Aug 15, 2012

കേന്ദ്രസഹായവും എണ്ണക്കമ്പനികള് ധൂര്ത്തടിച്ചു; നഷ്ടക്കണക്കിലെ കള്ളി വെളിച്ചത്തായി


Source : Mangalam News Paper (15th August, 2012)

നഷ്ടക്കണക്കു നിരത്തുന്ന പൊതുമേഖലാ എണ്ണക്കമ്പനികളെ സഹായിക്കാന് നഷ്ടപരിഹാരമായും ബോണ്ടായും കേന്ദ്രസര്ക്കാര് നല്കിയ ശതകോടികളില് നല്ലൊരു ഭാഗം ധൂര്ത്തടിച്ചു. ഇതേത്തുടര്ന്നു നഷ്ടക്കണക്കു പരിശോധിച്ചു പുനര്നിര്ണയിക്കാന് കേന്ദ്രധനമന്ത്രാലയത്തിന്റെ നീക്കം. നഷ്ടം ഊതിപ്പെരുപ്പിക്കുന്നത് അടക്കമുള്ള വഴിവിട്ട സാമ്പത്തിക ഇടപാടുകളേക്കുറിച്ച് അന്വേഷിക്കാനുള്ള തീരുമാനം എണ്ണക്കമ്പനികളെ വെട്ടിലാക്കും.

അണ്ടര് റിക്കവറി എന്ന പേരില് എണ്ണക്കമ്പനികള് നിരത്തുന്ന കണക്ക് കമ്പനിയുടെ യഥാര് നഷ്ടമല്ലെന്നു പൊതുസമൂഹം മുറവിളി കൂട്ടിയിട്ടും സര്ക്കാര് ഇതു പരിശോധിക്കാന് തയാറായിരുന്നില്ല. 'നഷ്ടം' നികത്താന് കമ്പനികള്ക്കു നല്കുന്ന സഹായം 'കടലില് കായം' കലക്കുന്നതു പോലെയായ സാഹചര്യത്തിലാണു കേന്ദ്രത്തിനു വീണ്ടുവിചാരമുണ്ടായത്. ഇന്ത്യന് ഓയില്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന് പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള് നടപ്പു സാമ്പത്തികവര്ഷം രണ്ടുലക്ഷം കോടി രൂപയുടെ നഷ്(അണ്ടര് റിക്കവറി)മാണു പ്രവചിച്ചിരിക്കുന്നത്. ഡീസല്, പാചകവാതകം, മണ്ണെണ്ണ എന്നിവ സബ്സിഡി നിരക്കില് വില്ക്കുന്നതുകൊണ്ടാണ് വരുമാനക്കുറവ്. ഇന്ത്യയുടെ വാര്ഷിക പ്രതിരോധ വിഹിതത്തേക്കാള് കുടുതലാണ് തുക. ഏതാനും വര്ഷമായി ഇങ്ങനെയായിരുന്നു കണക്കുകള്. ജൂണ് വരെയുള്ള ഒന്നാം പാദത്തിലും നഷ്ടക്കണക്കു നിരത്തിയതോടെയാണു ധനമന്ത്രാലയം കള്ളക്കളിക്കു കടിഞ്ഞാണിടാന് തീരുമാനിച്ചത്.

ഇന്ധനവില കൂട്ടാന് കമ്പനികള് സമ്മര്ദം ശക്തമാക്കുമ്പോള് വന് തുക കേന്ദ്രം നഷ്ടപരിഹാരം നല്കുകയാണു പതിവ്. യഥാര് കണക്കാണു കാണിക്കുന്നതെങ്കില് ഇത്രയും ഭീമമായ തുക നല്കേണ്ടിവരില്ല.

അണ്ടര് റിക്കവറി എന്ന പേരില് ഇല്ലാത്ത നഷ്ടം കാണിക്കുന്ന എണ്ണക്കമ്പനികളെല്ലാം യഥാര്ഥത്തില് ലാഭത്തിലാണ്. കമ്പനികളുടെ ബാലന്സ് ഷീറ്റില് (ബാക്കി പത്രം) ഇതു വ്യക്തമാണ്. വര്ഷങ്ങളിലായി ലാഭം കുറഞ്ഞുവരുകയാണെന്നു മാത്രം. ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന് ഓയിലിന് 2011-'12 ല് എല്ലാ നികുതിയും കഴിഞ്ഞ് 3955 കോടി രൂപ ലാഭമുണ്ട്. തൊട്ടുമുന്പുള്ള വര്ഷം 7445 കോടിയായിരുന്നു ലാഭം.

കുട്ടപ്പന്റെ മനക്കണക്ക്

പെട്രോള് വില അടിക്കടി ഉയര്ന്നപ്പോള് എണ്ണക്കമ്പനികളുടെ തട്ടിപ്പിനെ പ്രതീകാത്മകമായി അവതരിപ്പിച്ചു കേരളത്തില് പ്രചരിച്ച എസ്.എം.എസ്. സന്ദേശമിങ്ങനെ:

''
കുട്ടപ്പന്റെ പീടികയില് ചായ വില അഞ്ചു രൂപ. ഇതേ ചായയ്ക്ക് അമേരിക്കയിലാണെങ്കില് അഞ്ചു ഡോളറാകും. ഇതറിഞ്ഞു കുട്ടപ്പന് കണക്കു കൂട്ടിയതിങ്ങനെ. അഞ്ചു ഡോളര് = 250 രൂപ. താന് ചായ വില്ക്കുന്നതോ വെറും അഞ്ചു രൂപയ്ക്ക്. അതായത് ഒരു ചായയുടെ നഷ്ടം 245 രൂപ! എങ്കില്പ്പിന്നെ ചായയ്ക്ക് നാളെ മുതല് 250 രൂപയാക്കിയിട്ടുതന്നെ കാര്യം.''

കുട്ടപ്പന്റെ കണക്കുപോലെയാണു രാജ്യാന്തര വിലയനുസരിച്ചു പെട്രോള് വില ഉയരുന്നതെന്നു സാരം. പെട്രോള് ലിറ്ററിനു മൂന്നു രൂപയിലധികം കൂട്ടണമെന്ന് ഇപ്പോള് കമ്പനികള് ആവശ്യപ്പെടുന്നതും കുട്ടപ്പന്റെ മനക്കണക്കു പോലെ തന്നെ