Pages

Dec 21, 2019

ഇന്ത്യൻ പൗരത്വ നിയമവും (CAA) ഇന്ത്യൻ ഭരണഘടനയും


രാജ്യം ഒരു വലിയ സമരത്തിലാണ്... ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ആ സമരത്തിന്റെ ആവശ്യം. ഇന്ത്യൻ ചരിത്രത്തിൽ, ഇത്തരമൊരു പ്രതിസന്ധി ഇതാദ്യമായാണ്.  ജനാധിപത്യത്തെയും ഭരണഘടനയെയും അട്ടിമറിക്കുന്ന ഭരണകൂടം ഒരു വശത്ത്, അതിനെതിരെ പ്രതികരിക്കുന്ന ഇന്ത്യൻ ജനത മറ്റൊരു വശത്ത്. രാജ്യത്തിന്റെ ചില ഭാഗങ്ങളിലും ഇന്റർനെറ്റ് വിച്ചേദിക്കപ്പെട്ടു, മറ്റ് പല ഭാഗങ്ങളിലും നിരോധനാജ്ഞയും. ഇത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തെ ആകെ ബാധിക്കുന്ന ഒന്നാണിത്. 1947 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, ഈ രാജ്യം അധികം നാൾ നിലനിൽക്കില്ല എന്നായിരുന്നു ഭൂരിപക്ഷം ലോക നേതാക്കൻമാരും പ്രവചിച്ചത്. കാരണം, അത്ര വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളും വൈവിധ്യമാർന്ന സംസ്ക്കാരങ്ങുളും ഉള്ള ചെറു രാജ്യങ്ങളും ചേർന്ന് ഉണ്ടായതായിരുന്നു, ഇന്ത്യ. എന്നാൽ ആ ഇന്ത്യയെ ഇത്രയും വർഷം ഒരു രാഷ്ട്രമായി പിടിച്ചു നിർത്തിയത്, ഇന്ത്യയുടെ മതേതര മൂല്യവും ഡോ. അംബേക്കറിന്റെ നേതൃത്വത്തിൽ രൂപം കൊടുത്ത ഇന്ത്യൻ ഭരണഘടനയുമാണ്. അവ രണ്ടുമാണ് ഇപ്പോൾ തകർക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 

ഇന്ത്യൻ പൗരത്വ നിയമത്തിന്റെ ചരിത്രം.


1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു.  Article 5 മുതൽ 11 വരെ പൗരത്വത്തെക്കുറിച്ച് നിർവ്വചിക്കുന്നു.

1955 ൽ ഇന്ത്യൻ പൗരത്വം ആക്ട് നിലവിൽ വന്നു. അത്പ്രകാരം, 1950 ജനുവരി 26 ന്  മുൻപോ ആ തീയതിയിലോ ജനിച്ചവർക്ക്, ജാതി, മത, വർഗ്ഗ, ലിംഗ, ജനന സ്ഥല ഭേദമെന്യേ ഏവർക്കും ഇന്ത്യൻ പൗരത്വം നൽകി. അതിന് ശേഷം 1986ലാണ് ആദ്യ ഭേദഗതി വന്നത്. അതിൻ പ്രകാരം 1950 ജനു. 26 ന് ശേഷവും 1987 ജൂലൈ ഒന്നാം തീയതിക്ക് മുൻപും ജനിച്ചവർക്ക്, ഇന്ത്യൻ പൗരനായി തുടരാം. പിന്നീട് ഭേദഗതി വരുന്നത് 2003ലാണ്. ഇതിൻ പ്രകാരം 1987 ന് ശേഷം ജനിച്ചവർക്കും ഇന്ത്യൻ പൗരൻമാരായി തുടരാം. പക്ഷേ, ഒരു നിബന്ധന നിഷ്കർഷിച്ചിരുന്നു :- 2003 ൽ ഇന്ത്യൻ പൗരനായി തീരണമെങ്കിൽ, ആ വ്യക്തിയുടെ ഏതെങ്കിലും രക്ഷകർത്താവ് ഇന്ത്യൻ പൗരനായിരിക്കണം. പിന്നീട്, 2004ൽ  വന്ന ഭേദഗതിയിൽ 2 ഉപാധികളാണ് ഇന്ത്യൻ പൗരനാകാൻ ഉണ്ടായിരുന്നത്.
1. ഇന്ത്യയിൽ തന്നെ ജനിക്കുക, ഒപ്പം തന്നെ ഇന്ത്യൻ പൗരന്റെ മകനോ മകളോ ആയി ജനിക്കുക.
2. രണ്ടാമത്തെ രക്ഷകർത്താവ് അനധികൃത കുടിയേറ്റക്കാരനോ അനധികൃത കുടിയേറ്റക്കാരിയോ ആകാതിരിക്കുക.

