Pages

Mar 23, 2018

ഊതി പുകക്കുന്ന കീഴാറ്റൂർ...!

കമ്യൂണിസ്റ്റുകാർ, മറ്റൊരു നന്ദിഗ്രാമാക്കാൻ ശ്രമിക്കുന്ന കീഴാറ്റൂർ...!!!
കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ മീഡിയയിൽ ഇതാണ് ട്രന്റ്. എന്താണ് കീഴാറ്റൂർ പ്രശ്നം? ശരിക്കും ഈ ഇടതുപക്ഷ ഗവൺമെന്റ് പ്രകൃതി വിരുദ്ധ, കർഷക വിരുദ്ധ നയങ്ങളാണോ സ്വീകരിക്കുന്നത്? നമുക്കൊന്ന് പരിശോദിക്കാം.

LDF സർക്കാർ അധികാരത്തിൽ വന്നതിനുശേഷം, ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്, കാർഷിക രംഗത്തിനും പ്രകൃതിസംരക്ഷണത്തിനും തന്നെയാണ് എന്നതാണ് വസ്തുത. തരിശായിക്കിടന്ന 34000 ഏക്കർ കരഭൂമിയിൽ ഇപ്പോൾ നെൽകൃഷി ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ സർക്കാർ മണ്ണിട്ട് മൂടിയ ആറമ്മുളയിൽ നെൽകൃഷി നടത്തിയത് നാമെല്ലാം കണ്ടതാണ്. ഹരിത കേരളമിഷൻ, നവകേരള മിഷൻ തുടങ്ങിയ വിപ്ലവാത്മകമായ പദ്ധതികൾ ആരംഭിക്കുകയും നടപ്പിലാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഈ ഇടതുപക്ഷ സർക്കാർ. കഴിഞ്ഞ ഒന്നര വർഷത്തെ നവകേരള മിഷൻ നടത്തിയ പ്രവർത്തനങ്ങളിൽ ചിലവ,

1194 ഏക്കർ തരിശുഭൂമിയിൽ പച്ചക്കറി കൃഷി
1391 K.M തോടുകൾ പുനരുജ്ജീവിപ്പിച്ചു.
3900 കുളങ്ങളുടെ നവീകരണം
10399 കിണറുകളുടെ നിർമ്മാണം.
147239 ഏക്കർ വൃഷ്ടി പ്രദേശങ്ങളുടെ പരിപാലനം
തോടുകൾ 2466 KM വൃത്തിയാക്കി.
കനാലുകൾ 1480 KM ശുചിയാക്കി
16665 കിണറുകളുടെ റീച്ചാർജ്ജിങ്ങ്.
..... ഇങ്ങനെ പോകുന്നു ആ നീണ്ട ലിസ്റ്റ്.

ഇനി നമുക്ക് കീഴാറ്റൂരിലേക്ക് വരാം.

റോഡുകളുടെ വികസനം നാടിന് ആവശ്യം തന്നെയാണ്. ജനങ്ങളെ അധികം ബുദ്ധിമുട്ടിക്കാതെ, കുടിയൊഴിപ്പിക്കാതെ ജനനിബിഡമായ പ്രദേശങ്ങളെ ഒഴിവാക്കിയും അതോടൊപ്പം പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കാത്ത രീതിയിൽ അത് നടപ്പിലാക്കുക എന്നതാണ് ഒരു ജനകീയ സർക്കാരിന് ചെയ്യുവാൻ സാധിക്കുക. പരിസ്ഥിതിയുടെ പേരിൽ, വികസന പ്രവർത്തനങ്ങളെ തടയുന്നതും വികസനത്തിന്റെ പേരിൽ പരിസ്ഥിതിക്ക്  വൻ ആഘാതമുണ്ടാക്കുന്നതിനെയും ഒരു ജനപക്ഷ  ഭരണകൂടത്തിന് അംഗീകരിക്കുവാൻ സാധ്യമല്ല.

