ഗുരുവായൂർ ദേവസ്വം ബോർഡ് CMDRF ലേക്ക് അ സംഭാവന നൽകിയത് മുതൽ, ദേവസ്വം ബോർഡിൻറെയും അമ്പലങ്ങളുടെയും പണം സർക്കാർഏറ്റെടുക്കുന്നു എന്ന പഴങ്കഥകളുമായി വീണ്ടും ചിലർ ഇറങ്ങിയിട്ടുണ്ട്. അതിന്റെ വസ്തുതകളെക്കുറിച്ചാണ് ഈ പോസ്റ്റ്.
അമ്പലങ്ങളുടെ പണം സർക്കാർ ഏറ്റെടുത്ത് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ?
അമ്പലങ്ങളുടെയും ദേവസ്വം ബോർഡിന്റെയും പണം സർക്കാർ ഖജനാവിലേക്ക് മാറ്റുകയോ മറ്റാവശ്യങൾക്ക് ചെലവഴിക്കുന്നതോ ഇല്ല എന്ന് മാത്രമല്ല, പൊതു ഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപാ മാറി മാറി വരുന്ന സർക്കാരുകൾ അമ്പലങ്ങൾക്കും ദേവസ്വം ബോർഡിനും വേണ്ടി ചിലവഴിക്കുന്നുമുണ്ട്.
2017 - 18 ലെ കണക്കനുസരിച്ച് കേരളത്തിലെ 1188 ക്ഷേത്രങ്ങൾ പ്രവർത്തിക്കുന്നത്, സർക്കാരിന്റെകൂടി സഹായം സ്വീകരിച്ചാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലുള്ള 1249 ക്ഷേത്രങ്ങളിൽ, ചെലവിനേക്കാൾ കൂടുതൽ വരുമാനം ലഭിക്കുന്നത് വെറും 61 ക്ഷേത്രങ്ങളിൽ മാത്രമാണ്. ഈ കാലയളവിൽ (2017 - 18) പൊതു ഖജനാവിൽ നിന്നും ദേവസ്വം ബോർഡുകൾക്കായി 70 കോടി രൂപായാണ് നൽകിയത്. അതായത്, പൊതു ഖജനാവിൽ നിന്നും പണം അനുവദിച്ചില്ലെങ്കിൽ, ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളിലും പൂജയും മറ്റും നടക്കില്ല എന്ന് സാരം.
2019 വരെ മലബാർ ദേവസ്വം ബോർഡിന് ഈ സർക്കാർ 120.48 കോടി രൂപാ ഗ്രാന്റായി അനുവദിച്ചു.
Image credit: asiavillenews
Image credit: asiavillenews
Image credit: asiavillenews
2015 ൽ, കേരള സർക്കാർ നിയമസഭയിൽ വെച്ച രേഖകൾ പ്രകാരം, ആ സർക്കാർ വിവിധ ക്ഷേത്രങ്ങൾക്കായി:-
തിരുവിതാംകൂർ ദേവസ്വം ബോഡിന് : 106.3 കോടി
കൊച്ചി ദേവസ്വം ബോർഡിന് : 2 കോടി
മലബാർ ദേവസ്വം ബോർഡിന് : 60.31 കോടി
രൂപാ പൊതു ഖജനാവിൽ നിന്നും ചെലവഴിച്ചിട്ടുണ്ട്. കൂടാതെ ശ്രീപത്മ സ്വാമീ ക്ഷേത്രത്തിന്റെ സുരക്ഷക്കായി 62.18 കോടി രൂപയും കൂടൽമാണിക്യം ദേവസ്വത്തിന് വേണ്ടി 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
ആറ്റുകൽ ഉത്സവവുമായി ബന്ധപ്പെട്ട ക്രമീകരണകൾക്കും സുരക്ഷക്കുമായി കോടിക്കണക്കിന് രൂപയാണ് സർക്കാരുകൾ ചെലവഴിക്കുന്നത്.
കൂടാതെ, ഈ കോവിഡ് കാലത്ത് മലബാർ ദേവസ്വം ബോഡിന്റെ കീഴിലുള്ള ജീവനക്കാർക്ക് അടിയന്തിര സഹായം വിതരണം ചെയ്തു.
