരണസമിതിയും മൂന്നംഗ ഉപദേശകസമിതിയും രൂപീകരിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ 25 വർഷത്തെ ഓഡിറ്റ്‌ നടത്തണമെന്നും ക്ഷേത്രസ്വത്തുക്കൾ ദുർവിനിയോഗം ചെയ്‌തിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഭരണസമിതി

ചെയർപേഴ്‌സൺ: തിരുവനന്തപുരം ജില്ലാജഡ്‌ജി.
രാജകുടുംബം നാമനിർദേശം ചെയ്യുന്ന അംഗം, സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യുന്ന അംഗം, കേന്ദ്ര സാംസ്‌കാരികവകുപ്പ്‌ നാമനിർദേശം ചെയ്യുന്ന അംഗം, ക്ഷേത്രം മുഖ്യതന്ത്രി.

ഉപദേശകസമിതി

ചെയർപേഴ്‌സൺ: വിരമിച്ച ഹൈക്കോടതി ജഡ്‌ജി.
രാജകുടുംബാംഗം ശുപാർശ ചെയ്യുന്ന പ്രമുഖ വ്യക്തി, രാജകുടുംബവും ചെയർപേഴ്‌സണും ചർച്ച ചെയ്‌ത്‌ നിയമിക്കേണ്ട ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌.

സമിതികളുടെ കർത്തവ്യം

● ക്ഷേത്ര സ്വത്തും നിധികളും സംരക്ഷിക്കണം.
● പാട്ടത്തിനോ വാടകക്കോ‌ കൊടുത്ത എല്ലാ വസ്‌തുവകകളിൽനിന്നും ആദായം ലഭിക്കാന്‍ നടപടിയെടുക്കണം.
● മുഖ്യ തന്ത്രിയുടെ മേൽനോട്ടത്തിൽ മതപരമായ എല്ലാ ആചാരവും അനുഷ്‌ഠാനവും നടക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കണം.
● സംസ്ഥാന സർക്കാർ ക്ഷേത്രത്തിനുവേണ്ടി വിനിയോഗിച്ച തുക മടക്കിക്കൊടുക്കാൻ നടപടിയെടുക്കണം.
● ക്ഷേത്രവരുമാനവും കാണിക്കയും ഭക്തരുടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ വിനിയോഗിക്കണം.
● നല്ല ആദായം ഉണ്ടാകുന്ന സുരക്ഷിതമായ പദ്ധതികളിൽ നിക്ഷേപിക്കണം.
● അമിക്കസ്‌ ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നപോലെ 25 വർഷത്തെ കണക്കെടുപ്പ്‌ നടത്താൻ ഉത്തരവ്‌ പുറപ്പെടുവിക്കണം. സൽപേരുള്ള ചാർട്ടേഡ്‌ അക്കൗണ്ടന്റുമാർ ഉള്ള സ്ഥാപനത്തെ‌ ചുമതല ഏൽപ്പിക്കണം.
● ക്ഷേത്ര സമ്പത്ത്‌ ഏതെങ്കിലും രീതിയിൽ ദുർവിനിയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കണം.
● ബി നിലവറ തുറന്ന്‌ കണക്കെടുപ്പ്‌ നടത്തണോയെന്ന കാര്യം പരിശോധിച്ച്‌ തീരുമാനം എടുക്കണം.
● ക്ഷേത്രപരിസരത്തെ സൗകര്യം മെച്ചപ്പെടുത്തണം. ആധുനിക സജ്ജീകരണങ്ങൾ ഒരുക്കണം.
● എന്തൊക്കെ നടപടി സ്വീകരിച്ചെന്ന്‌ ഡിസംബർ രണ്ടാംവാരം സുപ്രീംകോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കണം. അടുത്ത റിപ്പോർട്ട്‌ 2021 മാർച്ചിൽ നൽകണം.
● എല്ലാവർഷവും സംസ്ഥാന അക്കൗണ്ടന്റ്‌ ജനറലിന്‌ കണക്ക് സമർപ്പിക്കണം.

മറ്റ്‌ നിർദേശങ്ങൾ

● നാല്‌ ആഴ്‌ചയ്‌ക്കുള്ളിൽ ഉപദേശസമിതിയും ഭരണസമിതിയും രൂപീകരിക്കണം.
● പുതിയ ഭരണസമിതി എക്‌സിക്യൂട്ടീവ്‌ ഓഫീസറെ നിയമിക്കണം.
● ക്ഷേത്രസുരക്ഷയ്‌ക്കുവേണ്ടിയുള്ള പൊലീസുകാർ തുടരണം. ചെലവ്‌ ക്ഷേത്രം വഹിക്കണം. ഇതുവരെ സുരക്ഷയുടെ ചിലവ് വഹിച്ചിരുന്നത് കേരള സർക്കാരായിരുന്നു. 10 കോടിയിലതികം തുക, സർക്കാർ ഈ ക്ഷേത്രത്തിന് വേണ്ടി ചിലവഴിച്ചിരുന്നു.
● കമ്മിറ്റികളിൽ അംഗങ്ങളായ രാജകുടുംബാംഗങ്ങൾക്ക്‌ പ്രതിഫലം ഉണ്ടാകില്ല.

കടപ്പാട്