ഈ ഭേദഗതിയോടെ നിരവധി ആളുകൾക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെട്ടു. 1920 ലെ പാസ്പോർട്ട് ആക്ട് പ്രകാരവും 1946 ലെ വിദേശ നിയമപ്രകാരവും അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി എടുത്ത്, അവരെ detention camp കളിൽ പാർപ്പിച്ചു.  അവർക്ക് 2015 സെപ് 7-ാം തീയതി ഒരു ഇളവ് നൽകുകയും ബംഗ്ലാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും (അഫ്ഗാനിസ്ഥാൻ ഉണ്ടായിരുന്നില്ല) മത പീഡനങ്ങളാൽ, ഇന്ത്യയിൽ കുടിയേറിയവർക്ക് ശിക്ഷാവിധികളെ നേരിടേണ്ടതില്ല എന്നതായിരുന്നു ആ ഇളവ്. എന്നാൽ അവർക്ക് പൗരത്വം നൽകിയിരുന്നുമില്ല. 
2019 ഡിസംബർ 12നു വന്ന പൗരത്വ ഭേദഗതി ആക്ട് പ്രകാരം, ബംഗ്ലാദേശിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും ഒപ്പം അഫ്ഗാനിസ്ഥാനിൽ നിന്നും ഉള്ള മുസ്ലിം ഇതര അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം എന്നത് ഒരു പ്രധാന മാനദണ്ഡമായി മാറി. അവിടെ മതം ഒരു ഘടകമായി മാറി.

NRC യും പൗരത്വ ഭേദഗതി ബില്ലും


അമിത് ഷാ പറഞ്ഞത് ഇവ രണ്ടും തമ്മിൽ ബന്ധമില്ല എന്നാണ്, എന്നാൽ എന്താണ് വാസ്തവം?

1979 മുതൽ 1985 വരെ ആസാം മൂവ്മെന്റിനെക്കുറിച്ചും ആസാം കരാറിനെക്കുറിച്ചും ഒന്ന് നോക്കാം. ആസാമിലുള്ള അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കണമെന്ന് ഉന്നയിച്ചു കൊണ്ടുള്ള പ്രക്ഷോഭമായിരുന്നു, അത്. അതിന്റെ ഫലമായി 1985, ആഗസ്റ്റ് 15 ന് ആസാം കരാർ പ്രഖ്യാപിച്ചു. 2009 ൽ, സുപ്രിം കോടതി ആസാമിൽ മാത്രമായി പൗരത്വ പട്ടിക തയ്യാറാക്കുവാൻ നിർദ്ദേശിച്ചു. 2019 ൽ പൗരത്വ പട്ടിക തയ്യാറാക്കിയപ്പോൾ 19 ലക്ഷം ആളുകൾ പൗരത്വ പട്ടികയിൽ നിന്നും പുറത്താവുകയും അതിൽ 10 മുതൽ 14 ലക്ഷം വരെ ആളുകൾ ഹിന്ദു സമുദായത്തിൽ പെട്ടവരുമായിരുന്നു.  ഹിന്ദു രാഷ്ട്രമെന്ന പ്രഖ്യാപിതനയമുള്ള സംഘപരിവാറിന്, പട്ടികയിൽ നിന്നും ഹിന്ദു ഇതര മതസ്ഥര പുറത്താക്കുവാനും പൗരത്വ പട്ടികയി നിന്നും പുറത്താക്കപ്പെട്ട ഹിന്ദുക്കൾക്ക് പൗരത്വം നൽകാനുംവേണ്ടി കൊണ്ടുവന്ന മാർഗ്ഗമാണ് ഇപ്പോഴത്തെ CAA. അപ്പോൾ CAA നടപ്പാക്കണമെങ്കിൽ ഒരു NRC ആവശ്യമാണ്‌. NRC ഇല്ലാതെ CAA നടപ്പാക്കാനും ആവില്ല.

CAA യും ഇന്ത്യൻ ഭരണഘടനയും


നമ്മൾ ജീവിക്കുന്നത് ഇന്ത്യയിലാണ്, ഇന്ത്യയെ നിർവ്വചിക്കുന്നത് ഇന്ത്യൻ ഭരണഘടനയും. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനം മതേതരത്വവുമാണ്.
CAA, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ന്റെ നഗ്നമായ ലംഘനമാണ്. 

ആർട്ടിക്കിൾ 14 ൽ പറയുന്നു,

''മതത്തിന്റെയോ വംശത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ ജനിച്ച സ്ഥലത്തിന്റെയോ അടിസ്ഥാനത്തിൽ വിവേചനം കാണിക്കാതെ, ഇന്ത്യൻ അതിർത്തിക്കുള്ളിലുള്ള ഏതൊരാൾക്കും നിയമത്തിന്റെ മുന്നിൽ തുല്യതയും നിയമം അനുശാസിക്കുന്ന തുല്യമായ പരിരക്ഷയും നൽകണം''
"The State shall not deny to any person equality before the law or the equal protection of the law within the territory of India."