NH 17ന്റ വികസനവുമായി ബന്ധപ്പെട്ട്, സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും ബൈപാസുകൾ നിർമ്മിക്കേണ്ടതായി ഉണ്ട്. അത്തരമൊരു ബൈപാസ് നിർമാണുമായി ബന്ധപ്പെട്ട് കീഴാറ്റൂർ പ്രദേശത്തുണ്ടായ സംഭവ വികാസങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ആധാരം. ദേശിയപാതാ അധികൃതർ തളിപ്പറമ്പ് ഭാഗത്തെ ജനവാസ പ്രദേശങ്ങളെ ഒഴിവാക്കി, കുപ്പം - കീഴാറ്റൂർ - കുതോട് - കുറ്റിക്കോൽ പ്രദേശത്തുകൂടി ബൈപാസ് നിർമ്മിക്കാനാണ് തീരുമാനിച്ചത്. ശ്രദ്ധിക്കുക, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള NHA (National Highway Authority) ആണ് ബൈപ്പാസിന്റ അലൈമെന്റ് നിശ്ചയിക്കുന്നത്. പ്രദേശവാസികൾക്ക് പ്രയാസം പരമാവധി കുറക്കുവാനും സ്ഥലം വിട്ടുനൽകുന്നവർക്ക് മതിയായ നഷ്ട പരിഹാരം നൽകയും ചെയ്യുക എന്നതായിരുന്നു സംസ്ഥാന സർക്കാരിന്റെ നയം. സെന്റിന് 3 മുതൽ 4 ലക്ഷം വരെ തുകയാണ് അവിടെ നഷ്ടപരിഹാരമായി നൽകിയത്.

ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ പ്രതിഷേധം ഈ ബൈപാസ് കടന്നു പോകുന്ന, വെറും 900 മീറ്റർ ദൂരത്താണ്. ഈ 900 മീറ്റർ എന്നത് ഏകദേശം 11 ഏക്കർ വയൽഭൂമിയാണ്. ഈ 11 ഏക്കർ ഭൂമിയുടെ ഉടമസ്ഥർ 60 പ്രദേശവാസികളാണ്. ഈ 60 ഉടമസ്ഥരിൽ 56 പേരും ഭൂമി കൈമാറുവാൻ സമ്മതപത്രം കളക്റ്റർക്ക് കൊടുത്തവരാണ്. ബാക്കിയുള്ള 4 ആളുകളാണ് ആക്ഷേപവുമായി രംഗത്തുള്ളത്. അവരുടെ ആശങ്കകളും രമ്യമായി പരിഹരിക്കുവാനുള്ള ശ്രമങ്ങൾക്കിടയിലാണ്, ചില ബാഹ്യശക്തികളുടെ പ്രേരണപ്രകാരം ഇപ്പോർ നടക്കുന്ന പ്രതിക്ഷേധ സംഭവങ്ങൾ അരങ്ങേറുന്നത്. ഈ സമരങ്ങൾ നടക്കുന്നതോ, കീഴാറ്റൂർ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ ഭൂമി അനധികൃതമായി കൈയ്യേറിയും. ഈ സമരത്തിന്റെ മറവിൽ RSS കാർ നടത്താൻ ശ്രമിച്ച ചില വധശ്രമങ്ങയുടെ കഥയും നാട്ടിൽ ഇപ്പോൾ പാട്ടാണ്.

അടിക്കുറിപ്പ്:  കഴിഞ്ഞ സർക്കാർ, ഏകദേശം ഉപേക്ഷിച്ചിരുന്ന ഗെയിൽ പാചകവാതക പൈപ്പ് പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ  ഏവരും ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. കേവലം  ഒന്നര വർഷത്തെ ഈ ഇടതു സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമായി,  ഏറക്കുറേ മുഴുവൻ സ്ഥലവും ഏറ്റെടുത്ത് കഴിഞ്ഞു; പൈപ്പിടലും അതിന്റെ അവസാന ഘട്ടത്തിലാണ്.

-അ.പ

No comments:

Post a Comment