മാനേജ്മെന്റ് ഫണ്ടില്‍ നിന്നും ശമ്പളത്തിന് അര്‍ഹതയുള്ള ക്ഷേത്രജീവനക്കാര്‍ക്ക് 10,000 രൂപ വീതമാണ് അടിയന്തിര ധനസഹായം അനുവദിച്ചത്. ഇതിനായി കാസര്‍കോട് ഡിവിഷന് 90 ലക്ഷം രൂപയും തലശ്ശേരി ഡിവിഷന് 80 ലക്ഷം രൂപയും കോഴിക്കോട്, മലപ്പുറം, പാലക്കാട് ഡിവിഷനുകള്‍ക്ക് 50 ലക്ഷം രൂപ വീതവുമായി ആകെ 3 കോടി 20 ലക്ഷം രൂപ ഇതിനായി വിനിയോഗിച്ചു. ഇത് കൂടാതെ ബോര്‍ഡിനു കീഴിലെ ബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ഷേമനിധിയില്‍ അംഗത്വമുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും, ക്ഷേത്ര ഫണ്ടിന്റെ അപര്യാപ്തത മൂലം അതത് ക്ഷേത്രങ്ങളില്‍ നിന്ന് ശമ്പളം ലഭിക്കാത്ത എ ഗ്രേഡ് ക്ഷേത്ര ജീവനക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ക്കും പ്രത്യേക ആശ്വാസ ധനസഹായമായി ‘മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ ക്ഷേമനിധി’ മുഖേന 2500 രൂപ വീതം അനുവദിച്ചു. 4000 അംഗങ്ങള്‍ക്കായി ഒരു കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.
ജീവനക്കാര്‍ കൂടാതെ മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ധനസഹായം കൈപ്പറ്റി വരുന്ന ഉത്തര മലബാറിലെ കാവുകളുമായി ബന്ധപെട്ട ആചാരസ്ഥാനികര്‍, കോലധാരികള്‍, അന്തിത്തിരിയന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മൂന്ന് മാസത്തേക്കുള്ള ഒറ്റത്തവണ അടിയന്തിര ധനസഹായമായി 3600 രൂപ വീതം ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നും നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. ഈ ഇനത്തില്‍ 2208 പേര്‍ക്കായി 79.48 ലക്ഷം രൂപ വിനിയോഗിച്ചു.
ദേവസ്വം ബോർഡുകളുടെ പണം എവിടെയാണ് സൂക്ഷിക്കുന്നത് ? സുരക്ഷിതമാണോ? സുതാര്യമാണോ?
അമ്പലങ്ങളുടെ പണം സർക്കാർ ട്രഷറികളിലാണ് സൂക്ഷിക്കുന്നത് എന്ന വാദം തെറ്റാണ്. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളുടെ വരുമാനം അതാത് ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ബാങ്ക് അകൗണ്ടുകളിലും മലബാർ ദേവസ്വം ബോർഡ്, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളിലെ വരുമാനങ്ങൾ അതാത് ക്ഷേത്രങ്ങളുടെ അകൗണ്ടിലുമാണ് നിക്ഷേപിക്കുന്നത്.
ദേവസ്വം ബോർഡിന്റെ വരവ് ചിലവ് കണക്കുകൾ പരിശോദിക്കുന്നത്, കേരള സർക്കാരോ ദേവസ്വം ബോർഡ് അംഗങ്ങളോ അല്ല. മറിച്ച് ബഹു. ഹൈക്കോടതിയുടെ നേതൃത്ത്വത്തിൽ CAG (കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ) യും കേരള ഓഡിറ്റ് വകുപ്പും ചേർന്നാണ്. മാത്രമല്ല, ഈ കണക്കുകൾ ഹൈക്കോടതിയിലും സുപ്രീം കോടതിയും സമർപ്പിക്കുന്നുമുണ്ട്. ഒരു നിശ്ചിത തുകയിൽ കൂടുതൽ ദേവസ്വം ഫണ്ടിൽ നിന്നും ഉപയോഗിക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുവാദവും ആവശ്യമുണ്ട്.
ദേവസ്വം ബോർഡിനെ തിരഞ്ഞെടുക്കുന്നതെങ്ങനെ? അതിന്റെ അധികാരങ്ങൾ എന്തെക്കെ?
ദേവസ്വം ബോർഡ് എന്നത് ഭരണഘടനാ സ്ഥാപനമാണ്. നിയമസഭയിലെ എല്ലാ ഹിന്ദു MLA മാർ ചേർന്നാണ് ദേവസ്വം ബോർഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഒരിക്കൽ തെരഞ്ഞെടുത്താൽ, ആ ദേവസ്വം ബോർഡിനെ പിരിച്ചുവിടാൻ സർക്കാരിന് അധികാരമില്ല. അതിനുള്ള അധികാരം ഹൈകോടതിയിൽ നിക്ഷിപ്തമാണ്. ദേവസ്വം ബോർഡ് ചെയ്യേണ്ടത് തന്ത്രി നിർദ്ദേശിച്ചിട്ടുള്ള പൂജകൾ മുടക്കം ഇല്ലാതെ നടത്തുക, വരുമാനം കണക്കുകൾ സൂക്ഷിച്ച് ബാങ്കിൽ നിക്ഷേപിക്കുക, ക്ഷേത്രത്തിനു സംരക്ഷണം നൽകുക മുതലായവയാണ്.
ദേവസ്വം ബോർഡ് അംഗങ്ങളുടെ ശബളം
ദേവസ്വം ബോർഡ് അംഗങ്ങളുടെ ശമ്പളം പൊതു ഖജനാവിൽ നിന്നുമാണ് നൽകുന്നത്. അതിനെ “കൺസോളിഡേഷൻ ഫണ്ട് ” എന്നാണു പറയുന്നത്.
ഇനി ഒരു കാര്യം കൂടി പറയാം. സർക്കാരിന് ദേവസ്വം ബോർഡിൽ നിന്നും പണം എടുക്കാൻ ഒരു വഴിയുണ്ട്. ലോണുകളായി വേണമെങ്കിൽ എടുക്കാം. അതിനും കുറച്ച് കടമ്പകളുണ്ട്.
- ഈ ലോണിന്, സാധാരണ മറ്റ് ലോണുകളേക്കാൾ പലിശ നിരക്ക് കൂടുതലാണ്. ആയതിനാൽ അപൂർവ്വങ്ങളിൽ അപൂർവ്വമായേ ഇത് ഉപയോഗിക്കാറുള്ളൂ.
- ഈ ലോൺ എടുക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുവാദം വേണം. ഹൈക്കോടതി അനുവദിക്കുന്ന കാലാവധിയിൽ തിരിച്ചടക്കുകയും വേണം.
- ഈ ലോൺ എടുക്കണമെങ്കിൽ ഹൈക്കോടതിയുടെ അനുവാദം വേണം. ഹൈക്കോടതി അനുവദിക്കുന്ന കാലാവധിയിൽ തിരിച്ചടക്കുകയും വേണം.
ദേവസ്വം ബോഡിന്റെ നടത്തിപ്പിലോ മറ്റു പ്രവർത്തനങ്ങളിലോ ആർക്കെങ്കിലും എന്തെങ്കിലും സംശയമോ പരാതിയോ ഉണ്ടെങ്കിൽ ഹൈക്കോടതിയെ നേരട്ട് സമീപിക്കാം. ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി മാത്രം ഹൈക്കോടതിയിൽ ഒരു ബെഞ്ച് ഉണ്ട് - ദേവസ്വം ബെഞ്ച്. രാജ്യത്തെ ഏതൊരു പൗരനും ദേവസ്വം ബെഞ്ചിനെ സമീപിക്കാം.
ഇതൊക്കെയാണ് വസ്തുത എന്നിരിക്കെ, ക്ഷേത്രങ്ങളുടെ വരുമാനം സർക്കാർ വക മാറ്റി ചെലവഴിക്കുന്നു എന്നുള്ള പ്രചരണം വസ്തുതാ വിരുദ്ധവും വർഗ്ഗീയ ചേരിതിരിവ് ലക്ഷ്യം വെച്ചുള്ളതുമാണ്.
അനീഷ് പന്തലാനി
22 - 05 - 2020
No comments:
Post a Comment