CAAപ്രകാരം, 2014 ഡിസംബർ മാസം 31 ന് മുൻപ് ഇന്ത്യയിൽ കുടിയേറിയിട്ടുള്ള വ്യക്തികളിൽ മുസ്ലിംങ്ങൾ ഒഴികെയുള്ള എല്ലാവർരും ഇന്ത്യൻ പൗരത്വത്തിന് അർഹരാണ്. മതത്തിന്റെ പേരിൽ മുസ്ലിം ജനവിഭാഗത്തിന് മാത്രം പൗരത്വം നിക്ഷേധിക്കുന്നത് ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ/ അനുഛേദം 14 ന്റെ പച്ചയായ ലംഘനമാണ്.

കൂടാതെ, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ, ശ്രീലങ്ക തുടങ്ങിയ മറ്റ് അതിർത്തി രാജ്യങ്ങൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ബംഗ്ലാദേശും പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും മാത്രം തിരഞ്ഞെടുത്തു? എന്തുകൊണ്ട് അമുസ്ലിം ജനവിഭാഗത്തെ മാത്രം തിരഞ്ഞെടുത്തു? ഇതൊക്കെ നമ്മുടെ ഭരണഘടനയുടെ ലംഘനം തന്നെയാണ്. 

ILP: Inner Line Permit


അനേകം നാട്ടുരാജ്യങ്ങളെ ഒന്നിച്ച് കൂട്ടി ഇന്ത്യ എന്ന ഒറ്റ രാജ്യമാക്കിയത്, സർദാർ വല്ലഭായി പട്ടേലും നെഹ്റുവുമായിരുന്നു. എന്നാൽ ഇന്ന്, അമിത് ഷായും മോഡിയും ഇന്ത്യയെ വീണ്ടും വിഭജിക്കുന്നു. മണിപ്പുരിന് കഴിഞ്ഞ ആഴ്ചയാണ് ILP പദവി നൽകിയത്. പുതിയ പൗരത്വ ഭേദഗതിമൂലം വരുന്ന ആളുകൾ, മണിപ്പൂരിൽ വരരുത് എന്നായിരുന്നു അവരുടെ ആവശ്യം. അത് അമിത് ഷാ സമ്മതിക്കുകയും നമ്മുടെ പ്രസിഡന്റ് അതിൽ ഒപ്പുവെയ്ക്കുകയും ചെയ്തു.

ILP എന്നാൽ, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ആളുകൾക്ക്, ILP പദവിയുള്ള സംസ്ഥാനത്ത് പോകണമെങ്കിൽ മുൻകൂർ പെർമിറ്റ് എടുക്കണമെന്നും മറ്റ് സംസ്ഥാനക്കാർക്ക്, അവിടെ ജോലി ചെയ്യുവാനോ സ്ഥലം വാങ്ങുവാനോ സാധിക്കില്ല എന്നതുമാണ്.  അതായത്, ഒരു internal visa process. ത്രിപുരയും ആസ്സാമും അടക്കം മറ്റ് പല സംസ്ഥാനങ്ങളും ILP ആവശ്യപെട്ടിട്ടുമുണ്ട്. അതായത്, ഇന്ത്യ എന്ന ഒറ്റ രാജ്യത്തെ പലതായി വിഭജിച്ച് പരസ്പര സഹകരണമില്ലാതെ മറ്റുവാനുള്ള ശ്രമവും നടക്കുന്നുണ്ട് എന്ന് വ്യക്തം.

മനുസ്മൃതിയെ ആധാരമാക്കി പ്രവർത്തിക്കുന്ന ഫാസിസ്റ്റ് BJP സർക്കാർ, ഇപ്പോൾ ലക്ഷ്യം വെയ്ക്കുന്നത്, മുസ്ലിം സമുദായത്തെയാണെങ്കിലും, ഇനി മറ്റിതര സമുദായങ്ങളെയും ലക്ഷ്യം വെയ്ക്കും. മതം കഴിയുമ്പോൾ ജാതിയിലേക്കും.  ജർമ്മനിയിൽ ഹിറ്റ്ലർ, 60 ലക്ഷം ജ്യൂയിഷ് വംശജരെ കൊന്നൊടുക്കിയതിനെ പ്രശംസിക്കുകയും അതേ മാർഗ്ഗം ഇന്ത്യയിൽ നടപ്പിലാക്കണമെന്നും പറഞ്ഞ ഗോൾവാൾക്കറിന്റെ പിന്തുടർച്ചക്കാരായ മോഡിയിൽ നിന്നും അമിത് ഷായിൽ നിന്നും ഇതേ പ്രതീക്ഷിക്കാൻ സാധിക്കൂ.

ജാതി മത രാഷ്ട്രിയ ലിംഗ സ്ഥലഭേദമെന്യേ, എല്ലാവരും ഒന്നാണ് എന്നതും ഏവർക്കും ഒറ്റ നീതി എന്നതും ഉയർത്തിപ്പിടിക്കുന്ന നമ്മുടെ രാജ്യത്തെ, എന്നും ഒരു മതേതര രാജ്യമായി നിലനിർത്താൻ, നമുക്ക് ജാഗരൂകരായിരിക്കാം.

- അനീഷ് പന്തലാനി

1 comment: